സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോന വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ഫെമിലിയ 2025 സംഘടിപ്പിച്ചു. ഫൊറോനയിലെ എല്ലാ വിശ്വാസ പരിശീലന അധ്യാപകരുടെയും വിദ്യാർത്ഥി ലീഡർമാരുടെയും സംഗമമാണ് നടന്നത്. ഫൊറോനാ വികാരി ഫാ.അൽഫോൻസ് ലിഗോരി അധ്യക്ഷത വഹിച്ച ഉദ്ഘാടന പൊതുയോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു. “വിശ്വാസ പരിശീലകർ ക്രിസ്തു ദർശനം ഉൾക്കൊണ്ട് ജീവിച്ച് മാതൃക കാട്ടേണ്ടവരാണെന്ന്” ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് വികാരി ജനറൽ പറഞ്ഞു.
മുള്ളുവിള ഇടവക വികാരി ഫാ.സാബു വർഗീസ്, ഫൊറോന സെക്രട്ടറി സജി, ബിനിൽ എന്നിവർ പൊതുയോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 25 വർഷത്തിനു മുകളിൽ വിശ്വാസ പരിശീലന രംഗത്ത് പ്രവർത്തിച്ച 36 അധ്യാപകരെ സംഗമത്തിൽ വച്ച് ആദരിച്ചു.
തുടർന്ന്, രണ്ട് സെക്ഷനുകളിലായി “ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും ഉച്ചകോടിയുമാണ് വിശുദ്ധ കുർബാന” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസുകൾ ഫാ. സതീഷ് വർഗീസും, ഫാ. അരുൺ രാജ് ഡി.പി.യും നയിച്ചു.
പൊതുയോഗത്തിൽ ഫൊറോന വചനബോധന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ക്രിസ്റ്റഫർ സ്വാഗതമർപ്പിച്ചു. സംഗമത്തിൽ വിദ്യാർത്ഥികളും, അധ്യാപകരുമായി 500-ലധികം പേർ പങ്കെടുത്തു.




