ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (4 : 12 -16)
(നിന്നെക്കുറിച്ചും നിൻ്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നത്തന്നെയും നിൻ്റെ ശ്രോതാക്കളെയും രക്ഷിക്കും)
വാത്സല്യമുള്ളവനേ, ആരും നിന്റെ പ്രായക്കുറവിന്റെ പേരിൽ നിന്നെ അവഗണിക്കാൻ ഇടയാക്കരുത്. വാക്കുകളിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും വിശുദ്ധിയിലും നീ വിശ്വാസികൾക്കു മാതൃകയായിരിക്കുക.
ഞാൻ വരുന്നതുവരെ വിശുദ്ധ ലിഖിതങ്ങൾ വായിക്കുന്നതിലും ഉപദേശങ്ങൾ നല്കുന്നതിലും അധ്യാപനത്തിലും ശ്രദ്ധാലുവായിരിക്കണം. പ്രവചനപ്രകാരവും സഭാശ്രേഷ്ഠൻമാരുടെ കൈവയ്പ്പുവഴിയും നിനക്കു നല്കപ്പെട്ട കൃപാവരം അവഗണിക്കരുത്. ഈ കർത്തവ്യങ്ങളെല്ലാം നീ അനുഷ്ഠിക്കുക; അവയ്ക്കുവേണ്ടി ആത്മാർപ്പണം ചെയ്യുക; അങ്ങനെ എല്ലാവരും നിന്റെ പുരോഗതി കാണാൻ ഇടയാകട്ടെ. നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും ശ്രദ്ധിക്കുക, അവയിൽ ഉറച്ചുനില്ക്കുക; അങ്ങനെ ചെയ്യുന്നതുവഴി നീ നിന്നത്തന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (111: 7-8, 9, 10)
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്. (അല്ലെങ്കിൽ: അല്ലേലൂയാ!)
കർത്താവിന്റെ പ്രവൃത്തികൾ വിശ്വസ്തവും നീതിയുക്തവുമാണ്. അവിടത്തെ പ്രമാണങ്ങൾ വിശ്വാസ്യമാണ്; വിശ്വസ്തതയോടും പരമാർഥതയോടുംകൂടെ പാലിക്കപ്പെടാൻ, അവയെ എന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു.
കർത്താവിൻ്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
അവിടന്നു തന്റെ ജനത്തെ വീണ്ടെടുത്തു; അവിടന്നു തന്റെ ഉടമ്പടി ശാശ്വതമായി ഉറപ്പിച്ചു; വിശുദ്ധവും ഭീതിദായകവുമാണ് അവിടത്തെ നാമം.
കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
ദൈവഭക്തിയാണു ജ്ഞാനത്തിന്റെ ആരംഭം; അതു പരിശീലിക്കുന്നവർ വിവേകികളാകും. അവിടന്ന് എന്നേക്കും സ്തുതിക്കപ്പെടും!
കർത്താവിന്റെ പ്രവൃത്തികൾ മഹനീയങ്ങളാണ്.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (മത്താ 11 : 28)
അല്ലേലൂയാ!
അല്ലേലൂയാ! അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (7:36-50)
(ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, ഇവൾ അധികം സ്നേഹിച്ചു.)
അക്കാലത്ത്, ഫരിസേയരിൽ ഒരുവൻ തന്നോടൊത്തു ഭക്ഷ്ണം കഴിക്കാൻ അവനെ ക്ഷണിച്ചു. യേശു അവന്റെ വീട്ടിൽ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. അപ്പോൾ, ആ പട്ടണത്തിലെ പാപിനിയായ ഒരുവൾ ഫരിസേയന്റെ വീട്ടിൽ അവൻ ഭക്ഷ ണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെൺകല്ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു. അവൾ അവന്റെ പിന്നിൽ പാദത്തിനരികേ കരഞ്ഞുകൊണ്ടുനിന്നു. കണ്ണീരുകൊണ്ട് അവൾ അവന്റെ പാദങ്ങൾ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. അവനെ ക്ഷണിച്ച ആ ഫരിസേയൻ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവൻ പ്രവാചകൻ ആണെങ്കിൽ തന്നെ സ്പർശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവൾ ഒരു പാപിനി ആണല്ലോ. യേശു അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുൾചെയ്താലും എന്ന് അവൻ പറഞ്ഞു. ഒരു ഉത്തമർണനു രണ്ടു കടക്കാർ ഉണ്ടായിരുന്നു. ഒരുവൻ അഞ്ഞൂറും മറ്റവൻ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാൻ കഴിവില്ലാത്തതുകൊണ്ട് ഇരുവർക്കും അവൻ ഇളച്ചു കൊടുത്തു. ആ രണ്ടുപേരിൽ ആരാണ് അവനെ കൂടുതൽ സ്നേഹിക്കുക? ശിമയോൻ മറുപടി പറഞ്ഞു: ആർക്ക് അവൻ കൂടുതൽ ഇളവുചെയ്തോ അവൻ എന്നു ഞാൻ വിചാരിക്കുന്നു. അവൻ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെ നേരേതിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാൻ നിന്റെ വീട്ടിൽ വന്നു; കാലു കഴുകാൻ നീ എനിക്കു വെള്ളം തന്നില്ല. എന്നാൽ, ഇവൾ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയും ചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ, ഞാനിവിടെ പ്രവേശിച്ചതുമുതൽ എന്റെ പാദങ്ങൾ ചുംബിക്കുന്നതിൽ നിന്ന് ഇവൾ വിരമിച്ചിട്ടില്ല. നീ എന്റെ തലയിൽ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളിൽ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാൽ, ഞാൻ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാൽ, ഇവൾ അധികം സ്നേഹിച്ചു. ആരോട് അല്പം ക്ഷമിക്കപ്പെടുന്നുവോ അവൻ അല്പം സ്നേഹിക്കുന്നു. അവൻ അവളോടു പറഞ്ഞു: നിൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അവനോടുകൂടെ പന്തിയിൽ ഇരുന്നവർ പരസ്പരം പറയാൻ തുടങ്ങി: പാപങ്ങൾ ക്ഷമിക്കുകപോലും ചെയ്യുന്ന ഇവൻ ആരാണ്? അവൻ അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.




