ഫെബ്രുവരി 20 വെള്ളി
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്?)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ആവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറയുക. കാഹളംപോലെ സ്വരമുയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങൾ, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങൾ വിളിച്ചുപറയുക. നീതി പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിൻ്റെ കല്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവർ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാർഗം തേടുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു. അവർ എന്നോട് നീതിവിധികൾ ആരായുന്നു; ദൈവത്തോട് അടുക്കാൻ താത്പര്യം കാണിക്കുകയും ചെയ്യുന്നു. ഞങ്ങൾ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ! ഞങ്ങൾ എന്തിന് ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അതു ശ്രദ്ധിക്കുന്നില്ലല്ലോ! എന്നാൽ, ഉപവസിക്കുമ്പോൾ നിങ്ങൾ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങൾ പീഡിപ്പിക്കുന്നു. കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ക്രൂരമായി മുഷ്ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങൾ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തിലെത്താൻ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല. ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കുവിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങൾ ഉപവാസമെന്നും കർത്താവിനു സ്വീകാര്യമായ ദിവസമെന്നും വിളിക്കുന്നത്? ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ, ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്? അപ്പോൾ, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിൻ്റെ നീതി നിന്റെ മുൻപിലും കർത്താവിൻ്റെ മഹത്ത്വം നിൻ്റെ പിൻപിലും നിന്നെ സംരക്ഷിക്കും. നീ പ്രാർഥിച്ചാൽ കർത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോൾ ഇതാ ഞാൻ, എന്ന് അവിടന്ന് മറുപടി തരും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എൻ്റെ അകൃത്യംനിശ്ശേഷം കഴുകിക്കളയണമേ! എൻ്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കൺമുൻപിലുണ്ട്. അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാൻ പാപം ചെയ്തു. അങ്ങയുടെ മുൻപിൽ ഞാൻ തിൻമ പ്രവർത്തിച്ചു.
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ബലികളിൽ അങ്ങു പ്രസാദിക്കുന്നില്ല; ഞാൻ ദഹനബലി അർപ്പിച്ചാൽ അങ്ങു സന്തുഷ്ടനാവുകയുമില്ല. ഉരുകിയ മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.തിന്മയല്ല, നന്മ അന്വേഷിക്കുവിൻ; നിങ്ങൾ ജീവിക്കും. അപ്പോൾ കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും, അപ്പോൾ അവർ ഉപവസിക്കും)
അക്കാലത്ത്, യോഹന്നാൻ്റെ ശിഷ്യൻമാർ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? അവൻ അവരോടു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ദുഃഖമാചരിക്കാനാവുമോ? മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും.




