ഒന്നാം വായന
ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് (8 : 4 – 7)
(ദരിദ്രരെ വിലയ്ക്കുവാങ്ങുന്നവർക്കെതിരായി)
ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേൾക്കുവിൻ. ധാന്യങ്ങൾ വിറ്റഴിക്കേണ്ടതിന് അമാവാസി കഴിയുന്നതെപ്പോൾ, ഗോതമ്പ് വില്ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കൽ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തു കഴിയുന്നതെപ്പോൾ എന്നു നിങ്ങൾ ചോദിക്കുന്നു. യാക്കോബിൻ്റെ അഭിമാനമാണേ, കർത്താവ് ശപഥം ചെയ്യുന്നു: അവരുടെ പ്രവൃത്തികൾ ഞാൻ ഒരുനാളും മറക്കുകയില്ല.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (113 : 1-2, 4–5, 7-8)
കർത്താവിനെ സ്തുതിക്കുവിൻ! എന്തെന്നാൽ അവിടന്ന് അഗതിയെ ഉദ്ധരിക്കുന്നു.
കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിൻ്റെ ദാസരേ, അവിടത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമം സ്തുതിക്കുവിൻ! കർത്താവിൻ്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
കർത്താവിനെ സ്തുതിക്കുവിൻ! എന്തെന്നാൽ അവിടന്ന് അഗതിയെ ഉദ്ധരിക്കുന്നു.
കർത്താവു സകല ജനതകളുടെയും മേൽ വാഴുന്നു; അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു. നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി ആരുണ്ട്? അവിടന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു.
കർത്താവിനെ സ്തുതിക്കുവിൻ! എന്തെന്നാൽ അവിടന്ന് അഗതിയെ ഉദ്ധരിക്കുന്നു.
അവിടന്ന് ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽനിന്ന് ഉദ്ധരിക്കുന്നു. അവരെ പ്രഭുക്കൻമാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം, ഇരുത്തുന്നു.
കർത്താവിനെ സ്തുതിക്കുവിൻ! എന്തെന്നാൽ അവിടന്ന് അഗതിയെ ഉദ്ധരിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (2: 1 – 8)
(എല്ലാ മനുഷ്യരും രക്ഷപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നതുകൊണ്ട് എല്ലാവർക്കുംവേണ്ടി പ്രാർഥിക്കുക)
വാത്സല്യമുള്ളവനേ, എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാർഥനകളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കും ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിൻ്റെ മുമ്പിൽ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാൽ, ഒരു ദൈവമേയുള്ളൂ ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ: മനുഷ്യനായ യേശുക്രിസ്തു. അവൻ എല്ലാവർക്കുംവേണ്ടി തന്നത്തന്നെ മോചനമൂല്യമായി നല്കി. അവൻ യഥാകാലം നല്കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു. അതിന്റെ പ്രഘോഷകനായും അപ്പസ്തോലനായും വിശ്വാസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാൻ നിയമിക്കപ്പെട്ടു. ഞാൻ വ്യാജമല്ല, സത്യമാണു പറയുന്നത്. അതിനാൽ, കോപമോ കലഹമോ കൂടാതെ പുരുഷന്മാർ എല്ലായിടത്തും തങ്ങളുടെ പവിത്രമായ കരങ്ങൾ ഉയർത്തിക്കൊണ്ടു പ്രാർഥിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (2 Cor 8:9).
അല്ലേലൂയാ !
