സ്വന്തം ലേഖകൻ
പേയാട്: കട്ടക്കോട് ഫൊറോനയിലെ മൈലാടി ഇടവകയിൽ ആകർഷകമായ യൂണിഫോമും കരോൾ ഗാന പുസ്തകവും ഒരുക്കി വ്യത്യസ്തമാവുകയാണ് കരോൾ സംഘങ്ങൾ. ഇടവക വികാരി ഫാ.സാബുക്രിസ്റ്റിയുടെ നേതൃത്വത്തിലാണ് കരോൾ സംഘത്തിന് യൂണിഫോമും കരോൾ ഗാന പുസ്തകവും ഒരുക്കപ്പെട്ടത്.
കരോൾ സംഘങ്ങൾ വീടുകളിലേക്ക് പോകുന്നത് ക്രിസ്തുവിന്റെ വരവ് അറിയിക്കാനാണെന്നും ഉണ്ണിയേശുവിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് മറ്റുള്ളവരെ ആനയിക്കാനുമാണെന്ന ബോധ്യം ആദ്യം ഉണ്ടാകേണ്ടത് കരോൾ സംഘത്തിനാണെന്നും അതിനാലാണ് ഒരുക്കത്തിന്റെ ഭാഗമായും അച്ചടക്കത്തിന്റെ ഭാഗമായും യൂണിഫോമും കരോൾ ഗാന പുസ്തകവും ഒരുക്കിയതെന്ന് ഫാ.സാബുക്രിസ്റ്റി പറഞ്ഞു.
ക്രിസ്തുമസ് പാപ്പയും പാട്ടും ഡാൻസും ബാൻഡുമായി വീടുകളിലേക്ക് പോകുമ്പോൾ നെയ്യാറ്റിൻകര രൂപതയിൽ നിന്ന് വാങ്ങിയ കലണ്ടറും സമ്മാനമായി നൽകുന്നുണ്ട്. മൈലാടി, പുളിയറക്കോണം ഇടവകകളിലാണ് ഇത്തരത്തിലുള്ള ഒരുക്കത്തോടെ കരോളിന് തുടക്കമായത്.




