സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങളെന്നു മുദ്രകുത്തപ്പെട്ട മരുഭൂമികളിൽ പോലും, ജീവന്റെ പുതിയ തുടിപ്പുകൾ കൊണ്ടുവരുവാൻ സാധിക്കണമെന്നും, അപ്രകാരം, അവയെ പ്രത്യാശയുടെ ഉദ്യാനമാക്കി മാറ്റണമെന്നും ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം. റിമിനിയിൽ നടക്കുന്ന 46-ാമത് സൗഹൃദസമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കായി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ വഴി അയച്ച സന്ദേശത്തിലാണ് പാപ്പായുടെ വാക്കുകൾ.
ദൈവം തന്റെ മക്കളുടെ കഷ്ടപ്പാടുകൾ നിരീക്ഷിക്കുകയും കേൾക്കുകയും അറിയുകയും അവരെ മോചിപ്പിക്കാൻ ഇറങ്ങിവരികയും ചെയ്യുമെന്ന തിരുവെഴുത്ത്, ഈ പ്രത്യാശയിലേക്ക് നടന്നടുക്കുവാൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. മരുഭൂമിയിൽ വസിക്കുന്ന സന്യാസിമാരുടെ ജീവിതം ഇതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.
“അൾജീരിയയിലെ രക്തസാക്ഷികളുടെ സാക്ഷ്യമാണ്” ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയമെന്നതിൽ പരിശുദ്ധ പിതാവ് സന്തോഷിക്കുന്നതായും സന്ദേശത്തിൽ പറയുന്നു. മതങ്ങളെയും, സംസ്കാരങ്ങളെയും എതിർക്കുന്ന അവിശ്വാസത്തിന്റെ മതിലുകളെ മറികടന്ന്, യേശുവിനു വേണ്ടി സ്വന്തം ജീവൻ പോലും ത്യാഗം ചെയ്ത അവരുടെ ജീവിതം കാട്ടിത്തരുന്നത് ജീവന്റെ സംഭാഷണമാണെന്നും അതാണ് യഥാർത്ഥ പ്രേഷിതപാതയെന്നും പാപ്പാ പറഞ്ഞു.
ഓരോ സമുദായവും ‘സമാധാനത്തിന്റെ ഭവനം’ ആയിത്തീരട്ടെയെന്നും സംഭാഷണത്തിലൂടെ ശത്രുത ലഘൂകരിക്കാൻ നാം പഠിക്കുകയും, നീതി നടപ്പാക്കുകയും, ക്ഷമ സംരക്ഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു. ദരിദ്രർക്ക് പ്രത്യേകമായ പരിഗണന കൊടുക്കണമെന്നും, മറ്റുള്ളവരുടെ ശബ്ദങ്ങൾ നിഷേധിക്കുന്നതും പരസ്പരം മനസിലാക്കാൻ വിസമ്മതിക്കുന്നതും മനുഷ്യത്വരഹിതമായ യാഥാർഥ്യങ്ങളാണെന്നും ഇവയെ ജീവിതത്തിൽ ഒഴിവാക്കണമെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഡിജിറ്റൽ വിപ്ലവയുഗത്തിൽ പരിശുദ്ധാത്മാവിനാൽ നിവേശിതമായ ഒരു സർഗ്ഗാത്മകത പരിശീലിക്കണമെന്നും, അടിമകളാകാതെ ദൈവത്തിന്റെ മക്കളായി തീരുമ്പോൾ മാത്രമാണ് മരുഭൂമി ഉദ്യാനമായും, വിശുദ്ധർ മുൻകൂട്ടി പറഞ്ഞതുപോലെ ദൈവത്തിന്റെ നഗരമായും മാറുന്നതെന്നും പാപ്പാ സന്ദേശത്തിൽ വിവരിക്കുന്നു.




