ജനുവരി 09 വെള്ളി
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
വാത്സല്യമുള്ളവരേ, യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്? ജലത്താലും രക്തത്താലും വന്നവൻ ഇവനാണ് – യേശുക്രിസ്തു.ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവൻ വന്നത്. ആത്മാവാണ് സാക്ഷ്യം നല്കുന്നത്. ആത്മാവ് സത്യ മാണ്. മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം.
ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു. മനുഷ്യരുടെ നാം സാക്ഷ്യം സ്വീകരിക്കുന്നെങ്കിൽ, ദൈവത്തിൻെറ സാക്ഷ്യം അതിനെക്കാൾ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്കിയിരിക്കുന്ന സാക്ഷ്യം. ദൈവ പുത്രനിൽ വിശ്വസിക്കുന്നവന് അവനിൽത്തന്നെ സാക്ഷ്യമുണ്ട്. ദൈവത്തെ വിശ്വസിക്കാത്തവൻ, ദൈവം തൻെറ പുത്രനെക്കുറിച്ചു നല്കിയ സാക്ഷ്യം വിശ്വസിക്കായ്കകൊണ്ട് അവിടത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു. ഇതാണ് ആ സാക്ഷ്യം: ദൈവം നമുക്കു നിത്യജീവൻ നല്കി. ഈ ജീവൻ അവിടത്തെ പുത്രനിലാണ്. പുത്രനെ സ്വന്തമാക്കിയവൻ ജീവൻ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവന് ജീവനില്ല. ഞാൻ ഇവയെല്ലാം എഴുതിയത് ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവനുണ്ട് എന്നു നിങ്ങൾ അറിയേണ്ടതിനാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ജറുസലേമേ, കർത്താവിനെ സ്തുതിക്കുക
ജറുസലേമേ, കർത്താവിനെ സ്തുതിക്കുക; സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക. നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ അവിടന്നു ബലപ്പെടുത്തുന്നു; നിന്റെ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടന്ന് അനുഗ്രഹിക്കുന്നു.
ജറുസലേമേ, കർത്താവിനെ സ്തുതിക്കുക
അവിടന്നു നിന്റെ അതിർത്തികളിൽ സമാധാനം സ്ഥാപിക്കുന്നു; അവിടന്നു വിശിഷ്ടമായ ഗോതമ്പുകൊണ്ട് നിന്നെ തൃപ്തയാക്കുന്നു. അവിടന്ന് ഭൂമിയിലേക്കു കല്പന അയയ്ക്കുന്നു; അവിടത്തെ വചനം പാഞ്ഞുവരുന്നു.
ജറുസലേമേ, കർത്താവിനെ സ്തുതിക്കുക
അവിടന്ന് യാക്കോബിന് തന്റെ കല്പനയും ഇസ്രായേലിന് തന്റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടത്തെ പ്രമാണങ്ങൾ അവർക്ക് അജ്ഞാതമാണ്.
ജറുസലേമേ, കർത്താവിനെ സ്തുതിക്കുക
അല്ലേലൂയാ !
യേശു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി)
അക്കാലത്ത്, യേശു ഒരു പട്ടണത്തിൽ ആയിരിക്കുമ്പോൾ ഒരു കുഷ്ഠരോഗി വന്ന് അവനെക്കണ്ട് സാഷ്ടാംഗം വീണു പ്രാർഥിച്ചു: കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. യേശു കൈനീട്ടി അവനെ തൊട്ടു കൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ! തത്ക്ഷണം കുഷ്ഠം അവനെ വിട്ടുമാറി. യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്. പോയി, നിന്നത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്പിച്ചതനുസരിച്ച് ജനങ്ങൾക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുക. എന്നാൽ, യേശുവിന്റെ കീർത്തി പൂർവാധികം വ്യാപിച്ചതേയുള്ളൂ. അവന്റെ വാക്കു കേൾക്കുന്നതിനും രോഗശാന്തി നേടുന്നതിനും വേണ്ടി വളരെ ആളുകൾ തിങ്ങിക്കൂടി. അവനാകട്ടെ വിജന പ്രദേശങ്ങളിലേക്കു പിൻവാങ്ങി അവിടെ പ്രാർഥിച്ചു കൊണ്ടിരുന്നു.




