സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: നോമ്പുകാലം, ജ്ഞാനസ്നാനത്തിന്റെ കൃപ തിരിച്ചറിയുവാനുള്ള സമയമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ. ഫെബ്രുവരി 20 ഞായറാഴ്ച്ച, റോമൻ രൂപതയിലെ തന്റെ അജപാലന സന്ദർശനത്തിന്റെ ഭാഗമായി റോമിലെ പ്രധാന റെയിൽവേ നിലയത്തിന് സമീപമുള്ള കാസ്ത്രോ പ്രെത്തോറിയോ തിരുഹൃദയ ഇടവക ബസിലിക്കയിൽ വിശ്വാസികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ബലിയർപ്പണം നടത്തുകയുമായിരുന്നു പാപ്പാ.
നാം സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ മഹത്വം മനസിലാക്കുന്നതിനും യേശുവിന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ നവീകരിക്കപ്പെട്ട സൃഷ്ടികളായി ജീവിക്കുന്നതിനുമുള്ള അവസരമാണ് നോമ്പുകാലമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പുതിയ മാനവികത മാമ്മോദീസയിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്നും മാമ്മോദീസയുടെ കൃപ വീണ്ടും കണ്ടെത്താൻ ഈ നോമ്പുകാലത്ത് ഏവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നു ഓർമ്മിപ്പിച്ചു. കൂദാശയുടെ ഈ കൃപ യേശുവിനോട് പൊരുത്തപ്പെടാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ആന്തരിക ശബ്ദമാണെന്നും ദൈവത്തോടും, അയൽക്കാരോടുമുള്ള സ്നേഹത്തിന്റെ പൂർത്തീകരണം കണ്ടെത്തുന്നതിനായി ഈ കൂദാശ നമ്മെ സ്വതന്ത്രമാക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു.
യേശുവുമായി സൗഹൃദത്തിൽ ജീവിക്കാനും അങ്ങനെ പിതാവുമായുള്ള കൂട്ടായ്മയിലേക്ക് പ്രവേശിക്കാനും നമ്മെ വിളിക്കുന്ന മാമ്മോദീസയുടെ ചൈതന്യം സാഹോദര്യത്തിൽ ജീവിക്കുവാൻ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.



