ഡിസംബർ 25 വ്യാഴം
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽൽനിന്ന്
(നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു)
അന്ധകാരത്തിൽ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർധിപ്പിച്ചു: അവർക്ക് അത്യധികമായ ആനന്ദം നല്കി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ചവസ്തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുൻപിൽ ആഹ്ളാദിക്കുന്നു. അവൻ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മർദകന്റെ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകർത്തുകളഞ്ഞിരിക്കുന്നു. അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്നിയിൽ ദഹിക്കും; എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും. ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്സീമമാണ്; അവന്റെ സമാധാനം അനന്തവും നീതിയിലും ധർമത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാൻ തന്നെ. സൈന്യങ്ങളുടെ കർത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.
കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ, ഭൂമി മുഴുവൻ കർത്താവിനെ പാടിസ്തുതിക്കട്ടെ! കർത്താവിനെ പാടിപ്പുകഴ്ത്തുവിൻ അവിടത്തെ നാമം വാഴ്ത്തുവിൻ, അവിടത്തെ രക്ഷ പ്രതിദിനം പ്രകീർത്തിക്കുവിൻ
നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.
ജനതകളുടെയിടയിൽ അവിടത്തെ മഹത്ത്വം പ്രഘോഷിക്കുവിൻ; ജനപദങ്ങളുടെയിടയിൽ അവിടത്തെ അദ്ഭുതപ്രവൃത്തികൾ വർണിക്കുവിൻ.
നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.
ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആർപ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോൾ കർത്താവിന്റെ സന്നിധിയിൽ വനവൃക്ഷങ്ങൾ ആനന്ദഗീതം ഉതിർക്കും.
നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.
എന്തെന്നാൽ, അവിടന്നു വരുന്നു; അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു: അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തീത്തോസിന് എഴുതിയ ലേഖനത്തിൽനിന്ന്
(ദൈവത്തിൻ്റെ ക്യപ എല്ലാ മനുഷ്യർക്കും പ്രത്യക്ഷപ്പെട്ടിരിക്കുന്നു)
എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിർമതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തിൽ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷഷകനായ യേശുക്രിസ്തുവിന്റെയും മഹത്ത്വം പ്രത്യക്ഷമാകുമ്പോൾ, കൈവരാൻപോകുന്ന അനുഗ്രഹപൂർണമായ പ്രത്യാശ നാം കാത്തിരിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു എല്ലാ തിൻമകളിലും നിന്നു നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവൃത്തികൾ ചെയ്യുന്നതിൽ തീക്ഷണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയർപ്പിച്ചു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! ഇതാ, സകല ജനത്തിനും വേണ്ടി യുള്ള വലിയ സന്തോഷത്തിൻറെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല് പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുമ്പോൾ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കു പോയി. ജോസഫ് ദാവീദിൻ്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാൻ ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്ന് യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽപുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടുപൊതിഞ്ഞ് പുല്ത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല
ആ പ്രദേശത്തെ വയലുകളിൽ, ആടുകളെ രാത്രികാത്തു കൊണ്ടിരുന്ന ഇടയൻമാർ ഉണ്ടായിരുന്നു. കർത്താവിന്റെ ദൂതൻ അവരുടെ അടുത്തെത്തി. കർത്താവിന്റെ മഹത്ത്വം അവരുടെ മേൽ പ്രകാശിച്ചു. അവർ ഏറെ ഭയപ്പെട്ടു. ദൂതൻ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകലജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെഅറിയിക്കുന്നു. ദാവീദിൻെറ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങൾക്ക് അടയാളം: പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ്, പുല്ത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും. പെട്ടെന്ന്, സ്വർഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചു കൊണ്ടു പറഞ്ഞു: അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം! ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്കു സമാധാനം!




