സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ പള്ളിയായ അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ മോഷണം. ഇന്നലെ സെപ്തംബർ 22 തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. മോഷണം നടത്തിയ യുവാവ് സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
പള്ളിയിലെത്തിയ യുവാവ് 20 മിനിറ്റിലധികം സമയം പരിസരം വീക്ഷിച്ചു. തുടർന്ന് പള്ളിക്കുള്ളിൽ അൾത്താരയുടെ മുൻപിലുണ്ടായിരുന്ന മൈക്ക്സ്റ്റാൻഡെടുത്ത് മാതാവിന്റെ രൂപക്കൂടിന്റെ പൂട്ട് തല്ലിത്തകർത്താണ് മോഷണം നടത്തിയത്.
മാതാവിന്റെ സ്വരൂപത്തിൽ ചാർത്തിയിരുന്ന 10 രൂപയുടെയും 500 രൂപയുടെയും രണ്ട് നോട്ട് മാലകളും നോട്ടുമാലയോടൊപ്പം ഉണ്ടായിരുന്ന സ്വർണ്ണ കുരിശുമാണ് കവർന്നത്.
വൈകിട്ട് 6.30 ഓടെ പള്ളിയിലെത്തിയ കപ്യാരാണ് മോഷണ വിവരമറിഞ്ഞത്. തുടർന്ന് പള്ളി സെക്രട്ടറിയും അക്കൗണ്ടന്റും ചേർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




