ഫെബ്രുവരി 19 വ്യാഴം
ഒന്നാം വായന
നിയമാവർത്തനപുസ്തകത്തിൽനിന്ന്
(ഈ ദിവസം നിങ്ങളുടെ മുമ്പിൽ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു)
അക്കാലത്ത്, മോശ ജനങ്ങളോടു പറഞ്ഞു: ഇന്നു ഞാൻ നിന്റെ മുൻപിൽ ജീവനും നൻമയും മരണവും തിൻമയും വച്ചിരിക്കുന്നു. ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുകയും അവിടത്തെ മാർഗത്തിൽ ചരിക്കുകയും അവിടത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താൽ നീ ജീവിക്കും; നീ കൈവശമാക്കാൻപോകുന്ന ദേശത്ത് നിന്റെ ദൈവമായ കർത്താവ് നിന്നെ അനുഗ്രഹിച്ചു വർധിപ്പിക്കും. എന്നാൽ, ഇവയൊന്നും കേൾക്കാതെ നിന്റെ ഹൃദയം വ്യതിചലിക്കുകയും അന്യദേവൻമാരെ ആരാധിക്കുന്നതിനും അവരെ സേവിക്കുന്നതിനുമായി വശീകരിക്കപ്പെടുകയും ചെയ്താൽ നീ തീർച്ചയായും നശിക്കുമെന്നും ജോർദാൻ കടന്ന് കൈവശമാക്കാൻ പോകുന്ന ദേശത്ത് ദീർഘകാലം ജീവിക്കുകയില്ലെന്നും ഇന്നു ഞാൻഉറപ്പിച്ചുപറയുന്നു. ജീവനും മരണവും അനുഗ്രഹവും ശാപവും ഞാൻ നിന്റെ മുൻപിൽ വച്ചിരിക്കുന്നു. എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്നു നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിന് ജീവൻ തിരഞ്ഞെടുക്കുക. നിന്റെ ദൈവമായ കർത്താവിനെ സ്നേഹിച്ച്, അവിടത്തെ വാക്കുകേട്ട്, അവിടത്തോടു ചേർന്നു നില്ക്കുക; നിനക്കു ജീവനും ദീർഘായുസ്സും ലഭിക്കും. നിന്റെ പിതാക്കൻമാരായ അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും നല്കുമെന്നു കർത്താവു ശപഥം ചെയ്ത ദേശത്തു നീ വസിക്കുകയും ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ. അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്; രാവുംപകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവൻ; അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
ദുഷ്ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ. കർത്താവ് നീതിമാൻമാരുടെ മാർഗം അറിയുന്നു; ദുഷ്ടരുടെ മാർഗം നാശത്തിൽ അവസാനിക്കും.
കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.കർത്താവ് അരുൾചെയ്യുന്നു: മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതിനെ രക്ഷിക്കും)
അക്കാലത്ത്, അവൻ അരുൾചെയ്തു: മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പുരോഹിത പ്രമുഖൻമാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. അവൻ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നെപ്രതി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ, അവന് എന്തു പ്രയോജനം?




