Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : ചൊവ്വ നവംബർ – 18 വചന വായന

ഒന്നാം വായന

മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (6 : 18 – 31)

(നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്‌സാലേ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നതിന് യുവാക്കൾക്ക് മഹത്തായ ഒരു മാതൃകയായിരിക്കും അത്)

അക്കാലത്ത്, ഉന്നതസ്‌ഥാനിയായ ഒരു നിയമജ്‌ഞനും കുലീനഭാവത്തോടുകൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ്, പന്നിമാംസം തീറ്റാൻ വിജാതീയർ ബലംപ്രയോഗിച്ചു തുറന്നു. അപമാനിതനായി ജീവിക്കുന്നതിനെക്കാൾ അഭിമാനത്തോടെ മരിക്കാൻ നിശ്ചയിച്ച അവൻ, അതു തുപ്പിക്കളഞ്ഞു കൊണ്ട് പീഡനം വരിച്ചു. ജീവനോടുള്ള സ്വാഭാവിക സ്നേഹം തന്നെ മറന്ന്, നിഷിദ്‌ധവസ്തു‌ക്കൾ രുചിക്കാൻപോലും വിസമ്മതിക്കുന്ന ധീരൻമാർ ഇങ്ങനെയാണു ചെയ്യേണ്ടത്. നിഷിദ്‌ധമായ ആ ബലിയുടെ ഭാരവാഹികൾ, അവനോടുള്ള ദീർഘകാലപരിചയംകൊണ്ട് അവനു ഭക്‌ഷിക്കാൻ അനുവാദമുള്ള മാംസം കൊണ്ടുവന്നിട്ട്, രാജാവ് ആജ്‌ഞാപിച്ച ബലിവിരുന്നിന്റെ മാംസം എന്ന ഭാവേന അതു ഭക്ഷിക്കാൻ അവനെ രഹസ്യമായി നിർബന്‌ധിച്ചു. അവൻ അങ്ങനെചെയ്ത് മരണത്തിൽനിന്നു രക്ഷപ്പെടുമെന്നും തങ്ങളോടുള്ള ചിരകാലമൈത്രിമൂലം അവനു കരുണ ലഭിക്കുമെന്നും അവർ പ്രതീക്‌ഷിച്ചു. തന്റെ വാർധക്യത്തിന്റെ അന്തസ്സിനും നരച്ച മുടിയുടെ മഹത്ത്വത്തിനും ബാല്യം മുതൽ നയിച്ച ഉത്തമജീവിതത്തിനും വിശുദ്‌ധവും ദൈവദത്തവുമായ നിയമത്തിനും യോജിച്ചവിധം അവൻ ദൃഢനിശ്ചയം ചെയ്തുകൊണ്ട്, തന്നെ പാതാളത്തിലേക്ക് അയച്ചുകൊള്ളാൻ അവരോടുപറഞ്ഞു. അവൻ തുടർന്നു: നമ്മുടെ ഈ പ്രായത്തിന് ഈ അഭിനയം ചേർന്നതല്ല. എലെയാസർ തൊണ്ണൂറാംവയസ്സിൽ മതം മാറിയെന്നു ചെറുപ്പക്കാർ വിചാരിക്കും. ഒരു ചെറിയ നിമിഷംകൂടി ജീവിക്കാൻവേണ്ടി എൻ്റെ ഈ അഭിനയംമൂലം ഞാൻ അവരെ വഴിതെറ്റിക്കുകയും എന്റെ വാർധക്യം പങ്കിലവും അപമാനിതവും ആക്കുകയും ചെയ്യും. തത്കാലത്തേക്ക് മനുഷ്യശിക്‌ഷയിൽനിന്ന് എനിക്ക് ഒഴിവാകാമെങ്കിലും സർവശക്തന്റെ കരങ്ങളിൽനിന്ന്, ജീവിച്ചാലും മരിച്ചാലും, രക്‌ഷപ്പെടാൻ കഴിയുകയില്ല. അതിനാൽ, പൗരുഷത്തോടെ ഞാൻ എന്റെ ജീവൻ അർപ്പിക്കുകയാണ്; അതുവഴി ഞാൻ എന്റെ വാർധക്യത്തിനു യോഗ്യനെന്നു തെളിയും. സംപൂജ്യവും വിശുദ്ധവുമായ നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്സാ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നതിന് യുവാക്കൾക്ക് മഹത്തായ ഒരു മാതൃകയായിരിക്കും അത്. ഇതു പറഞ്ഞിട്ട് അവൻ പീഡനയന്ത്രത്തിന്റെ അടുത്തേക്കു ചെന്നു. അല്പ്‌പംമുൻപു തന്നോടു സൻമനസ്സോടെ വർത്തിച്ചവർ ഇപ്പോൾ ദുഷ്‌ടരായി മാറി. അവരുടെ നോട്ടത്തിൽ അവന്റെ വാക്ക് തനി ഭ്രാന്തായിരുന്നു. മർദനമേറ്റു മരിക്കാറായപ്പോൾ അവൻ ഞരങ്ങി: മരണത്തിൽനിന്നു രക്ഷപ്പെടാമായിരുന്ന എനിക്ക്, ഈ പ്രഹരത്തിൽ ഉത്കടമായ ശരീരവേദനയുണ്ടെങ്കിലും കർത്താവിനോടുള്ള ഭക്തിയാൽ ഇവ സഹിക്കുന്നതിൽ എന്റെ ആത്മാവ് സന്തോഷിക്കുന്നു എന്ന് അവിടത്തേക്ക്, തന്റെ പരിശുദ്‌ധജ്‌ഞാനത്താൽ, വ്യക്ത്‌തമായി അറിയാം. ഇങ്ങനെ അവൻ മരിച്ചു; യുവാക്കൾക്കു മാത്രമല്ല, തന്റെ ജനത്തിനു മുഴുവനും തന്റെ മരണത്താൽ ശ്രേഷ്‌ഠതയുടെ മാതൃകയും ധീരതയുടെ സ്‌മാരകവും നല്‌കി.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (3 : 1-2, 3-4, 5-6)

