Word of God

ആഗമനകാലം : മൂന്നാം ഞായർ വചനവായന

മൂന്നാം വാരം ഞായർ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(ദൈവം തന്നെ വന്നു നമ്മെ രക്ഷിക്കും)

വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. കുങ്കുമ ച്ചെടിപോലെ, സമൃദ്‌ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോൻ മഹത്ത്വവും കാർമെലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും. അവ കർത്താവിന്റെ മഹത്ത്വം, നമ്മുടെ ദൈവത്തിന്റെ പ്രതാപം ദർശിക്കും. ദുർബല കരങ്ങൾ ശക്തിപ്പെടുത്തുകയും ബലഹീനമായ കാല് മുട്ടുകൾ ഉറപ്പിക്കുകയും ചെയ്യുവിൻ. ഭയപ്പെട്ടിരിക്കുന്നവരോടു പറയുവിൻ; ഭയപ്പെടേണ്ടാ, ധൈര്യം അവലംബിക്കുവിൻ. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാൻ വരുന്നു; ദൈവത്തിന്റെ പ്രതിഫലവുമായി വന്ന് അവിടന്ന് നിങ്ങളെ രക്ഷിക്കും. അപ്പോൾ, അന്‌ധരുടെ കണ്ണുകൾ തുറക്കപ്പെടും. ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കുകയില്ല. അപ്പോൾ മുടന്തൻ മാനിനെപ്പോലെ കുതിച്ചുചാടും. മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനം ഉതിർക്കും. കർത്താവിൻെറ വീണ്ടെടുക്കപ്പെട്ടവർ തിരിച്ചുവരുകയും ഗാനാലാപത്തോടെ സീയോനിൽ പ്രവേശിക്കുകയും ചെയ്യും. നിത്യമായ സന്തോഷത്തിൽ അവർ മുഴുകും. അവർ സന്തോഷിച്ചുല്ലസിക്കും. ദുഃഖവും നെടുവീർപ്പും അകന്നുപോകും.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ ഞങ്ങളെ രക്ഷിക്കാൻ വരണമേ

മർദിതർക്ക് അവിടന്ന് നീതിനടത്തിക്കൊടുക്കുന്നു. വിശക്കുന്നവർക്ക് അവിടന്ന് ആഹാരം നല്‌കുന്നു. കർത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

കർത്താവേ ഞങ്ങളെ രക്ഷിക്കാൻ വരണമേ

കർത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടന്ന് നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു; അവിടന്നു നീതിമാൻമാരെ സ്നേഹിക്കുന്നു.കർത്താവു പരദേശികളെ പരിപാലിക്കുന്നു;

കർത്താവേ ഞങ്ങളെ രക്ഷിക്കാൻ വരണമേ

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാൽ, ദുഷ്ടരുടെ വഴി അവിടന്നു നാശത്തിലെത്തിക്കുന്നു. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിൻ്റെ ദൈവം തലമുറകളോളം വാഴും; കർത്താവിനെ സ്തുതിക്കുവിൻ.

കർത്താവേ ഞങ്ങളെ രക്ഷിക്കാൻ വരണമേ

രണ്ടാം വായന

വി. യാക്കോബ് എഴുതിയ ലേഖനത്തിൽനിന്ന്

(ദൃഢ ചിത്തരായിരിക്കുവിൻ എന്തുകൊണ്ടെന്നാൽ, കർത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു)

സഹോദരരേ, കർത്താവിന്റെ ആഗമനംവരെ ക്‌ഷമയോടെ കാത്തിരിക്കുവിൻ. ഭൂമിയിൽനിന്ന് നല്ല ഫലങ്ങൾ ലഭിക്കുന്നതിന് കൃഷിക്കാരൻ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്‌ഷിച്ചിരിക്കുന്നതുപോലെ, നിങ്ങളും ക്‌ഷമയോടെയിരിക്കുവിൻ; ദൃഢചിത്തരായിരിക്കുവിൻ. എന്തു കൊണ്ടെന്നാൽ, കർത്താവിൻ്റെ ആഗമനം അടുത്തിരിക്കുന്നു. നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ, എന്റെ സഹോദരരേ, ഒരുവൻ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപൻ ഇതാ, വാതില്ക്കൽ നില്ക്കുന്നു. സഹോദരരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകൻമാരെ സഹനത്തിന്റെയും ക്‌ഷമയുടെയും മാതൃകയായി നിങ്ങൾ സ്വീകരിക്കുവിൻ.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! ദൈവമായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. പീഡിതരെ സദ്‌വാർത്ത അറിയിക്കുന്നതിന് അവിടന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു – അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

( വരാനിരിക്കുന്നവൻ നീ തന്നെയേ? അതോ നങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ? )

അക്കാലത്ത്‌ യോഹന്നാൻ കാരാഗൃഹത്തിൽ വച്ച് ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ട് ശിഷ്യൻമാരെ അയച്ച് അവനോടു ചോദിച്ചു: വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ, ഞങ്ങൾ മറ്റൊരുവനെ പ്രതീക്‌ഷിക്കണമോ? യേശു പറഞ്ഞു: നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നനെ അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു മുടന്തൻമാർ നടക്കുന്നു, കുഷ്‌ഠരോഗികൾ ശുദ്‌ധരാക്കപ്പെടുന്നു ബധിരർ കേൾക്കുന്നു .മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നിൽ ഇടർച്ചതോന്നാത്തവൻ ഭാഗ്യവാൻ.

അവർ പോയതിനുശേഷം യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്തു കാണാനാണു നിങ്ങൾ മരുഭൂമിയിലേക്കുപോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? അല്ലെങ്കിൽ വേറെ എന്തു കാണാനാണു നിങ്ങൾ പോയത്? മൃദുലവസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയോ? മ്യദുല വസ്ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലാണുള്ളത്. അല്ലെങ്കിൽ, പിന്നെ എന്തിനാണു നിങ്ങൾ പോയത്? പ്രവാചകനെ കാണാനോ? അതെ, ഞാൻ നിങ്ങളോടു പറയുന്നു, പ്രവാചകനെക്കാൾ വലിയവനെത്തന്നെ. ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ! നിനക്കുമുമ്പേ എന്റെ ദൂതനെ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ മുമ്പേ പോയി നിനക്കു വഴി ഒരുക്കും. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സ്ത്രീ കളിൽ നിന്നു ജനിച്ചവരിൽ സ്‌നാപകയോഹന്നാനെക്കാൾ വലിയവൻ ഇല്ല. എങ്കിലും സ്വർഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ അവനെക്കാൾ വലിയവനാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.