Word of God

തപസ്സുകാലം ഒന്നാം വാരം ഫെബ്രുവരി 27 വചനവായന

ഫെബ്രുവരി 27 വെള്ളി

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ദുഷ്ടന്റെ മരണത്തിൽ എനിക്കു സന്തോഷമുണ്ടോ? അവൻ ദുർമാർഗത്തിൽ നിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ. എന്റെ ആഗ്രഹം?)

ദൈവമായ കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ദുഷ്ടൻ താൻ ചെയ്ത പാപങ്ങളിൽ നിന്നെല്ലാം പിന്തിരിയുകയും എന്റെ കല്പനകൾ അനുസരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്‌താൽ അവൻ തീർച്ചയായും ജീവിക്കും; മരിക്കുകയില്ല. അവൻ ചെയ്‌തിട്ടുള്ള അതിക്രമങ്ങൾ അവനെതിരായി പരിഗണിക്കപ്പെടുകയില്ല. അവൻ പ്രവർത്തിച്ചിട്ടുള്ള നീതിയെപ്രതി അവൻ ജീവിക്കും. ദൈവമായ കർത്താവ് ചോദിക്കുന്നു: ദുഷ്ടന്റെ മരണത്തിൽ എനിക്കു സന്തോഷമുണ്ടോ? അവൻ ദുർമാർഗത്തിൽനിന്നു പിന്തിരിയുകയും ജീവിക്കുകയും ചെയ്യണമെന്നല്ലേ, എന്റെ ആഗ്രഹം? നീതിമാൻ നീതിയുടെ പാതയിൽ നിന്നു വ്യതിചലിച്ച് തിൻമ പ്രവർത്തിക്കുകയും ദുഷ്ടൻ പ്രവർത്തിക്കുന്ന മ്ലേച്ഛതകൾ തന്നെ ആവർത്തിക്കുകയും ചെയ്താൽ, അവൻ ജീവിക്കുമോ? അവൻ ചെയ്തിട്ടുള്ള നീതിപൂർവകമായ പ്രവൃത്തികളൊന്നും പരിഗണിക്കപ്പെടുകയില്ല. അവൻ അവിശ്വസ്‌തതയും പാപവുംമൂലം അവൻ മരിക്കും. എന്നിട്ടും കർത്താവിൻ്റെ വഴി നീതിപൂർവകമല്ല എന്നു നിങ്ങൾപറയുന്നു. ഇസ്രായേൽ ഭവനമേ, കേൾക്കുക. എന്റെ വഴി നീതിപൂർവകമല്ലേ? നിങ്ങളുടെ വഴികളല്ലേ, നീതിക്കു നിരക്കാത്തത്? നീതിമാൻ തന്റെ നീതിമാർഗം വെടിഞ്ഞ് തിൻമ പ്രവർത്തിച്ചാൽ, ആ തിൻമകൾ നിമിത്തം അവൻ മരിക്കും: അവൻ ചെയ്ത അക്യത്യങ്ങൾ നിമിത്തം അവൻ മരിക്കും. ദുഷ്‌ടൻ താൻ പ്രവർത്തിച്ചിരുന്ന തിൻമയിൽനിന്നു പിന്തിരിഞ്ഞ് നീതിയും ന്യായവും പാലിച്ചാൽ അവൻ തൻ്റെ ജീവൻ രക്ഷിക്കും. താൻ പ്രവർത്തിച്ചിരുന്ന തിൻമകൾ മനസ്‌സിലാക്കി അവയിൽനിന്നു പിൻമാറിയതിനാൽ അവൻ തീർച്ചയായും ജീവിക്കും; അവൻ മരിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങ് പാപങ്ങളുടെ കണക്കുവച്ചാൽ ആർക്ക് നിലനില്ക്കാനാവും?

കർത്താവേ, അഗാധത്തിൽനിന്നു ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! ചെവി ചായിച്ച് എൻ്റെ യാചനകളുടെ സ്വരം ശ്രവിക്കണമേ!

കർത്താവേ, അങ്ങ് പാപങ്ങളുടെ കണക്കുവച്ചാൽ ആർക്ക് നിലനില്ക്കാനാവും?

കർത്താവേ, അങ്ങു പാപങ്ങളുടെ കണക്കുവച്ചാൽ ആർക്കു നിലനില്ക്കാനാവും? എന്നാൽ, അങ്ങ് പാപം പൊറുക്കുന്നവനാണ്;
അതുകൊണ്ട് ഞങ്ങൾ അങ്ങയുടെ മുൻപിൽ ഭയ ഭക്തികളോടെ നില്ക്കുന്നു.

കർത്താവേ, അങ്ങ് പാപങ്ങളുടെ കണക്കുവച്ചാൽ ആർക്കു നിലനില്ക്കാനാവും?

ഞാൻ കാത്തിരിക്കുന്നു, എന്റെ ആത്മാവു കർത്താവിനെ കാത്തിരിക്കുന്നു. അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു. പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്ക്കാരെക്കാൾ ആകാംക്‌ഷയോടെ ഞാൻ കർത്താവിനെ കാത്തിരിക്കുന്നു.

ർത്താവേ, അങ്ങ് പാപങ്ങളുടെ കണക്കുവച്ചാൽ ആർക്ക് നിലനില്ക്കാനാവും?

പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്ക്കാരെക്കാൾ ആകാംക്‌ഷയോടെ ഇസ്രായേൽ, കർത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാൽ, കർത്താവു കാരുണ്യവാനാണ്; അവിടന്ന് ഉദാരമായി രക്‌ഷനല്‌കുന്നു. ഇസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്ന് അവിടന്നു മോചിപ്പിക്കുന്നു.

കർത്താവേ, അങ്ങ് പാപങ്ങളുടെ കണക്കുവച്ചാൽ ആർക്ക് നിലനില്ക്കാനാവും?

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
കർത്താവ് അരുൾചെയ്യുന്നു: പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിലുംനിന്ന് പിന്തിരിയുവിൻ; ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിൻ.
കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(പോയി സഹോദരനോട് രമ്യതപ്പെടുക)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു: നിങ്ങളുടെ നീതി, നിയമജ്‌ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് ഞാൻ നിങ്ങളോടു പറയുന്നു. കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന് പൂർവികരോടു പറയപ്പെട്ടതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും. സഹോദരനെ, ഭോഷാ എന്നു വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കേണ്ടിവരും; വിഡ്ഢി എന്നു വിളിക്കുന്നവനാകട്ടെ, നരകാഗ്നിക്ക് ഇരയായിത്തീരും. നീ ബലിപീഠത്തിൽ കാഴ്‌ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർത്താൽ, കാഴ്ചവസ്‌തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട്, പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്നു കാഴ്ച്‌ചയർപ്പിക്കുക. നീ പ്രതിയോഗിയോടു വഴിക്കു വച്ചുതന്നെ വേഗം രമ്യതപ്പെട്ടുകൊൾക. അല്ലെങ്കിൽ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപൻ സേവകനും ഏല്പിച്ചു കൊടുക്കും. അങ്ങനെ, നീ കാരാഗൃഹത്തിൽ അടയ്ക്കപ്പെടും. അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം നീ അവിടെനിന്നു പുറത്തുവരുകയില്ലെന്ന് സത്യമായി ഞാൻ നിന്നോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.