സ്വന്തം ലേഖകൻ
പാറശാല: ലോകത്തെ ഏറ്റവും വലിയ ഓറിഗാമി ക്രിസ്മസ് നക്ഷത്രം ഗിന്നസ് റെക്കോർഡിലേക്ക്. പാറശാല നെടുവാൻവിള ഹോളി ട്രിനിറ്റി പള്ളിയിൽ ഡിസംബർ 24 വൈകുന്നേരം 5 മണിമുതലാണു ഓറിഗാമി ക്രിസ്മസ് നക്ഷത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്. ചിത്രകാരനും കലാസംവിധായകുനുമായ ഗിന്നസ് ശ്രീരാജാണ് ഒരു ലക്ഷത്തിലേറെ ചെറുനക്ഷത്രങ്ങൾ കൂട്ടി യോജിപ്പിച്ച് കൂറ്റൻ നക്ഷത്രം ഒരുക്കിയിരിക്കുന്നത്.
ചാർലി ചാപ്ലിന്റെയും എലിസബത്ത് രാജ്ഞിയുടെയും ഏറ്റവും വലിയ ചിത്രങ്ങൾ വരച്ച് 2 തവണ ഗിന്നസ് റെക്കോർഡ് നേടിയ ശ്രീരാജിന്റെ അടുത്ത ലക്ഷ്യമാണു ഓറിഗാമി ക്രിസ്മസ് നക്ഷത്രം.
ഹോളി ട്രിനിറ്റി പള്ളിയിലെ അൻപതോളം പേർ ചേർന്ന് വീടുകളിൽ ചെറുനക്ഷത്രങ്ങൾ നിർമിച്ച് പള്ളിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, ശ്രീരാജിന്റെ നേതൃത്വത്തിൽ ഇവ ഒട്ടിച്ചു ചേർത്ത് കൂറ്റൻ നക്ഷത്രത്തിനു ജന്മം നൽകുകയായിരുന്നു.
ക്രിസ്തുമസ് ദിനങ്ങളിൽ വിസ്മയ നക്ഷത്രം നേരിട്ടു കാണാനായി വലിയ ജനക്കൂട്ടങ്ങളാണു പാറശാലയിലെത്തിക്കൊണ്ടിരിക്കുന്നത്.
കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മഞ്ഞാലുംമൂട് തിടുമൺതോട്ടം സ്വദേശികളായ ശാന്തപ്പൻ–സുശീല ദമ്പതികളുടെ മകനാണു ശ്രീരാജ്.
ഇടവക വികാരി ഫാ.ഡി.പി.കിരൺ രാജിന്റെയും സഹവികാരി ഫാ.തോമസ് ജൂസയുടെയും സഹായത്തോടെയാണ് കൂറ്റൻ നക്ഷത്രത്തിന്റെ നിർമാണം സാധ്യമാക്കിയതെന്ന് ശ്രീരാജ് പറഞ്ഞു.




