Word of God

ആഗമനകാലം : രണ്ടാം ഞായർ വചന വായന

രണ്ടാം വാരം ഞായർ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

അക്കാലത്ത്, ജസ്സെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും; അവന്റെ വേരിൽനിന്ന് ഒരു ശാഖ പൊട്ടിക്കിളിർക്കും. കർത്താവിന്റെ ആത്‌മാവ് അവൻമേൽ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്. അവൻ ദൈവഭക്‌തിയിൽ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവികൊണ്ടു കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി നടത്തുകയില്ല. ദരിദ്രരെ അവൻ ധർമനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവൻ നീതിപൂർവം വർത്തിക്കും. ആജ്‌ഞാദണ്ഡു കൊണ്ട് അവൻ ഭൂമിയെ പ്രഹരിക്കും. അവന്റെ മൊഴി ദുഷ്ടരെ നിഗ്രഹിക്കും. നീതിയും വിശ്വസ്‌തതയുംകൊണ്ട് അവൻ അരമുറുക്കും. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളി പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികൾ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയിൽ കൈയിടും. എന്റെ വിശുദ്‌ധഗിരിയിൽ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കർത്താവിനെ ക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും. അന്ന് ജസ്സെയുടെ വേര് ജനങ്ങൾക്ക് ഒരു അടയാളമായി നിലകൊള്ളും. ജനതകൾ അവനെ അന്വേഷിക്കും. അവന്റെ ഭവനം മഹത്ത്വപൂർണമായിരിക്കും .

കർത്താവിന്റെ വചനം

പ്രതിവചനസങ്കീർത്തനം

അവൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ!

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധർമനിഷ്ഠയും നല്കണമേ! അവൻ അങ്ങയുടെ ജനത്തെ ധർമനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!

അവൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ

അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ! സമുദ്രം മുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അതിർത്തികൾ വരെയും അവൻ്റെ ആധിപത്യം നിലനില്ക്കട്ടെ!

അവൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ

നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്സഹായനായ ദരിദ്രനെയും അവൻ മോചിപ്പിക്കും. ദുർബലനോടും പാവപ്പെട്ടവനോടും അവൻ കരുണ കാണിക്കുന്നു; അഗതികളുടെ ജീവൻ അവൻ രക്ഷിക്കും.

അവൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ

അവൻ നാമം നിത്യം നിലനില്ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലം അവന്റെ കീർത്തി നിലനില്ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്‌പരം ആശംസിക്കട്ടെ! ജനതകൾ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

അവൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയലേഖനത്തിൽനിന്ന്

(ക്രിസ്‌തു എല്ലാ മനുഷ്യരെയും രക്ഷിച്ചിരിക്കുന്നു)

സഹോദരരേ, മുമ്പ് എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയാണ്-സ്ഥൈര്യത്താലും വിശുദ്‌ധ ലിഖിതങ്ങളിൽനിന്നു ലഭിക്കുന്ന സമാശ്വാസത്താലും നമുക്കു പ്രത്യാശ ഉളവാക്കാൻവേണ്ടി. സ്ഥൈര്യവും സമാശ്വാസവും നല്കുന്ന ദൈവം പരസ്‌പരൈക്യത്തിൽ യേശുക്രിസ്‌തുവിനോടു ചേർന്നു ജീവിക്കാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ! അങ്ങനെ നിങ്ങളൊത്തൊരുമിച്ച് ഏകസ്വരത്തിൽ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെ മഹത്ത്വപ്പെടുത്താൻ ഇടയാകട്ടെ. ആകയാൽ, ദൈവമഹത്ത്വത്തിനായി ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങൾ അന്യോന്യം സ്വീകരിക്കുവിൻ. ദൈവത്തിന്റെ സത്യനിഷ്ഠ വെളിപ്പെടുത്താൻ വേണ്ടി ക്രിസ്തു പരിച്‌ഛേദിതർക്കു ശുശ്രൂഷകനായി എന്നു ഞാൻ നിങ്ങളോടു പറയുന്നു. അങ്ങനെ പിതാക്കൻമാരോടു ചെയ്ത വാഗ്ദാനം സ്‌ഥിരീകരിക്കപ്പെട്ടു. കൂടാതെ, ദൈവകാരുണ്യത്തെക്കുറിച്ചു വിജാതീയർ അവിടത്തെ പ്രകീർത്തിക്കുന്നതിനിന് ഇടയാവുകയും ചെയ്തു‌. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ആകയാൽ, വിജാതീയരുടെയിടയിൽ ഞാൻ അങ്ങയെ സ്‌തുതിക്കും, അങ്ങയുടെ നാമത്തിനു കീർത്തനം പാടും.

കർത്താവിന്റെ വചനം
അല്ലേലൂയാ !

അല്ലേലൂയാ! കർത്താവിൻ്റെ വഴി ഒരുക്കുവിൻ, അവൻ്റെ പാത നേരേയാക്കുവിൻ. സകല മനുഷ്യരും ദൈവത്തിൻ്റെ രക്ഷ കാണും അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു)

അക്കാലത്ത് സ്നാപകയോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ വന്നു പ്രസംഗിച്ചു: മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാപ്രവാചകൻ വഴി ഇങ്ങനെ അരുൾചെയ്യപ്പെട്ടത്: മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം – കർത്താവിന്റെ വഴിയൊരുക്കുവിൻ; അവന്റെ പാതകൾ നേരേയാക്കുവിൻ. യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും അരയിൽ തോല്‌ വാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അവന്റെ ഭക്ഷണം. ജറുസലെമിലും യൂദയാമുഴുവനിലും ജോർദാൻ പരിസരപ്രദേശങ്ങളിലും നിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ്, ജോർദാൻ നദിയിൽവച്ച് അവനിൽനിന്നു സ്നാനം സ്വീകരിച്ചു.

അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേല്ക്കാൻ വരുന്നതുകണ്ട്, യോഹന്നാൻ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തിൽ നിന്ന് ഓടിയകലാൻ നിങ്ങൾക്കു മുന്നറിയിപ്പു നല്‌കിയതാരാണ്? മാനസാന്തരത്തിനു യോജിച്ച ഫലം പുറപ്പെടുവിക്കുവിൻ. ‘ഞങ്ങൾക്കു പിതാവായി അബ്രാഹം ഉണ്ട്’ എന്നുപറഞ്ഞ് അഭിമാനിക്കേണ്ടാ. ഈ കല്ലുകളിൽ നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാൻ ദൈവത്തിനു കഴിയുമെന്നു ഞാൻ നിങ്ങളോടു പറയുന്നു, വ്യക്ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്ക്കാത്ത വ്യക്‌ഷങ്ങളെല്ലാംവെട്ടി തീയിലെറിയും. മാനസാന്തരത്തിനായി ഞാൻ ജലംകൊണ്ടു നിങ്ങളെ സ്നാനപ്പെടുത്തി. എന്റെ പിന്നാലേ വരുന്നവൻ എന്നെക്കാൾ ശക്തൻ; അവന്റെ ചെരിപ്പുവഹിക്കാൻ പോലും ഞാൻ യോഗ്യനല്ല; അവൻ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്നാനപ്പെടുത്തും. വീശുമുറം അവൻ്റെ കൈയിലുണ്ട്. അവൻ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയിൽ ശേഖരിക്കും; പതിര് കെടാത്ത തീയിൽ കത്തിച്ചുകളയുകയുംചെയ്യും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.