Word of God

ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : വ്യാഴം ഒക്‌ടോബർ – 16 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (3 : 21-30a)

(നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താൽ മനുഷ്യൻ നീതിമത്കരിക്കപ്പെടുന്നു)

സഹോദരരേ, നിയമവും പ്രവാചകൻമാരും സാക്‌ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവർക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തു‌വിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്. എല്ലാവരും പാപംചെയ്ത് ദൈവമഹത്ത്വത്തിന് അയോഗ്യരായി. അവർ അവിടത്തെ കൃപയാൽ യേശുക്രിസ്‌തുവഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതിമത്കരിക്കപ്പെടുന്നു. വിശ്വാസംവഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു. അവിടന്നു തന്റെ ക്ഷമയിൽ പഴയ പാപങ്ങൾ അവഗണിച്ചുകൊണ്ട് ഇപ്പോൾ തന്റെ നീതി വെളിപ്പെടുത്താനും, അങ്ങനെ, താൻ നീതിമാനാണെന്നും യേശുവിൽ വിശ്വസിക്കുന്നവനെ നീതിമത്കരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്‌. അതുകൊണ്ട്, നമ്മുടെ വൻപുപറച്ചിൽ എവിടെ? അതിനു സ്‌ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തിൽ? പ്രവൃത്തികളുടെ അടിസ്‌ഥാനത്തിലോ? അല്ല, വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ. എന്തെന്നാൽ, നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താൽ മനുഷ്യൻ നീതിമത്കരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടന്നു വിജാതീയരുടെയും ദൈവമാണ്. എന്തെന്നാൽ, ദൈവം ഏകനാണ്.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (130 : 1-2, 3-4, 5+7)

കർത്താവ് കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്‌ഷ നല്‌കുന്നു.

കർത്താവേ, അഗാധത്തിൽനിന്നു ഞാൻ അങ്ങയെ വിളിച്ച പേക്ഷിക്കുന്നു.
കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ!
ചെവി ചായിച്ച് എൻ്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!

കർത്താവ് കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്‌ഷ നല്‌കുന്നു.

കർത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാൽ ആർക്കു നിലനില്ക്കാനാവും?
എന്നാൽ, അങ്ങ് പാപം പൊറുക്കുന്നവനാണ്;
അതുകൊണ്ട് ഞങ്ങൾ അങ്ങയുടെ മുൻപിൽ ഭയഭക്തികളോടെ നില്ക്കുന്നു.

കർത്താവ് കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്‌ഷ നല്‌കുന്നു.

ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്‌മാവു കർത്താവിനെ കാത്തിരിക്കുന്നു.
അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്ക്കാരെക്കാൾ ആകാംക്‌ഷയോടെ
ഇസ്രായേൽ കർത്താവിനെ കാത്തിരിക്കട്ടെ.

കർത്താവ് കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്‌ഷ നല്‌കുന്നു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (യോഹ 14:6).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11: 47-54)

(ആബേൽ മുതൽ സഖറിയാവരെയുള്ളവരുടെ രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും)

അക്കാലത്ത്, യേശു അരുൾചെയ്‌തു: ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങളുടെ പിതാക്കൻമാർ വധിച്ച പ്രവാചകൻമാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കൻമാരുടെ പ്രവൃത്തികൾക്ക് നിങ്ങൾ സാക്‌ഷ്യവും അംഗീകാരവും നല്‌കുന്നു. എന്തെന്നാൽ, അവർ അവരെ കൊന്നു; നിങ്ങളോ അവർക്കു കല്ലറകൾ പണിയുന്നു. അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഞാൻ അവരുടെ അടുത്തേക്ക് പ്രവാചകൻമാരെയും അപ്പസ്തോലൻമാരെയും അയയ്ക്കും. അവരിൽ ചിലരെ അവർ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ലോകാരംഭം മുതൽ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകൻമാരുടെയും രക്തത്തിന്-ആബേൽ മുതൽ, ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്തത്തിന് – ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതേ, ഞാൻ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും. നിയമജ്ഞരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വിജ്‌ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ, അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു. അവൻ അവിടെനിന്നു പോകവേ, നിയമജ്‌ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെയും പറ്റി സംസാരിക്കാൻ അവനെ പ്രേരിപ്പിക്കുകയും അവൻ പറയുന്നതിൽ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാൻ തക്കം നോക്കുകയും ചെയ്തു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.