Word of God

ആണ്ടുവട്ടം: മുപ്പത്തിരണ്ടാം വാരം : ചൊവ്വ നവംബർ – 11 വചന വായന

ഒന്നാം വായന

ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (2 : 23 – 3 : 9)

(അവൾ മരിച്ചതായി ഭോഷന്മാർ കരുതി; അവരാകട്ടെ, ശാന്തി അനുഭവിക്കുന്നു)

ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്‌ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തിൽ നിർമിച്ചു. പിശാചിന്റെ അസൂയനിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു. അവന്റെ പക്ഷക്കാർ അതനുഭവിക്കുന്നു. നീതിമാൻമാരുടെ ആത്മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്‌പർശിക്കുകയില്ല. അവർ മരിച്ചതായി ഭോഷൻമാർ കരുതി; അവരുടെ മരണം പീഡനമായും നമ്മിൽനിന്നുള്ള വേർപാട് നാശമായും അവർ കണക്കാക്കി; അവരാകട്ടെ, ശാന്തി അനുഭവിക്കുന്നു. ശിക്‌ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്‌ടിയിൽ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവർ. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്നു കാണുകയും ചെയ്‌തു. അല്‌പകാലശിക്ഷണത്തിനുശേഷം അവർക്കു വലിയ നൻമ കൈവരും. ഉലയിൽ സ്വർണമെന്നപോലെ അവിടന്ന് അവരെ ശോധനചെയ്‌ത്‌ ദഹന ബലിയായി സ്വീകരിച്ചു. അവിടത്തെ സന്ദർശനത്തിൽ അവർ പ്രശോഭിക്കും, വയ്‌ക്കോലിൽ തീപ്പൊരിയെന്നപോലെ അവർ കത്തിപ്പടരും. അവർ ജനതകളെ ഭരിക്കും; രാജ്യങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കും. കർത്താവ് അവരെ എന്നേക്കും ഭരിക്കും. അവിടത്തെ ആശ്രയിക്കുന്നവർ സത്യം ഗ്രഹിക്കും; വിശ്വസ്‌തർ അവിടത്തെ സ്നേഹത്തിൽ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേൽ അവിടന്ന് കരുണയും അനുഗ്രഹവും വർഷിക്കും; വിശുദ്‌ധരെ അവിടന്ന് പരിപാലിക്കുന്നു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (34 : 1-2, 15-16, 17-18)

കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും.

കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും,
അവിടത്തെ സ്തുതികൾ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും. കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു; പീഡിതർ കേട്ട് ആനന്ദിക്കട്ടെ!

കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും.

കർത്താവു നീതിമാൻമാരെ കടാക്‌ഷിക്കുന്നു; അവിടന്ന് അവ രുടെ വിലാപം ശ്രവിക്കുന്നു. ദുഷ്കർമികളുടെ ഓർമ ഭൂമി യിൽനിന്നു വിച്ഛേദിക്കാൻ കർത്താവ് അവർക്കെതിരേ മുഖം തിരിക്കുന്നു.

കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും.

നീതിമാൻമാർ സഹായത്തിനു നിലവിളിക്കുമ്പോൾ കർത്താവു കേൾക്കുന്നു; അവരെ സകലവിധ കഷ്ട‌തകളിലുംനിന്ന് രക്ഷിക്കുന്നു. ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്‌ഥനാണ്; മനമുരുകിയവരെ അവിടന്നു രക്ഷിക്കുന്നു.

കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (യോഹ 14:23).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തുവന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (17:7-10)

(ഞങ്ങൾ പ്രയോജനമില്ലാത്ത ദാസൻമാരാണ്; കടമ നിർവഹിച്ചതേയുള്ളൂ)

അക്കാലത്ത്, യേശു അരുൾചെയ്തു‌: നിങ്ങളുടെ ഒരു ഭൃത്യൻ ഉഴുകയോ ആടുമേയിക്കുകയോ ചെയ്‌തിട്ട് വയലിൽ നിന്നു തിരിച്ചുവരുമ്പോൾ അവനോട്, നീ ഉടനേ വന്ന് ഭക്ഷണത്തിനിരിക്കുക എന്നു നിങ്ങളിലാരെങ്കിലും പറയുമോ? എനിക്കു ഭക്ഷണം തയ്യാറാക്കുക. ഞാൻ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നതുവരെ അരമുറുക്കി എന്നെ പരിചരിക്കുക; അതിനുശേഷം നിനക്കു തിന്നുകയും കുടിക്കുകയും ചെയ്യാം എന്നല്ലേ നിങ്ങൾ പറയുക? കല്പിക്കപ്പെട്ടതു ചെയ്തതു കൊണ്ട് ദാസനോടു നിങ്ങൾ നന്ദി പറയുമോ? ഇതുപോലെ തന്നെ നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തശേഷം, ഞങ്ങൾ പ്രയോജനമില്ലാത്ത ദാസൻമാരാണ്; കടമ നിർവഹിച്ചതേയുള്ളൂ എന്നു പറയുവിൻ.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.