Word of God

തപസ്സുകാലം ഒന്നാം വാരം ഫെബ്രുവരി 28 വചനവായന

ഫെബ്രുവരി 28 ശനി

ഒന്നാം വായന

നിയമാവർത്തനപ്പുസ്‌തകത്തിൽനിന്ന്

(നിന്റെ ദൈവമായ കർത്താവിന് നീ ഒരു വിശുദ്ധജനമായിരിക്കും)

അക്കാലത്ത്, മോശ ജനത്തോടു പറഞ്ഞു: ഈ ചട്ടങ്ങളും വിധികളും ആചരിക്കാൻ ഈ ദിവസം നിന്റെ ദൈവമായ കർത്താവു നിന്നോടു കല്പ്‌പിക്കുന്നു. നീ അവയെ പൂർണഹൃദയത്തോടും പൂർണാത്‌മാവോടും കൂടെ ശ്രദ്‌ധാപൂർവം കാത്തു പാലിക്കണം. കർത്താവാണ് നിൻ്റെ ദൈവമെന്നും നീ അവിടത്തെ മാർഗത്തിലൂടെ ചരിക്കുകയും അവിടത്തെ ചട്ടങ്ങളും കല്പനകളും നിയമങ്ങളും അനുസരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യും എന്നും ഇന്നു നീ പ്രഖ്യാപിച്ചിരിക്കുന്നു. തന്റെ വാഗ്ദാനമനുസരിച്ച് നീ തന്റെ പ്രത്യേക ജനമാണെന്നും തന്റെ കല്‌പനകളെല്ലാം അനുസരിക്കണമെന്നും ഇന്നു കർത്താവു നിന്നോടു പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, താൻ സൃഷ്‌ടിച്ച സകല ജനതകൾക്കും ഉള്ളതിനെക്കാൾ ഉന്നതമായ നാമവും ബഹുമതിയും അവിടന്നു നിങ്ങൾക്കു നല്‌കും. അവിടന്ന് അരുൾ ചെയ്‌തിട്ടുള്ളതുപോലെ നിൻെറ ദൈവമായ കർത്താവിന് നീ ഒരു വിശുദ്‌ധജനമായിരിക്കുകയും ചെയ്യും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിൻ്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ

അപങ്കിലമായ മാർഗത്തിൽ ചരിക്കുന്നവർ, കർത്താവിന്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാൻമാർ അവിടത്തെ കല്പനകൾ പാലിക്കുന്നവർ, പൂർണഹൃദയത്തോടെ അവിടത്തെ തേടുന്നവർ ഭാഗ്യവാൻമാർ

കർത്താവിൻ്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ

അങ്ങയുടെ പ്രമാണങ്ങൾ ശ്രദ്‌ധാപൂർവം പാലിക്കണമെന്ന് അങ്ങു കല്പിച്ചിരിക്കുന്നു. അങ്ങയുടെ ചട്ടങ്ങൾ പാലിക്കുന്നതിൽ ഞാൻ സ്ഥഥിരതയുള്ളവനായിരുന്നെങ്കിൽ

കർത്താവിൻ്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ

അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങൾ പഠിക്കുമ്പോൾ ഞാൻ പരമാർഥഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ അനുസരിക്കും; എന്നെ പൂർണമായും പരിത്യജിക്കരുതേ!

കർത്താവിൻ്റെ നിയമം അനുസരിക്കുന്നവർ ഭാഗ്യവാന്മാർ

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്‌തുതി
ഇതാ, സ്വീകാര്യമായ സമയം. ഇതാ രക്ഷയുടെ ദിവസം.
കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ)

അക്കാലത്ത്, അയല്ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. അങ്ങനെ, നിങ്ങൾ നിങ്ങളുടെ സ്വർഗസ്‌ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടന്ന് ശിഷ്ടരുടെയും ദുഷ്‌ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ നിങ്ങൾക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാർപോലും അതുതന്നെ ചെയ്യുന്നില്ലേ? സഹോദരങ്ങളെ മാത്രമേ നിങ്ങൾ അഭിവാദനം ചെയ്യുന്നുള്ളൂവെങ്കിൽ വിശേഷവിധിയായി എന്താണു നിങ്ങൾചെയ്യുന്നത്? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ? അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥ‌നായ പിതാവ് പരിപൂർണനായിരിക്കുന്നത പോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ.

കർത്താവിന്റെ വചനം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.