ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന് (52 : 7 – 10)
(ഭൂമിയുടെ അതിർത്തികളെല്ലാം നമ്മുടെ ദൈവത്തിൽനിന്നുള്ള രക്ഷ കാണും)
സദ്വാർത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്ഷയുടെ സന്ദേശം പ്രഘോഷിക്കുകയും സീയോനോട് ‘നിന്റെ ദൈവം ഭരിക്കുന്നു’വെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളിൽ എത്ര മനോഹരമാണ്! ശ്രദ്ധിക്കുക, നിന്റെ കാവല്ക്കാർ സ്വരമുയർത്തുന്നു; അവർ സന്തോഷത്തോടെ ഒരുമിച്ചുപാടുന്നു. കർത്താവ് സീയോനിലേക്കു തിരിയെ വരുന്നത് അവർ നേരിട്ടുകാണുന്നു. ജറുസലേമിലെ വിജനതകളേ, ആർത്തുപാടുവിൻ! കർത്താവ് തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു; ജറുസലേമിനെ മോചിപ്പിച്ചിരിക്കുന്നു. തന്റെ പരിശുദ്ധകരം എല്ലാ ജനതകളുടെയും മുമ്പിൽ ഉയർത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിർത്തികളും നമ്മുടെ ദൈവത്തിൽനിന്നുള്ള രക്ഷ കാണും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം (117 : 1, 2)
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സ്യഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
ജനതകളേ, കർത്താവിനെ സ്തുതിക്കുവിൻ; ജനപദങ്ങളേ, അവിടത്തെ പുകഴ്ത്തുവിൻ.
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സ്യഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ
നമ്മോടുള്ള അവിടത്തെ കാരുണ്യം ശക്തമാണ്. കർത്താവിൻെറ വിശ്വസ്തത എന്നേക്കും നിലനില്ക്കുന്നു. കർത്താവിനെ സ്തുതിക്കുവിൻ.
നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സ്യഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(9 : 16-19, 22-23)
(ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം!)
സഹോദരരേ, ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്കു ദുരിതം! ഞാൻ സ്വമനസാ ഇതു ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലമുണ്ട്. അങ്ങനെയല്ലെങ്കിൽ മറ്റാരുടെയോ നിയോഗമനുസരിച്ചാണു ചെയ്യുന്നത്. അപ്പോൾ എന്താണ് എന്റെ പ്രതിഫലം? സുവിശേഷം നല്കുന്ന അവകാശം പൂർണമായി ഉപയോഗിക്കാതെ, പ്രതിഫലമെന്നിയേ സുവിശേഷം പ്രസംഗി ക്കുന്നതിലുള്ള സംതൃപ്തി മാത്രം. ഞാൻ എല്ലാവരിലും നിന്നു സ്വതന്ത്രനാണെങ്കിലും വളരെപ്പേരെ നേടേണ്ടതിന് ഞാൻ എല്ലാവരുടെയും ദാസനായിത്തീർന്നിരിക്കുന്നു. ബലഹീനരെ നേടേണ്ടതിന് ഞാൻ അവർക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറെപ്പേരെ രക്ഷിക്കേണ്ടതിന് ഞാൻ എല്ലാവർക്കും എല്ലാമായി. സുവിശേഷത്തിൽ ഭാഗഭാക്കാകുന്നതിനായി സുവിശേഷത്തിനുവേണ്ടി ഞാൻ ഇവയെല്ലാം ചെയ്യുന്നു.
കർത്താവിന്റെ വചനം.
അല്ലേലുയാ !
അല്ലേലൂയാ നിങ്ങൾ പോയ് എല്ലാ ജനതകളുയും ശിഷ്യപ്പെടുത്തുവിൻ. ഞാൻ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. അല്ലേലൂയാ!
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന(16:15-20)
(നിങ്ങൾ പോയി ലോകമെങ്ങും സുവിശേഷം പ്രസംഗിക്കുവിൻ)
അക്കാലത്ത്, പതിനൊന്നു ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ട്, യേശു അരുൾ ചെയ്തു: നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടും. വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും: അവർ എന്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകൾ സംസാരിക്കും. അവർ സർപ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവർ രോഗികളുടെ മേൽ കൈകൾവയ്ക്കും; അവർ സുഖംപ്രാപിക്കുകയും ചെയ്യും. കർത്താവായ യേശു അവരോടു സംസാരിച്ചതിനു ശേഷം, സ്വർഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവൻ ദൈവത്തിൻറെ വലത്തു ഭാഗത്ത് ഉപവിഷ്ടനായി. അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാള ങ്ങൾകൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.




