സ്വന്തം ലേഖകൻ
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്കെതിരെ ചില പേപ്പര്‍ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജ പ്രചരണങ്ങൾ അപലപനീയമാണെന്ന് നെയ്യാറ്റിന്‍കര ലത്തീൻ രൂപത. കഴിഞ്ഞ ദിവസങ്ങളില്‍ രൂപതാധ്യക്ഷനെതിരെയും മുന്‍ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസിനെതിരെയും നടത്തിയ പ്രചരണങ്ങള്‍ ഖേദകരമാണെന്നും രൂപത പ്രതികരിച്ചു.
ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങള്‍ വിവിധ ഉപജാതിയിൽ പെട്ടവരാണെന്ന യാഥാര്‍ഥ്യം മറച്ച് വച്ച് നെയ്യാറ്റിന്‍കര രൂപതയെ തെരെഞ്ഞ് പിടിച്ച് ആക്രമിക്കുന്നവരുടെ ലക്ഷ്യം നിഗൂഡമാണ്. ചില പേപ്പര്‍ സംഘടനകള്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ രൂപത തള്ളിക്കളയുന്നു. പരമ്പരാഗതമായി ലത്തീന്‍ കത്തോലിക്കാ വിശ്വാസികളാണ് നെയ്യാറ്റിന്‍കര രൂപതയിലുളളത്. അവരെ ജാതിമാറ്റമെന്ന വ്യാജ പ്രചരത്തിലൂടെ അവഹേളിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള ജനതക്കെതിരെ മതപരിവര്‍ത്തനം നടത്തുന്നു എന്നൊക്കെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി വര്‍ഗ്ഗീയവല്‍ക്കരണം നടത്തുന്നത് ചില സംഘടനകളുടെ അജണ്ടയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങള്‍ക്ക് റവന്യൂ അവകാശം ഉറപ്പാക്കാന്‍ ആവശ്യമായ രേഖകള്‍ റവന്യൂ അധികാരികളുടെ സഹായരേഖയായി എല്ലാ ലത്തീന്‍ രൂപതകളും നല്‍കാറുള്ളതു പോലെ നെയ്യാറ്റിന്‍കര രൂപതയും നല്‍കുന്നുണ്ട്. ലത്തീന്‍ കത്തോലിക്കനായ ഒരു വ്യക്തിയെ അയാള്‍ ലത്തീന്‍ കത്തോലിക്കനെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അവകാശം ഇപ്പോഴും രൂപതാധികാരികള്‍ക്ക് തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം നിലവിലുളളപ്പോള് രൂപതയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുളള ചിലരുടെ ഗൂഡശ്രമങ്ങള്‍ക്കെതിരെ ഒറ്റകെട്ടായി പ്രതിഷേധിക്കുമെന്നും നെയ്യാറ്റിന്‍കര രൂപത അറിയിച്ചു.




