യുവാക്കളായ രണ്ടുപേർ ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക്
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ച് മരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയും ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. സെപ്റ്റംബർ 7 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചാണ് ലെയോ പതിനാലാമന്‍ പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക.
ഇവരുടെ അനുസ്മരണാര്‍ഥം വത്തിക്കാൻ സിറ്റി സ്മാരക സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്റ്റാമ്പിൽ ഫ്രസ്സാത്തി കുടുംബത്തിലെ അംഗമായ ആൽബെർട്ടോ ഫാൽചെറ്റി എന്ന കലാകാരൻ വരച്ച പിയർ ജോർജിയോ ഫ്രസ്സാത്തിയുടെ ഛായാചിത്രവും, സ്കൂൾ യാത്രയ്ക്കിടെ ചുവന്ന ഷർട്ട് ധരിച്ച് കറുത്ത ബാഗുംവഹിച്ചുകൊണ്ട് നില്‍ക്കുന്ന കാർലോ അക്യുട്ടിസിന്റെ ചിത്രവുമാണ് സ്റ്റാമ്പുകളിലുള്ളത്. പിയർ ജോർജിയോ ഫ്രസ്സാത്തിയുടെ 50,000 സ്റ്റാമ്പുകളും കാർലോ അക്യുട്ടിസിന്റെ 60,000 സ്റ്റാമ്പുകളുമാണ് പുറത്തിറക്കിയിട്ടുള്ളത്. വിശുദ്ധ പദവി പ്രഖ്യാപനത്തിന് ശേഷം പുതിയ സ്റ്റാമ്പുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പോസ്റ്റ് ഓഫീസിലും എല്ലാ വത്തിക്കാൻ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാകുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.




