Word of God

പരിശുദ്ധ കന്യക മറിയത്തിന്റെ ജനനം സെപ്‌തംബർ 08 വചന വായന

ഒന്നാം വായന

മിക്കാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (5 : 2 – 5a)

(ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്ന സമയം…..)

കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ബേല്ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും; അവൻ പണ്ടേ, യുഗങ്ങൾക്കുമുൻപേ, ഉള്ളവനാണ്. അതിനാൽ, ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരിൽ അവശേഷിക്കുന്നവർ ഇസ്രായേൽജനത്തിലേക്കു മടങ്ങിവരും. കർത്താവിന്റെ ശക്തിയോടെ തൻ്റെ ദൈവമായ കർത്താവിന്റെ മഹത്ത്വത്തോടെ, അവൻ വന്ന് തൻ്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിർത്തിയോളം അവൻ പ്രതാപവാനാകയാൽ അവർ സുരക്‌ഷിതരായി വസിക്കും. അവൻ നമ്മുടെ സമാധാനമായി രിക്കും.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

അല്ലെങ്കിൽ

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (8 : 28-30)

(താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടന്നു വിളിച്ചു; വിളിച്ചവരെ നീതിമത്കരിച്ചു)

പ്രിയസഹോദരരേ, ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടന്നു സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടുന്നു മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇതു തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യ ജാതനാകുന്നതിനു വേണ്ടിയാണ്. താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടന്നു വിളിച്ചു; വിളിച്ചവരെ നീതിമത്കരിച്ചു; നീതിമത്കരിച്ചവരെ മഹത്ത്വപ്പെടുത്തി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (13 : 5, 6)

ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും.

ഞാൻ അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അങ്ങയുടെ രക്‌ഷയിൽ ആനന്ദം കൊള്ളും.

ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും.

ഞാൻ കർത്താവിനെ പാടി സ്തുതിക്കും; അവിടന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.

ഞാൻ കർത്താവിൽ അത്യധികം ആനന്ദിക്കും.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (Ps. 119: 135).

അല്ലേലൂയാ !
അല്ലേലൂയാ! പരിശുദ്ധയായ കന്യകമറിയമേ, അങ്ങു ഭാഗ്യവതിയും എല്ലാ സ്തുതിക്കും അർഹയുമാണ്; എന്തെന്നാൽ, നീതി സൂര്യനായ യേശുക്രിസ്‌തു അങ്ങിൽനിന്നു ജനിച്ചിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (1:1-16, 18-23)

(അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽനിന്നാണ്)

അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശു ക്രിസ്തു‌വിന്റെ വംശാവലിഗ്രന്ഥം. അബ്രാഹം ഇസഹാക്കിന്റെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെയും യാക്കോബ് യൂദായുടെയും സഹോദരൻമാരുടെയും പിതാവായിരുന്നു. താമാറിൽനിന്നു ജനിച്ച പേരെസിന്റെയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ് ഹെസ്‌റോന്റെയും ഹെസ്‌റോൻ ആരാമിന്റെയും പിതാവായിരുന്നു. ആരാം അമിനാദാബിന്റെയും അമിനാദാബ് നഹ്ഷോന്റെയും നഹ്ഷോൻ സൽമോന്റെയും പിതാവായിരുന്നു. സൽമോൻ റാഹാബിൽനിന്നു ജനിച്ച ബോവാസിന്റെയും ബോവാസ് റൂത്തിൽനിന്നു ജനിച്ച ഓബദിന്റെയും ഓബദ് ജസെയുടെയും ജസ്സെ ദാവീദ് രാജാവിന്റെയും പിതാവായിരുന്നു.

ദാവീദ് ഊറിയായുടെ ഭാര്യയിൽനിന്നു ജനിച്ച സോളമന്റെ പിതാവായിരുന്നു. സോളമൻ റഹോബോവാമിൻറെയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു. ആസാ യോസഫാത്തിന്റെയും യോസഫാത്ത് യോറാമിന്റെയും യോറാം ഓസിയായുടെയും ഓസിയാ യോഥാമിന്റെയും യോഥാം ആഹാസിന്റെയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്സെയുടെയും മനാസ്സെ ആമോസിന്റെയും ആമോസ് ജോസിയായുടെയും പിതാവായിരുന്നു. ബാബിലോൺ പ്രവാസകാലത്തു ജനിച്ച യാക്കോണിയായുടെയും സഹോദരൻമാരുടെയും പിതാവായിരുന്നു ജോസിയാ.

യാക്കോണിയാ ബാബിലോൺ പ്രവാസത്തിനുശേഷം ജനിച്ച സലാത്തിയേലിന്റെയും സലാത്തിയേൽ സൊറൊബാബേലിന്റെയും പിതാവായിരുന്നു. സൊറൊബാബേൽ അബിയൂദിന്റെയും അബിയൂദ് എലിയാക്കിമിന്റെയും എലിയാക്കിം ആസോറിൻ്റെയും ആസോർ സാദോക്കിന്റെയും സാദോക്ക് അക്കീമിന്റെയും അക്കീം എലിയൂദിന്റെയും എലിയൂദ് എലെയാസറിന്റെയും എലെയാസർ മഥാന്റെയും മഥാൻ യാക്കോബിന്റെയും പിതാവായിരുന്നു. യാക്കോബ് മറിയത്തിൻ്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽനിന്ന് ക്രിസ്തു‌ എന്നുവിളിക്കപ്പെടുന്ന യേശു ജനിച്ചു.

[യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു. അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കേ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യത്തിൽ ഉപേക്‌ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കേ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്‌ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽനിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്നു മോചിപ്പിക്കും. കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്ന് കർത്താവ് പ്രവാചകൻ മുഖേന അരുൾചെയ്‌തതു പൂർത്തിയാകാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.]

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

(ബ്രാക്കറ്റിലുള്ളത് ഹസ്വരൂപം)

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.