അല്ലേലൂയാ! യേശുക്രിസ്തു സമ്പന്നായിരു ന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തൻ്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻവേണ്ടിത്തന്നെ അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (16:1-13)
(ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല)
അക്കാലത്ത് യേശു ശിഷ്യരോടു പറഞ്ഞു: ഒരു ധനവാന് ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നു. അവൻ സ്വത്ത് ദുർവ്യയം ചെയ്യുന്നുവെന്ന് യജമാനനു പരാതി ലഭിച്ചു. യജമാനൻ അവനെ വിളിച്ചു ചോദിച്ചു: നിന്നെപ്പറ്റി ഞാൻ കേൾക്കുന്നത് എന്താണ്? നിന്റെ കാര്യസ്ഥതയുടെ കണക്കു ബോധിപ്പിക്കുക. മേലിൽ നീ കാര്യസ്ഥനായിരിക്കാൻ പാടില്ല. ആ കാര്യസ്ഥൻ ആത്മഗതം ചെയ്തു: യജമാനൻ കാര്യസ്ഥത എന്നിൽ നിന്ന് എടുത്തുകളയുന്നതിനാൽ ഞാൻ ഇനി എന്തുചെയ്യും? കിളയ്ക്കാൻ എനിക്കുശക്തിയില്ല. ഭിക്ഷയാചിക്കാൻ ലജ്ജ തോന്നുന്നു. എന്നാൽ, യജമാനൻ കാര്യസ്ഥത എന്നിൽനിന്ന് എടുത്തുകളയുമ്പോൾ ആളുകൾ തങ്ങളുടെ വീടുകളിൽ എന്നെ സ്വീകരിക്കേണ്ടതിന് എന്തു ചെയ്യണമെന്ന് എനിക്കറിയാം. യജമാനനിൽനിന്നു കടം വാങ്ങിയവർ ഓരോരുത്തരെ അവൻ വിളിച്ചു. ഒന്നാമനോട് അവൻ ചോദിച്ചു: നീ എന്റെ യജമാനന് എന്തു കൊടുക്കാനുണ്ട്? അവൻ പറഞ്ഞു: നൂറു ബത്ത് എണ്ണ. അവൻ പറഞ്ഞു: ഇതാ, നിന്റെ പ്രമാണം, എടുത്ത് അമ്പതുബത്ത് എന്നു തിരുത്തിയെഴുതുക. അനന്തരം അവൻ മറ്റൊരുവനോടു ചോദിച്ചു: നീ എന്തു കടപ്പെട്ടിരിക്കുന്നു? അവൻ പറഞ്ഞു: നൂറു കോർ ഗോതമ്പ്. അവൻ പറഞ്ഞു: നിന്റെ പ്രമാണം എടുത്ത് എൺപതുകോർ എന്നു തിരുത്തിയെഴുതുക. കൗശലപൂർവം പ്രവർത്തിച്ചതിനാൽ, നീതിരഹിതനായ കാര്യസ്ഥനെ യജമാനൻ പ്രശംസിച്ചു. എന്തെന്നാൽ, ഈയുഗത്തിൻെ മക്കൾ തങ്ങളുടെ തലമുറയിൽ വെളിച്ചത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്. ഞാൻ നിങ്ങളോടു പറയുന്നു. അധാർമികസമ്പത്തുകൊണ്ട് നിങ്ങൾക്കായി സ്നേഹിതരെ സമ്പാദിച്ചുകൊള്ളുവിൻ. അതു നിങ്ങളെ കൈവെടിയുമ്പോൾ അവർ നിങ്ങളെ നിത്യകുടാരങ്ങളിൽ സ്വീകരിക്കും (ചെറിയ കാര്യത്തിൽ വിശ്വസ്തൻ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തിൽ അവിശ്വസ്തൻ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അധാർമികസമ്പത്തിന്റെ കാര്യത്തിൽ വിശ്വസ്തരായിരിക്കുന്നില്ലെങ്കിൽ യഥാർഥധനം ആരു നിങ്ങളെ ഏല്പിക്കും? മറ്റൊരുവന്റെ കാര്യത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ, നിങ്ങൾക്കു സ്വന്തമായവ ആരു നിങ്ങൾക്കുതരും? ഒരു ഭൃത്യനു രണ്ടുയജമാനൻമാരെ സേവിക്കാൻ സാധിക്കുകയില്ല. ഒന്നുകിൽ, അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റവനെ സ്നേഹിക്കുകയും ചെയ്യും. അല്ലെങ്കിൽ, ഒരുവനോടു ഭക്തി കാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല).




