സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരിക്കുന്നതിൽ പ്രതിക്ഷേധിച്ച് തിരുവന്തപുരത്തും നെയ്യാറ്റിൻകരയിലും സഭാ മേലധ്യക്ഷന്മാരും വൈദീകരും വിശ്വാസികളും അണിനിരക്കുന്ന പ്രതിഷേധ ധർണ്ണ നടക്കും. ഇന്ന്, ജൂലൈ 30 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും രാജ് ഭവനിലേക്ക് വിവിധ ക്രൈസ്തവസഭ മേലധ്യക്ഷന്മാർ നയിക്കുന്ന റാലിനടക്കും.
നെയ്യാറ്റിൻകരയിൽ കെ.എൽ.സി.എ.യുടെ നേതൃത്വത്തിൽ ബസ്റ്റാൻഡ് ജംഗ്ഷനിലാണ് വൈകിട്ട് 6 മണിക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ കേരളമെമ്പാടും ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മതസ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് പോലീസിനെയും അന്വേഷണ ഏജൻസികളെയും നോക്കുകുത്തികളാക്കി ഏതാനും സംഘടനകൾ നിയമം കയ്യിലെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത്തരത്തിൽ പരസ്യമായി പെരുമാറിയവരെ അനുകൂലിക്കുന്ന നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്.




