ഡിസംബർ 28 ഞായർ
ഒന്നാം വായന
പ്രഭാഷകന്റെ പുസ്തകത്തിൽൽനിന്ന്
മക്കൾ പിതാവിനെ ബഹുമാനിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു.അവിടന്ന് പുത്രൻമാരുടെമേൽ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു.പിതാവിനെ ബഹുമാനിക്കുന്നവൻ തൻ്റെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യുന്നു.അമ്മയെ മഹത്ത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു.പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും.
അവന്റെ പ്രാർഥന കർത്താവ് കേൾക്കും.പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും കർത്താവിനെ അനുസരിക്കുന്നവൻ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.മകനേ, പിതാവിനെ വാർദ്ധക്യത്തിൽ സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.അവന് അറിവു കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക;നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്.പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല; പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും.കഷ്ടതയുടെ ദിനത്തിൽ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ.
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. നിൻറെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നൻമ വരും.
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ.
നിന്റെ ഭാര്യ ഭവനത്തിൽ ഫലസമ്യദ്ധമായ മുന്തിരി പോലെയായിരിക്കും; നിന്റെ മക്കൾ നിൻെറ മേശയ്ക്കുചുറ്റും ഒലിവുതൈകൾപോലെയും.
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ.
കർത്താവിന്റെ ഭക്തൻ ഇപ്രകാരം അനുഗൃഹീതനാകും. കർത്താവു സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്കാലമത്രയും നീ ജറുസലെമിന്റെ ഐശ്വര്യം കാണും.
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (3 : 12-21)
(കർത്താവിനുള്ള കുടുംബജീവിതം)
സഹോദരരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയിൽ നിങ്ങൾ കാരുണ്യം, ദയ, വിനയം, സൗമ്യശീലം, ക്ഷമ എന്നിവ ധരിക്കുവിൻ. ഒരാൾക്കു മറ്റൊരാളോടു പരിഭവമുണ്ടായാൽ, പരസ്പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കണം. സർവോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാൽ, നിങ്ങൾ കൃതജ്ഞതാനിർഭരരായിരിക്കുവിൻ. പരസ്പരം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞത നിറഞ്ഞഹൃദയത്തോടെ, ദൈവത്തിനു സങ്കീർത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിൻെറ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ! നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തുചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായ ദൈവത്തിന് കൃതജ്ഞതയർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ.
ഭാര്യമാരേ, നിങ്ങൾ കർത്താവിനു യോഗ്യമാംവിധം ഭർത്താക്കൻമാർക്കു വിധേയരായിരിക്കുവിൻ. ഭർത്താക്കൻമാരേ, നിങ്ങൾ ഭാര്യമാരെ സ്നേഹിക്കുവിൻ. അവരോടു നിർദയമായി പെരുമാറരുത്. കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കൻമാരെ അനുസരിക്കുവിൻ. ഇതു കർത്താവിനു പ്രീതികരമത്രേ. പിതാക്കൻമാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്. പ്രകോപിപ്പിച്ചാൽ അവർ നിരുൻമേഷരാകും,
കർത്താവിന്റെ വചനം.
അല്ലേലൂയാ !
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! – ക്രിസ്തുവിൻ്റെ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ശിശുവിനെയും അവിടത്തെ മാതാവിനെയും കൂട്ടിക്കൊണ്ട് വേഗം ഈജിപ്തിലേക്കു പോകുക)
പൗരസ്ത്യദേശത്തുനിന്നു വന്ന മൂന്നു ജ്ഞാനികൾ പൊയ്ക്കഴിഞ്ഞപ്പോൾ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാൻ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാൻവേണ്ടി ഉടനേ അന്വേഷണം തുടങ്ങും. അവൻ ഉണർന്ന്, ശിശുവിനെയും അമ്മയെയും കുട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിൻെറ മരണംവരെ അവിടെ വസിച്ചു. ഈജിപ്തിൽനിന്നു ഞാൻ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കർത്താവ് അരുൾചെയ്തതു പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തിൽ വച്ചു കർത്താവിന്റെ ദൂതൻ ജോസഫിനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാൻ ശ്രമിച്ചവർ മരിച്ചുകഴിഞ്ഞു. അവൻ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേൽദേശത്തേക്കു പുറപ്പെട്ടു. മകൻ അർക്കലാവോസാണ് പിതാവായ ഹേറോദേസിൻെറ സ്ഥാനത്ത് യൂദയായിൽ ഭരിക്കുന്നതെന്നു കേട്ടപ്പോൾ അവിടേക്കുപോകാൻ ജോസഫിനു ഭയമായി. സ്വപ്നത്തിൽ ലഭിച്ച മുന്നറിയിപ്പനുസരിച്ച് അവൻ ഗലീലി പ്രദേശത്തേക്കു പോയി. അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകൻവഴി അരുൾചെയ്യപ്പെട്ടതു നിവൃത്തിയാകാൻ, നസ്രത്ത് എന്ന പട്ടണത്തിൽ അവൻ ചെന്നു പാർത്തു.