കർത്താവ് എന്നെ എഴുന്നേല്‌പിച്ചു.

കർത്താവേ, എന്റെ ശത്രുക്കൾ അസംഖ്യമാണ്; അനേകർ എന്നെ എതിർക്കുന്നു. ദൈവം അവനെ സഹായിക്കുകയില്ല എന്നു പലരും എന്നെക്കുറിച്ചു പറയുന്നു.

കർത്താവ് എന്നെ എഴുന്നേല്‌പിച്ചു.

കർത്താവേ, അങ്ങാണ് എന്റെ രക്ഷാകവചവും എന്റെ മഹത്ത്വവും; എന്നെ ശിരസ്‌സുയർത്തി നിറുത്തുന്നതും അവിടന്നുതന്നെ. ഉച്ചത്തിൽ ഞാൻ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നു; തന്റെ വിശുദ്ധപർവതത്തിൽനിന്ന് അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.

കർത്താവ് എന്നെ എഴുന്നേല്‌പിച്ചു.

ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു, ഉണർന്നെഴുന്നേല്ക്കുന്നു; എന്തെന്നാൽ, ഞാൻ കർത്താവിന്റെ കരങ്ങളിലാണ്. എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

കർത്താവ് എന്നെ എഴുന്നേല്‌പിച്ചു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (1 യോഹ 4:10)

അല്ലേലൂയാ!
അല്ലേലൂയാ! ദൈവം നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്‌തു. അല്ലേലൂയാ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (19:1-10)

(നഷ്ട‌പ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്)

അക്കാലത്ത്, യേശു ജറീക്കോയിൽ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു. അവിടെ സക്കേവൂസ് എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. അവൻ ചുങ്കക്കാരിൽ പ്രധാനനും ധനികനുമായിരുന്നു. യേശു ആരെന്നു കാണാൻ അവൻ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാൽ ജനക്കൂട്ടത്തിൽ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല. യേശുവിനെ കാണാൻവേണ്ടി അവൻ മുമ്പേ ഓടി, ഒരു സിക്കമൂർ മരത്തിൽ കയറിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്. അവിടെയെത്തിയപ്പോൾ അവൻ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറ ങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു. അവൻ തിടുക്കത്തിൽ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു. ഇതുകണ്ടപ്പോൾ അവരെല്ലാവരും പിറുപിറുത്തു: ഇവൻ പാപിയുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നല്ലോ. സക്കേവൂസ് എഴുന്നേറ്റു പറഞ്ഞു: കർത്താവേ, ഇതാ, എന്റെ സ്വത്തിൽ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ, നാലിരട്ടിയായി തിരിച്ചുകൊടുക്കുന്നു. യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.