Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : ചൊവ്വ സെപ്തംബർ : 09 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (2:6 -15)

(ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു)

സഹോദരരേ, കർത്താവായ യേശുക്രിസ്‌തുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ. അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുംകൊണ്ട് അനർഗളമായ കൃതജ്ഞതാപ്രകാശനത്തിൽ മുഴുകുവിൻ. ക്രിസ്‌തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങൾക്കും മാനുഷികപാരമ്പര്യത്തിനും മാത്രം ചേർന്നതുമായ വ്യർഥപ്രലോഭനത്തിനും തത്ത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദൈവത്വത്തിന്റെ പൂർണതമുഴുവൻ അവനിൽ മൂർത്തീ ഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്‌സായ അവനിലാണ് നിങ്ങളും പൂർണത പ്രാപിച്ചിരിക്കുന്നത്. അവനിൽ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാൽ നിർവഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകൾ നിർമാർജനം ചെയ്യുന്ന ക്രിസ്‌തുവിന്റെ പരിച്‌ഛേദനം. ജ്‌ഞാനസ്‌നാനംവഴി നിങ്ങൾ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരിൽ നിന്ന് അവനെ ഉയിർപ്പിച്ച ദൈവത്തിന്റെ പ്രവർത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങൾ അവനോടുകൂടെ ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങൾ പാപങ്ങൾനിമിത്തം മൃതരും ദുർവാസനകളുടെ പരിച്ഛേദനം നിർവഹിക്കാത്തവരുമായിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്‌ഷമിക്കുകയും ചെയ്‌തു. നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങൾ അവൻ മായിച്ചുകളയുകയും അവ കുരിശിൽ തറച്ചു നിഷ്കാസനം ചെയ്യുകയും ചെയ്‌തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവൻ നിരായുധമാക്കി. അവൻ കുരിശിൽ അവയുടെമേൽ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (145: 1–2, 8–9, 10–11)

കർത്താവ് എല്ലാവർക്കും നല്ലവനാണ്.

എന്റെ ദൈവവും രാജാവുമായ അങ്ങയെ ഞാൻ പുകഴ്ത്തും; ഞാൻ അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും. അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമം എന്നേക്കും വാഴ്ത്തും.

കർത്താവ് എല്ലാവർക്കും നല്ലവനാണ്.

കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്‌ടിയുടെയുംമേൽ അവിടന്നു കരുണ ചൊരിയുന്നു.

കർത്താവ് എല്ലാവർക്കും നല്ലവനാണ്.

കർത്താവേ, അവിടത്തെ എല്ലാ സൃഷ്‌ടികളും അവിടത്തേക്കു കൃതജ്‌ഞതയർപ്പിക്കും; അങ്ങയുടെ വിശുദ്‌ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും; അവിടത്തെ ശക്തി അവർ വർണിക്കും.

കർത്താവ് എല്ലാവർക്കും നല്ലവനാണ്.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (യോഹ 15/16 )

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്‌തത്‌. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്ന തിനും വേണ്ടിയാണിത്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (6: 12-19)

(രാത്രി മുഴുവൻ യേശു പ്രാർഥിച്ചുകൊണ്ടിരുന്നു…. അവിടന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലൻമാർ എന്ന പേരു നല്കി)

അക്കാലത്ത്, യേശു പ്രാർഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ട് രാത്രി മുഴുവൻ ചെലവഴിച്ചു. പ്രഭാതമായപ്പോൾ അവൻ ശിഷ്യൻമാരെ അടുത്തു വിളിച്ച് അവരിൽനിന്നു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവർക്ക് അപ്പസ്തോലൻമാർ എന്നു പേരു നല്‌കി. അവർ, പത്രോസ് എന്ന് അവൻ പേരു നല്‌കിയ ശിമയോൻ, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, പീലിപ്പോസ്, ബർത്തലോമിയോ, മത്തായി, തോമസ്, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ, യാക്കോബിൻ്റെ മകനായ യുദാസ്, ഒറ്റുകാരനായിത്തീർന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.

അവൻ അവരോടുകൂടെ ഇറങ്ങി സമതലത്തിൽ വന്നുനിന്നു. ശിഷ്യൻമാരുടെ ഒരു വലിയ ഗണവും അവൻ വചനം ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലേം എന്നിവിടങ്ങളിൽനിന്നും ടയിർ, സീദോൻ എന്നീ തീരപ്രദേശങ്ങളിൽനിന്നും വന്ന വലിയ ജനസമൂഹവും അവിടെ ഒരുമിച്ചു കൂടി. അശുദ്ധാത്മാക്കളാൽ പീഡിതരായവർ സുഖമാക്കപ്പെട്ടു. ജനങ്ങളെല്ലാം അവനെ ഒന്നു സ്‌പർശിക്കാൻ അവസരം പാർത്തിരുന്നു. എന്തെന്നാൽ, അവനിൽനിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.