ഒന്നാം വായന
ബാറുക്ക് പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് (4:5-12, 27-29)
(നിങ്ങളുടെമേൽ അനർഥങ്ങൾ വരുത്തിയവൻ തന്നെ നിങ്ങൾക്ക് നിത്യാനന്ദം നല്കും)
ഇസ്രായേലിൻെറ സ്മാരകമേ, എൻറെ ജനമേ, ധൈര്യത്തോടെയിരിക്കുക. നിങ്ങളെ ജനതകൾക്കു വിറ്റത് നശിപ്പിക്കാനായിരുന്നില്ല. ദൈവത്തെ കോപിപ്പിച്ചതിനാലാണ് നിങ്ങളെ ശത്രുകരങ്ങളിൽ ഏല്പിച്ചത്. ദൈവത്തിനുപകരം പിശാചുകൾക്കു ബലിയർപ്പിച്ചുകൊണ്ട് നിങ്ങളുടെ സ്രഷ്ടാവിനെ നിങ്ങൾ പ്രകോപിപ്പിച്ചു. നിങ്ങളെ പരിപാലിച്ച നിത്യനായ ദൈവത്തെ നിങ്ങൾ വിസ്മരിച്ചു. നിങ്ങളെ പോറ്റിയ ജറുസലേമിനെ നിങ്ങൾ വേദനയിലാഴ്ത്തി. ദൈവത്തിൽനിന്നു നിങ്ങളുടെമേൽ നിപതിച്ച ക്രോധം കണ്ട് അവൾ പറഞ്ഞു: സീയോന്റെ അയല്വാസികളേ, ശ്രവിക്കുവിൻ. ദൈവം എനിക്കു വലിയ സങ്കടം വരുത്തിയിരിക്കുന്നു. നിത്യനായവൻ എന്റെ പുത്രൻമാരുടെയും പുത്രിമാരുടെയും മേൽ വരുത്തിയ അടിമത്തം ഞാൻ കണ്ടു. സന്തോഷത്തോടെ ഞാൻ അവരെ വളർത്തി. എന്നാൽ ദുഃഖത്തോടും വിലാപത്തോടും കൂടെ ഞാൻ അവരെ പറഞ്ഞയച്ചു. അനേകം മക്കൾ നഷ്ടപ്പെട്ട വിധവയായ എന്നെക്കുറിച്ച് ആരുംസന്തോഷിക്കാതിരിക്കട്ടെ. എന്റെ മക്കളുടെ പാപങ്ങൾ നിമിത്തം ഞാൻ ഏകാകിനിയായിത്തീർന്നു; അവർ ദൈവത്തിന്റെ നിയമത്തിൽ നിന്നു വ്യതിചലിച്ചു.
എന്റെ മക്കളേ, ധൈര്യത്തോടെയിരിക്കുവിൻ. ദൈവത്ത വിളിച്ചപേക്ഷിക്കുവിൻ. ഇതു നിങ്ങളുടെമേൽ വരുത്തിയ അവിടന്ന് നിങ്ങളെ സ്മരിക്കും. ദൈവത്തിൽനിന്ന് അകലാൻ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടത്തെ തേടുവിൻ. എന്തെന്നാൽ, നിങ്ങളുടെമേൽ ഈ അനർഥങ്ങൾ വരുത്തിയവൻ തന്നെ നിങ്ങൾക്കു രക്ഷയും നിത്യാനന്ദവും നല്കും.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (69 : 32-34, 35–36)
കർത്താവ് ദരിദ്രൻ്റെ പ്രാർഥന കേൾക്കുന്നു.
പീഡിതരേ, ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങൾ ഉൻമേഷഭരിതമാകട്ടെ! കർത്താവ് ദരിദ്രന്റെ പ്രാർഥന കേൾക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടന്നു നിന്ദിക്കുകയില്ല. ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ സഞ്ചരിക്കുന്ന സമസ്തവും അവിടുത്തെ സ്തുതി !
കർത്താവ് ദരിദ്രൻ്റെ പ്രാർഥന കേൾക്കുന്നു.
ദൈവം സീയോനെ രക്ഷിക്കും; യൂദായുടെ നഗരങ്ങൾ പുതുക്കിപ്പണിയും; അവിടത്തെ ദാസർ അതിൽ പാർത്ത് അതു കൈവശമാക്കും. അവിടത്തെ ദാസൻമാരുടെ സന്തതികൾ അത് അവകാശമാക്കും. അവിടത്തെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കുകയും ചെയ്യും.
കർത്താവ് ദരിദ്രൻ്റെ പ്രാർഥന കേൾക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (മത്താ 11:25).
അല്ലേലൂയാ!
അല്ലേലൂയാ! ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (10: 17-24)
(നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോ ഷിക്കുവിൻ)
അക്കാലത്ത്, എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു: കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്കു കീഴ്പ്പെടുന്നു. അവൻ പറഞ്ഞു: സാത്താൻ സ്വർഗത്തിൽനിന്ന് ഇടിമിന്നൽപോലെ നിപതിക്കുന്നതു ഞാൻ കണ്ടു. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ.
ആ സമയംതന്നെ പരിശുദ്ധാത്മാവിൽ ആനന്ദിച്ച്, അവൻ പറഞ്ഞു: സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടത്തെ ഞാൻ സ്തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്ധിമാൻമാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നുവോ അവനുമല്ലാതെ, മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യൻമാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകൻമാരും രാജാക്കൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.




