Word of God

ആണ്ടുവട്ടം: ഇരുപത്താറാം വാരം : വെള്ളി ഒക്‌ടോബർ – 03 വചന വായന

ഒന്നാം വായന

ബാറുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1 : 15-22)

(കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്തു)

നീതി നമ്മുടെ ദൈവമായ കർത്താവിൻറതാണ്. യുദായിലെ ജനവും ജറുസലേം നിവാസികളും നമ്മുടെ രാജാക്കൻമാരും പ്രഭുക്കൻമാരും പുരോഹിതൻമാരും പിതാക്കൻമാരും ഉൾപ്പെടെ ഞങ്ങൾ എല്ലാവരും ഇന്നുവരെ ലജ്ജിതരാണ്. എന്തെന്നാൽ, കർത്താവിന്റെ സന്നിധിയിൽ ഞങ്ങൾ പാപം ചെയ്‌തു. ഞങ്ങൾ അവിടത്തെ അനുസരിച്ചില്ല. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ശ്രവിക്കുകയോ അവിടന്ന് നല്‌കിയ കല്പനകൾ അനുസരിക്കുകയോ ചെയ്‌തില്ല. ഈജിപ്തുദേശത്തുനിന്ന് ഞങ്ങളുടെ പിതാക്കൻമാരെ കൊണ്ടുവന്ന നാൾ മുതൽ ഇന്നു വരെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ കർത്താവിനെ അനുസരിക്കാത്തവരും അവിടത്തെ സ്വരം ശ്രവിക്കുന്നതിൽ ഉദാസീനരുമാണ്. തേനും പാലും ഒഴുകുന്ന ഒരു ദേശത്തിന് അവകാശികളാക്കാൻ വേണ്ടി ഞങ്ങളുടെ പിതാക്കൻമാരെ ഈജിപ്തുദേശത്തുനിന്നുകൊണ്ടുവന്ന നാളിൽ, തന്റെ ദാസനായ മോശ വഴി കർത്താവ് അരുൾചെയ്ത ശാപങ്ങളും അനർഥങ്ങളും ഇന്നും ഞങ്ങളുടെമേൽ ഉണ്ട്. ഞങ്ങളുടെ ദൈവമായ കർത്താവ് ഞങ്ങളുടെ അടുത്തേക്കയച്ച പ്രവാചകൻമാർ അറിയിച്ച അവിടത്തെ വചനം ഞങ്ങൾ ശ്രവിച്ചില്ല. എന്നാൽ, അന്യദേവൻമാരെ സേവിച്ചും ഞങ്ങളുടെ ദൈവമായ കർത്താവിന്റെ ദൃഷ്‌ടിയിൽ തിൻമയായതു പ്രവർത്തിച്ചും ഞങ്ങൾ തന്നിഷ്ടംപോലെ നടന്നു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (79 : 1-2, 3-4, 8-9)

കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

ദൈവമേ, വിജാതീയർ അങ്ങയുടെ അവകാശത്തിൽ കടന്നിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്‌ധമന്ദിരം അശുദ്ധമാക്കുകയും ജറുസലേമിനെ നാശക്കുമ്പാരമാക്കുകയും ചെയ്തു. അവർ അങ്ങയുടെ ദാസരുടെ ശരീരം ആകാശപ്പറവകൾക്കും അങ്ങയുടെ വിശുദ്‌ധരുടെ മാംസം വന്യമൃഗങ്ങൾക്കും ഇരയായിക്കൊടുത്തു.

കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

അവരുടെ രക്തം ജലംപോലെ ഒഴുക്കി. അവരെ സംസ്കരിക്കാൻ ആരുമുണ്ടായിരുന്നില്ല. ഞങ്ങൾ അയല്ക്കാർക്കു നിന്ദ പാത്രമായി; ചുറ്റുമുള്ളവർ ഞങ്ങളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.

കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

ഞങ്ങളുടെ പൂർവികൻമാരുടെ അകൃത്യങ്ങൾ ഞങ്ങൾക്കെതിരായി ഓർക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളു ടെമേൽ ചൊരിയണമേ! ഞങ്ങളുടെ രക്‌ഷയായ ദൈവമേ, അങ്ങയുടെ നാമത്തിൻ്റെ മഹത്ത്വത്തെപ്രതി ഞങ്ങളെസഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യണമേ!

കർത്താവേ, അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കണമേ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (Cf. സങ്കീ 95:7-8)

അല്ലേലൂയാ!
അല്ലേലൂയാ! ഇന്ന് കർത്താവിന്റെ സ്വരം ശ്രവിക്കുമെങ്കിൽ, നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (10:13-16)

(എന്നെ നിരസിക്കുന്നവനോ, എന്നെ അയച്ചവനെ നിരസിക്കുന്നു)

അക്കാലത്ത്, യേശു അരുൾചെയ്തു. കൊറാസീൻ, നിനക്കു ദുരിതം! ബേത്സയ്‌ദാ, നിനക്കു ദുരിതം! നിങ്ങളിൽ നടന്ന അദ്ഭുതങ്ങൾ ടയിറിലും സീദോനിലും നടന്നിരുന്നുവെങ്കിൽ അവിടത്തെ ജനങ്ങൾ ചാക്കുടുത്തും ചാരം പൂശിയും പണ്ടുതന്നെ പശ്ചാത്തപിക്കുമായിരുന്നു. ആകയാൽ, വിധിദിനത്തിൽ ടയിറിന്റെയും സീദോന്റെയും സ്ഥിതി നിങ്ങളുടേതിനെക്കാൾ സഹനീയമായിരിക്കും. കഫർണാമേ, നീ ആകാശത്തോളം ഉയർത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും.

നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ നിരസിക്കുന്നവൻ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.