ഫെബ്രുവരി 17 ബുധൻ
ഒന്നാം വായന
ജോയേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്)
കർത്താവ് അരുൾ ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്. നിങ്ങളുടെ ദൈവമായ കർത്താവിങ്കലേക്കു മടങ്ങുവിൻ. എന്തെന്നാൽ, അവിടന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്; ശിക്ഷ പിൻവലിക്കാൻ സദാ സന്നദ്ധനുമാണ് അവിടന്ന്. നിങ്ങളുടെ ദൈവമായ കർത്താവ് മനസ്സുമാറ്റി, ശിക്ഷ പിൻവലിച്ച്, തനിക്ക് ധാന്യബലിയും പാനീയബലിയും അർപ്പിക്കാനുള്ള അനുഗ്രഹം തരുകയില്ലെന്ന് ആരറിഞ്ഞു? സീയോനിൽ കാഹളം മുഴക്കുവിൻ, ഉപവാസം പ്രഖ്യാപിക്കുവിൻ, മഹാസഭ വിളിച്ചു കൂട്ടുവിൻ, ജനത്തെ ഒരുമിച്ചുകൂട്ടുവിൻ, സമൂഹത്തെ വിശുദ്ധീകരിക്കുവിൻ. ശ്രഷ്ഠൻമാരെ വിളിച്ചു കൂട്ടുവിൻ, കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിൻ. മണവാളൻ തൻ്റെ മണവറയും മണവാട്ടി തന്റെ ഉറക്കറയും വിട്ടു പുറത്തുവരട്ടെ! കർത്താവിന്റെ ശുശ്രൂഷകരായ പുരോഹിതൻമാർ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേ നിന്നു കരഞ്ഞുകൊണ്ടു പ്രാർഥിക്കട്ടെ: കർത്താവേ, അങ്ങയുടെ ജനത്തെ ശിക്ഷിക്കരുതേ! ജനതകളുടെ ഇടയിൽ പഴമൊഴിയും പരിഹാസപാത്രവുമാകാതെ, അങ്ങയുടെ അവകാശം സംരക്ഷിക്കണമേ! എവിടെയാണ് അവരുടെ ദൈവം എന്ന് ജനതകൾ ചോദിക്കാൻ ഇടവരുന്നതെന്തിന്?
അപ്പോൾ കർത്താവ് തൻ്റെ ദേശത്തെപ്രതി അസഹിഷ്ണുവാകുകയും തൻ്റെ ജനത്തോടു കാരുണ്യംകാണിക്കുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, അങ്ങേക്കെതിരായി ഞങ്ങൾ പാപം ചെയ്തു: ഞങ്ങളിൽ കനിയണമേ.
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ!
കർത്താവേ, അങ്ങേക്കെതിരായി ഞങ്ങൾ പാപം ചെയ്തു: ഞങ്ങളിൽ കനിയണമേ.
എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുൻപിലുണ്ട്. അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാൻ പാപംചെയ്തു.
കർത്താവേ, അങ്ങേക്കെതിരായി ഞങ്ങൾ പാപം ചെയ്തു: ഞങ്ങളിൽ കനിയണമേ.
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തു കളയരുതേ!
കർത്താവേ, അങ്ങേക്കെതിരായി ഞങ്ങൾ പാപം ചെയ്തു: ഞങ്ങളിൽ കനിയണമേ.
അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ!കർത്താവേ, എൻറെ അധരങ്ങൾ തുറക്കണമേ! എന്റെ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും.
കർത്താവേ, അങ്ങേക്കെതിരായി ഞങ്ങൾ പാപം ചെയ്തു. ഞങ്ങളിൽ കനിയണമേ.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(ദൈവത്തോട് രമ്യതപ്പെടുവിൻ ഇതാ. ഇപ്പോൾ സ്വീകാര്യമായ സമയം)
സഹോദരരേ, ഞങ്ങൾ ക്രിസ്തുവിൻെറ സ്ഥാനപതികളാണ്. ഞങ്ങൾവഴി ദൈവം നിങ്ങളോട് അഭ്യർഥിക്കുന്നു: നിങ്ങൾ ദൈവത്തോടു രമ്യതപ്പെടുവിൻ. ഇതാണ് ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നത്. എന്തെന്നാൽ, അവനിൽ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കി.
നിങ്ങൾക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യർഥമാക്കരുതെന്ന് അവിടത്തെ സഹപ്രവർത്തകരെന്നനിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. അവിടന്ന് അരുൾചെയ്യുന്നു: സ്വീകാര്യമായ സമയത്ത് ഞാൻ നിന്റെ പ്രാർഥന കേട്ടു. രക്ഷയുടെ ദിവസത്തിൽ ഞാൻ നിന്നെ സഹായിക്കുകയും ചെയ്തു. ഇതാ, ഇപ്പോൾ സ്വീകാര്യമായ സമയം. ഇതാ, ഇപ്പോൾ രക്ഷയുടെ ദിവസം.
കർത്താവിന്റെ വചനം.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി ഇന്ന് നിങ്ങൾ ഹൃദയം കഠിനമാക്കാതെ, കർത്താവിൻ്റെ സ്വരം ശ്രവിക്കുക. കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും)
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾ ചെയ്തു. മറ്റുളളവരെ കാണിക്കാൻ വേണ്ടി അവരുടെ മുമ്പിൽ വച്ച് നിങ്ങളുടെ സത്കർമങ്ങൾ അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. അല്ലെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിങ്കൽ നിങ്ങൾക്കു പ്രതിഫലമില്ല. മറ്റുള്ളവരിൽനിന്നു പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധർമദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തു കൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്കും
നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ, നീ പ്രാർഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യത്തിൽ നിന്റെ പിതാവിനോടു പ്രാർഥിക്കുക; രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും.
നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാൽ, നീ ഉപവസിക്കുന്നത്, അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്കും.




