ഫാ.ജിനോ വിജയൻ
മാറനല്ലൂർ: സെന്റ് ജോൺപോൾ II തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ദ്വിവത്സര ദൈവശാസ്ത്ര കറസ്പോണ്ടൻസ് കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണവും അഞ്ചാമത്തെ ബാച്ചിന്റെ ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു. 2025 ഓഗസ്റ്റ് 9 ന് മാറനല്ലൂർ സെന്റ് വിൻസന്റ്സ് സെമിനാരിയിൽവച്ചു നടന്ന പരിപാടി നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്ഘാടനം ചെയ്തു. ‘സാധാരണ മനുഷ്യന്റെ അസാധാരണ ദൈവാനുഭവമാണ് ദൈവശാസ്ത്രം’ എന്നും ഈ കോഴ്സിലൂടെ കടന്നു പോകുന്ന ഓരോരുത്തരും ദൈവാനുഭവം സ്വന്തമാക്കി നല്ല ദൈവശാസ്ത്രജ്ഞരാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മോൺ.വിൻസെന്റ് കെ. പീറ്റർ പറഞ്ഞു.
മൈനർ സെമിനാരി റെക്ടർ റവ.ഡോ.ക്രിസ്തുദാസ് തോംസൺ അധ്യക്ഷനായ പൊതുയോഗത്തിൽ ആലുവ സെമിനാരി പ്രൊഫസർ റവ.ഡോ.ജേക്കബ് പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. അലോഷ്യസ് സത്യനേശൻ, സുലജ എം.പി. എന്നിവർ യോഗത്തിൽ ആശംകസകളർപ്പിച്ച് സംസാരിച്ചു.
രണ്ടുവർഷത്തെ തിയോളജി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ഏഴുപേർക്ക് തിയോളജി ഡിപ്ലോമ സർട്ടിഫിക്കറ്റും കോഴ്സിന്റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധങ്ങളിൽ മികച്ചവയ്ക്ക് സമ്മാനങ്ങളും നൽകുകയുണ്ടായി.
നെയ്യാറ്റിൻകര രൂപത വൈദിക-സന്യസ്ത ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ 2020-ലാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആലുവയുടെ സഹകരണത്തോടെ ഫാ.സക്കറിയാസ് അക്കാദമി നടത്തുന്ന ദ്വിവത്സര ദൈവ ശാസ്ത്രപോണ്ടൻസ് കോഴ്സ് ആരംഭിച്ചത്.




