ഫെബ്രുവരി 24 ചൊവ്വ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(എൻ്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്ക് എൻ്റെ ഉദ്ദേശ്യം നിറവേറ്റും)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫല രഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാൻ ഏല്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു.
എന്നോടൊത്ത് കർത്താവിനെ മഹത്ത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടത്തെ നാമം സ്തുതിക്കാം. ഞാൻ കർത്താവിനെ തേടി, അവിടന്ന് എനിക്കുത്തരമരുളി; സർവ ഭയങ്ങളിലുംനിന്ന് അവിടന്ന് എന്നെ മോചിപ്പിച്ചു.
കർത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു
അവിടത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല. ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടും എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
കർത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു.
കർത്താവ് നീതിമാൻമാരെ കടാക്ഷിക്കുന്നു. അവിടുന്ന് അവരുടെ വിലാപം ശ്രവിക്കുന്നു. ദുഷ്കർമികളുടെ ഓർമ ഭൂമിയിൽനിന്നു വിച്ഛേദിക്കാൻ കർത്താവ് അവർക്കെതിരേ മുഖം തിരിക്കുന്നു.
കർത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു
നീതിമാൻമാർ സഹായത്തിനു നിലവിളിക്കുമ്പോൾ, കർത്താവു കേൾക്കുന്നു; അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു. ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടന്നു രക്ഷിക്കുന്നു.
കർത്താവ് നീതിമാന്മാരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ അങ്ങേക്കു സ്തുതി. മനുഷ്യൻ അപ്പംകൊണ്ടു മാത്രമാ ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ മാണ് ജീവിക്കുന്നത്.കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാ അങ്ങേക്കു സ്തുതി.
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ)
അക്കാലത്ത് യേശു ശിഷ്യന്മാരോട് അരുൾചെയ്തു: പ്രാർഥിക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണംവഴി തങ്ങളുടെ പ്രാർഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെനാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നല്കണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ, ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുകയി എല്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.




