ജനുവരി 04 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽൽനിന്ന്
(കർത്താവിന്റെ മഹത്ത്വം നിന്റെമേൽ ഉരിച്ചിരിക്കുന്നു)
ജറുസലേമേ, ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്ത്വം നിന്റെ മേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കുരിരുട്ട് ജനതകളെയും മൂടും. എന്നാൽ, കർത്താവ് നിന്റെമേൽ ഉദിക്കുകയും അവിടത്തെ മഹത്ത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും. ജനതകൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയ ശോഭയിലേക്കും വരും. കണ്ണുകളുയർത്തി ചുറ്റും നോക്കിക്കാണുക; അവർ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രൻമാർ ദൂരെനിന്നു വരും; പുത്രിമാർ കരങ്ങളിൽ സംവഹിക്കപ്പെടും. ഇതെല്ലാം ദർശിച്ച് നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കൽ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോൾ നിന്റെ ഹൃദയം ആനന്ദപുളകിതമാകും. ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റൻമാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായിൽനിന്നുള്ളവരും വരും. അവർ സ്വർണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കർത്താവിന്റെ കീർത്തനമാലപിക്കുകയും ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
എല്ലാ രാജാക്കന്മാരും നിന്റെ മുൻപിൽ സാഷ്ടംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധർമനിഷ്ഠയും നല്കണമേ! അവൻ അങ്ങയുടെ ജനത്തെ ധർമനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!
എല്ലാ രാജാക്കന്മാരും നിന്റെ മുൻപിൽ സാഷ്ടംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
അവന്റെ കാലത്ത് നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോളംകാലം സമാധാനം പുലരട്ടെ! സമുദ്രം മുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അതിർത്തികൾ വരെയും അവന്റെ ആധിപത്യം നിലനില്ക്കട്ടെ!
എല്ലാ രാജാക്കന്മാരും നിന്റെ മുൻപിൽ സാഷ്ടംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
താർഷീഷിലെയും ദ്വീപുകളിലെയും രാജാക്കൻമാർ അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സേബായിലെയും രാജാക്കൻമാർ അവനു കാഴ്ചകൾകൊണ്ടുവരട്ടെ! എല്ലാ രാജാക്കൻമാരും അവന്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ!
എല്ലാ ജനതകളും അവനെ സേവിക്കട്ടെ!
എല്ലാ രാജാക്കന്മാരും നിന്റെ മുൻപിൽ സാഷ്ടംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസഹായനായ ദരിദ്രനെയും അവൻ മോചിപ്പിക്കും
ദുർബലനോടും പാവപ്പെട്ടവനോടും അവൻ കരുണ കാണിക്കുന്നു:
അഗതികളുടെ ജീവൻ അവൻ രക്ഷിക്കും
എല്ലാ രാജാക്കന്മാരും അവൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കട്ടെ! എല്ലാ ജനതകളും അവനെ സേവിക്കട്ടെ.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(വിജാതീയർ വാഗ്ദാനത്തിൽ ഭാഗഭാക്കുകളുമാണെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു)
സഹോദരരേ, പൗലോസായ ഞാൻ, നിങ്ങൾക്കുവേണ്ടി ദൈവകൃപ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കയാന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാൻ മുമ്പ് ചുരുക്കമായി നിങ്ങൾക്ക് എഴുതിയിട്ടുള്ളതുപോലെ, വെളിപാടുവഴിയാണ് രഹസ്യം എനിക്ക് അറിവായത്. ഇപ്പോൾ അവിടത്തെ വിശുദ്ധരായ അപ്പസ്തോലൻമാർക്കും പ്രവാചകർക്കും പരിശുദ്ധാത്മാവാൽ വെളിവാക്കപ്പെട്ടതുപോലെ, മറ്റു തലമുറകളിലെ മനുഷ്യർക്ക് ഇതു വെളിവാക്കപ്പെട്ടിരുന്നില്ല. ഈ വെളിപാടനുസരിച്ച് വിജാതീയർ കുട്ടവകാശികളും ഒരേ ശരീരത്തിന്റെ അംഗങ്ങളും സുവിശേഷത്തിലൂടെ യേശുക്രിസ്‌തുവിൽ വാഗ്ദാനത്തിന്റെ ഭാഗഭാക്കുകളുമാണ്.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്. അല്ലേലൂയാ
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(കഴക്കുനിന്ന് രാജാവിനെ ആരാധിക്കാൻ ഞങ്ങൾ വന്നിരിക്കുന്നു)
ഹേറോദേസ് രാജാവിൻ്റെ കാലത്ത് യൂദയായിലെ ബേലെഹെമിൽ യേശു ജനിച്ചപ്പോൾ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികൾ ജറുസലെമിലെത്തി. അവർ അന്വേഷിച്ചു: എവിടെയാണ് യഹൂദൻമാരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്. ഇതുകേട്ട് ഹേറോദേസ്‌രാജാവ് അസ്വസ്ഥനായി; അവനോടൊപ്പം ജറുസലെം മുഴുവനും. അവൻ പ്രധാനപുരോഹിതൻ മാരെയും ജനത്തിന്റെയിടയിലെ നിയമജ്‌ഞരെയും വിളിച്ചു കൂട്ടി, ക്രിസ്‌തു എവിടെയാണ് ജനിക്കുന്നതെന്നു ചോദിച്ചു. അവർ പറഞ്ഞു: യൂദയായിലെ ബേത്‌ലെഹെമിൽ. പ്രവാചകൻ എഴുതിയിരിക്കുന്നു. യൂദയായിലെ ബേലെഹെമേ, നീ യൂദയായിലെ പ്രമുഖനഗരങ്ങളിൽ ഒട്ടും താഴേയല്ല; എൻെറ ജനമായ ഇസ്രായേലിനെ നയിക്കാനുള്ളവൻ നിന്നിൽനിന്നാണ് ഉദ്ഭവിക്കുക. അപ്പോൾ ഹേറോദേസ് ആ ജ്‌ഞാനികളെ രഹസ്യത്തിൽ വിളിച്ച്, നക്‌ഷത്രം പ്രത്യക്‌ഷപ്പെട്ടതെപ്പോഴെന്ന് സുക്‌ഷ്‌മമായി ആകാംക്ഷയോടെ അന്വേഷിച്ചറിഞ്ഞു. അവൻ അവരെ ബേത്ലെഹെമിലേക്ക് അയച്ചുകൊണ്ടു പറഞ്ഞു: പോയി ശിശുവിനെപ്പറ്റി സൂക്‌ഷ്‌മമായി അന്വേഷിക്കുക; അവനെ കണ്ടുകഴിയുമ്പോൾ ഞാനും ചെന്ന് ആരാധിക്കേണ്ടതിന് എന്നെയും അറിയിക്കുക. രാജാവു പറഞ്ഞതുകേട്ടിട്ട് അവർ പുറപ്പെട്ടു. കിഴക്കു കണ്ട നക്ഷത്രം അവർക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത ശിശു കിടക്കുന്ന സ്ഥലത്തിനുമുകളിൽ വന്നു നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു. അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടെ കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയർപ്പിച്ചു. ഹേറോദേസിന്റെ അടുത്തേക്കു മടങ്ങിപ്പോകരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പുലഭിച്ചതനുസരിച്ച് അവർ മറ്റൊരു വഴിയേ സ്വദേശത്തേക്കു പോയി.




