മൂന്നാം വാരം : തിങ്കൾ
ഒന്നാം വായന
സംഖ്യയുടെ പുസ്തകത്തിൽനിന്ന്
(യാക്കൊബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും)
ആ ദിവസങ്ങളിൽ ബാലാം കണ്ണുകളുയർത്തി; ഗോത്രങ്ങൾ അനുസരിച്ച് ഇസ്രായേൽ പാളയമടിച്ചിരിക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ ആവസിച്ചു. അവൻ പ്രവചിച്ചു പറഞ്ഞു: ബയോറിൻ്റെ മകൻ ബാലാമിന്റെ പ്രവചനം, ദർശനം ലഭിച്ചവന്റെ പ്രവചനം. ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ചവൻ, സർവശക്തനിൽനിന്നു ദർശനം സിദ്ധിച്ചവൻ, തുറന്ന കണ്ണുകളോടെ സമാധിയിൽ ലയിച്ചവൻ പ്രവചിക്കുന്നു: യാക്കോബേ, നിന്റെ കൂടാരങ്ങൾഎത്ര മനോഹരം! ഇസ്രായേലേ, നിൻ്റെ പാളയങ്ങളും വിശാലമായ താഴ്വരപോലെയാണവ; നദീതീരത്തെ ഉദ്യാനങ്ങൾപോലെയും കർത്താവു നട്ട കാരകിൽനിരപോലെയും നീർച്ചാലിനരികേയുള്ള ദേവദാരു പോലെയും. അവന്റെ ഭരണികളിൽനിന്നു വെള്ളം കവിഞ്ഞൊഴുകും, വിത്തുകൾക്കു സമ്യദ്ധമായി ജലം ലഭിക്കും. അവന്റെ രാജാവ് അഗാഗിനെക്കാൾ ഉന്നതനായിരിക്കും. അവന്റെ രാജ്യം മഹത്ത്വമണിയും.
ബാലാം പ്രവചനം തുടർന്നു: ബയോറിൻ്റെ മകൻ ബാലാമിന്റെ പ്രവചനം, ദർശനം ലഭിച്ചവൻ പ്രവചനം:ദൈവത്തിന്റെ വാക്കുകൾ ശ്രവിച്ചവൻ, അത്യുന്നതന്റെ അറിവിൽ പങ്കുചേർന്നവൻ, സർവശക്തനിൽനിന്നു ദർശനം സിദ്ധിച്ചവൻ, തുറന്ന കണ്ണുകളോടെ സമാധിയിൽ ലയിച്ചവൻ പ്രവചിക്കുന്നു: ഞാൻ അവനെ കാണുന്നു, എന്നാൽ ഇപ്പോഴല്ല; ഞാൻ അവനെ ദർശിക്കുന്നു, എന്നാൽ അടുത്തല്ല. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും.
കർത്താവിന്റെ വചനം
പ്രതിവചന സങ്കീർത്തനം
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ! എന്നെ പഠിപ്പിക്കണമേ! എന്തെന്നാൽ, അങ്ങാണല്ലോ എന്നെ രക്ഷ്ഷിക്കുന്ന ദൈവം.
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
കർത്താവേ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ കാരുണ്യവും വിശ്വസ്തതയും അനുസ്മരിക്കണമേ! കർത്താവേ, അങ്ങയുടെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി കരുണാപൂർവം എന്നെ അനുസ്മരിക്കണമേ!
കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ!
കർത്താവു നല്ലവനും നീതിമാനുമാണ്. പാപികൾക്ക് അവിടന്നു നേർവഴി കാട്ടുന്നു. എളിയവരെ അവിടന്നു നീതി മാർഗത്തിൽ നയിക്കുന്നു. വിനീതരെ തന്റെ വഴി പഠിപ്പിക്കുന്നു.
കർത്താവേ അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ.
അല്ലേലൂയാ !
അല്ലേലൂയാ! . കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ! ഞങ്ങൾക്കു രക്ഷ പ്രദാനം ചെയ്യണമേ! അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെനിന്നായിരുന്നു?)
അക്കാലത്ത്, യേശു ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രധാനപുരോഹിതൻമാരും ജനപ്രമാണികളും അവനെ സമീപിച്ചുചോദിച്ചു: എന്തധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നല്കിയത് ആരാണ്? യേശു പറഞ്ഞു: ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ; നിങ്ങൾ എന്നോട് ഉത്തരം പറഞ്ഞാൽ, എന്തധികാരത്താലാണ് ഞാൻ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. യോഹന്നാൻ ജ്ഞാനസ്നാനം എവിടെ നിന്നായിരുന്നു? സ്വർഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ? അവർ പരസ്പരം ആലോചിച്ചു; സ്വർഗത്തിൽനിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ എന്തുകൊണ്ട് നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും. മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാൽ, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു. അതിനാൽ, അവർ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങൾക്കറിഞ്ഞുകൂടാ. അപ്പോൾ അവൻ പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല.




