Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : വെള്ളി സെപ്തംബർ : 12 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (1 : 1 -2, 12-14)

(മുമ്പ് ഞാൻ അവനെ നിന്ദിച്ചു; എങ്കിലും എനിക്കു കരുണ ലഭിച്ചു)

നമ്മുടെ രക്‌ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്‌തുവിന്റെയും കല്‌പനയാൽ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ്, വിശ്വാസത്തിൽ എന്റെ യഥാർഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും!

എന്നെ ശക്‌തിപ്പെടുത്തുന്ന നമ്മുടെ കർത്താവായ യേശു ക്രിസ്തു‌വിനു ഞാൻ നന്ദിപറയുന്നു. എന്തെന്നാൽ, തന്റെ ശുശ്രൂഷയ്ക്കായി എന്നെ നിയമിച്ചുകൊണ്ട് അവൻ എന്നെ വിശ്വസ്‌തനായി കണക്കാക്കി. മുമ്പു ഞാൻ അവനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം, അറിവില്ലാതെ അവിശ്വാസിയായാണ് ഞാൻ പ്രവർത്തിച്ചത്. കർത്താവിൻ്റെ കൃപ യേശു ക്രിസ്തു‌വിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുമൊപ്പം എന്നിലേക്കു കവിഞ്ഞൊഴുകി.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (16: 1-2a + 5b, 7–8, 11)

കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും.

ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു. അവിടന്നാണ് എന്റെ കർത്താവ്; എന്റെ ഭാഗധേയം അവിടത്തെ കരങ്ങളിലാണ്.

കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

എനിക്ക് ഉപദേശം നല്‌കുന്ന കർത്താവിനെ ഞാൻ വാഴ്ത്തുന്നു; രാത്രിയിലും എന്റെ അന്തരംഗത്തിൽ പ്രബോധനം നിറയുന്നു. കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്; അവിടന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല.

കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

അങ്ങ് എനിക്കു ജീവന്റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.

കർത്താവാണ് എന്റെ ഓഹരിയും പാനപാത്രവും.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (യോഹ 17 : 17b).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവേ, അവരെ അങ്ങ് സത്യത്താൽ വിശുദ്ധീകരിക്കണമേ! അവിടത്തെ വചനമാണ് സത്യം. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (6:39-42)

(കുരുടനു കുരുടനെ നയിക്കാൻ സാധിക്കുമോ?)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: കുരുടനു കുരുടനെ നയിക്കാൻ സാധിക്കുമോ? ഇരുവരും കുഴിയിൽ വീഴുകയില്ലേ? ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനല്ല. എന്നാൽ, എല്ലാം പഠിച്ചു കഴിയുമ്പോൾ അവൻ ഗുരു വിനെപ്പോലെ ആകും. നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണം ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്? സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാൻ എടുത്തു കളയട്ടെ എന്നു പറയാൻ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിൻ്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാൻ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.