Word of God

ആഗമനകാലം ഡിസംബർ 24 വചനവായന

നാലാം വാരം ബുധൻ

ഒന്നാം വായന

സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന്

(ദാവീദിന്റെ രാജ്യം കർത്താവിൻ്റെ മുമ്പിൽ എന്നേക്കും നിലനിലിക്കുക!

അക്കാലത്ത്, ദാവീദുരാജാവ് കൊട്ടാരത്തിൽ വസിക്കുകയും ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് കർത്താവ് അവനു സ്വസ്ഥത നല്‌കുകയും ചെയ്തു. അപ്പോൾ അവൻ നാഥാൻ പ്രവാചകനോടു പറഞ്ഞു: നോക്കൂ, ദേവദാരുകൊണ്ടുള്ളകൊട്ടാരത്തിൽ ഞാൻ വസിക്കുന്നു. ദൈവത്തിന്റെ പേടകമോ, കൂടാരത്തിലിരിക്കുന്നു. നാഥാൻ പ്രതിവചിച്ചു: യുക്‌തംപോലെ ചെയ്തുകൊള്ളുക, കർത്താവ് നിന്നോടുകൂടെയുണ്ട്. എന്നാൽ, ആ രാത്രി കർത്താവ് നാഥാനോട് അരുൾചെയ്തു‌: എന്റെ ദാസനായ ദാവീദിനോടു പറയുക: കർത്താവ് അരുൾചെയ്യുന്നു. എനിക്കു വസിക്കാൻ നീ ആലയം പണിയുമോ?

സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു, ആട്ടിടയനായിരുന്ന നിന്നെ മേച്ചിൽസ്‌ഥലത്തുനിന്നെടുത്ത് എന്റെ ജനമായ ഇസ്രായേലിന് അധിപനായി ഞാൻ നിയമിച്ചു. നീ പോയിടത്തെല്ലാം ഞാൻ നിന്നോടുകൂടെയുണ്ടായിരുന്നു. നിന്റെ മുൻപിൽ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നശിപ്പിച്ചു; ഭൂമിയിലുള്ള മഹാത്മാക്കളെപോലെ നിന്നെ ഞാൻ മഹാനാക്കും
എന്റെ ജനമായ ഇസ്രായേലിനു ഞാൻ ഒരു സ്ഥ‌ലം കല്പിച്ചുകൊടുക്കും. അവർ ഇനിയും സുരക്ഷിതരായി സ്വന്തം സ്‌ഥലത്തു പാർക്കേണ്ടതിന് ഞാൻ അവരെ നട്ടുപിടിപ്പിക്കും. എന്റെ ജനമായ ഇസ്രായേലിന് ഞാൻ ന്യായാധിപൻമാരെ നിയമിച്ചാക്കുന്നതിനു മുൻപുള്ള കാലത്തെപ്പോലെ ദുഷ്ട‌ൻമാർ അവരെ ഇനി പീഡിപ്പിക്കുകയില്ല. ശത്രുക്കളിൽനിന്ന് നിനക്കു ഞാൻ ശാന്തി നല്കും. നിന്നെ ഒരു വംശമായി വളർത്തുമെന്നും കർത്താവ് അരുൾചെയ്യുന്നു. നിന്റെ കുടുംബവും രാജത്വവും എന്റെ മുൻപിൽ സ്‌ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്ക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും; എന്റെ അധരങ്ങൾ തലമുറകളോട് അങ്ങയുടെ വിശ്വസ്‌തത പ്രഘോഷിക്കും. എന്തെന്നാൽ, അങ്ങയുടെ കൃപ എന്നേക്കും നിലനില്ക്കുന്നു; അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്‌ഥിരമാണ്.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.

-എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാൻ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവീദിനോടു ഞാൻ ശപഥം ചെയ്തു‌. നിന്റെ സന്തതിയെ എന്നേക്കുമായി ഞാൻ ഉറപ്പിക്കും: നിന്റെ സിംഹാസനം തലമുറകളോളം ഞാൻ നിലനിറുത്തും

കർത്താവേ, ഞാൻ അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.

അവൻ എന്നോട്, എന്റെ പിതാവും എന്റെ ദൈവവും എന്റെ രക്ഷാശിലയും അവിടന്നാണ് എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കും. എന്റെ കരുണ എപ്പോഴും അവന്റെ മേൽ ഉണ്ടായിരിക്കും; അവനോടുള്ള എന്റെ ഉടമ്പടി അചഞ്ചലമായി നിലനില്ക്കും.

കർത്താവേ, ഞാൻ എന്നും അങ്ങയുടെ കാരുണ്യം പ്രകീർത്തിക്കും.

അല്ലേലൂയാ !

അല്ലേലൂയാ! ഉദയരശ്മിയും നിത്യപ്രകാശത്തിന്റെ ധവളപ്രഭയും നീതിസൂര്യന്റെ ശോഭയുമാകുന്ന കർത്താവേ, ഇരുളിലും മരണനിഴലിലും ആയിരിക്കുന്നവർക്ക് വെളിച്ചം വീശിക്കൊണ്ട് വരുക. – അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഉയരത്തിൽനിന്നുള്ള ഉദയരശ്മി നമ്മെ സന്ദർശിക്കും!

അക്കാലത്ത്, യോഹന്നാന്റെ പിതാവായ സഖറിയാ പരിശുദ്ധാത്മാവാൽ നിറഞ്ഞു പ്രവചിച്ചു: ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ. അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ചു രക്ഷിച്ചു ; തന്റെ ദാസനായ ദാവീദിന്റെ ഭവനത്തിൽ നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയർത്തി; ആദി മുതൽ തന്റെ വിശുദ്‌ധൻമാരായ പ്രവാചകൻമാരുടെ അധരങ്ങളിലൂടെ അവിടന്ന് അരുൾചെയ്‌തതുപോലെ, ശത്രുക്കളിൽ നിന്നും നമ്മെ വെറുക്കുന്നവരുടെ കൈയിൽനിന്നും നമ്മെ രക്ഷിക്കാനും നമ്മുടെ പിതാക്കൻമാരോടു വാഗ്ദാനംചെയ്ത കാരുണ്യം നിവർത്തിക്കാനും നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്ത‌ അവിടത്തെ വിശുദ്‌ധമായ ഉടമ്പടി അനുസ‌രിക്കാനും ശത്രുക്കളുടെ കൈകളിൽനിന്നു വിമോചിതരായി, നിർഭയം പരിശുദ്‌ധിയിലും നീതിയിലും എപ്പോഴും അവിടത്തെ മുമ്പിൽ ശുശ്രൂഷ ചെയ്യാൻ വേണ്ട അനുഗ്രഹം നമുക്കു നല്കാനുമായാണ് ഇത്.

നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കാൻ അവിടത്തെ മുമ്പേ നീ പോകും. അത് അവിടത്തെ ജനത്തിന് പാപമോചനം വഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് ഉയരത്തിൽ നിന്നുള്ള ഉദയരശ്മി നമ്മെ സന്ദർശിക്കുമ്പോൾ ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം വീശാനും സമാധാനത്തിന്റെ മാർഗത്തിലേക്ക് നമ്മുടെ പാദങ്ങൾ നയിക്കാനും വേണ്ടിയാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.