സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര : ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും, മത ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ അടിച്ചേൽപ്പിക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നും കേരളാ ലാറ്റിൻ കാത്തലിക് അസോസിയഷൻ (കെ. എൽ. സി. എ.) നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് ഡി. ജി. അനിൽജോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ വിലയിരുത്തൽ.
പൊതുജന സുരക്ഷ ഉറപ്പ് വരുത്തേണ്ട പ്രാദേശിക ഭരണസംവിധാനങ്ങൾ തന്നെ വർഗീയ ഫാസിസ്റ്റ് സംഘടനകൾക്ക് ഒത്താശ ചെയ്യുന്ന അവസ്ഥ സ്വൈര ജീവിതത്തിന് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും സത്വരമായി അനാവശ്യ തടവിൽ നിന്ന് കന്യാസ്ത്രീകളെ വിമോചിപ്പിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തയ്യാറാകേണ്ടി വരുമെന്നും കെ. എൽ. സി. എ. പറഞ്ഞു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഈ മനുഷ്യത്വരഹിതപ്രവൃത്തിയെ അപലപിക്കണമെന്നും അടിയന്തിരമായി ഛത്തീസ്ഗഡ് സർക്കാരിനോട് വിശദീകരണം ചോദിക്കണമെന്നും രാജ്യത്ത് അധ:സ്ഥിതവർഗത്തെ മനുഷ്യത്വത്തോടെ പരിഗണിച്ച് വിദ്യാഭ്യാസ രംഗത്തും ആതുര ശുഷ്രൂഷാ രംഗത്തും നിസ്തുലമായ സംഭാവനകൾ ചെയ്ത ക്രൈസ്തവ സന്യാസ സമൂഹങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തണമെന്നും കെ. എൽ. സി. എ. നെയ്യാറ്റിൻകര രൂപത ആവശ്യപ്പെട്ടു.
അൽമായ ഡയറക്ടർ ഫാ.എസ്.എം. അനിൽകുമാർ, ജനറൽ സെക്രട്ടറി പി.ജോൺ സുന്ദർരാജ് ട്രഷറർ ജെ.രാജേന്ദ്രൻ രൂപത നേതാക്കളായ ജെ.അഗസ്റ്റിൻ, എഫ്.ഫെലിക്സ്, റ്റി.രാജൻ, സി.റ്റി.അനിത, തിരുപുറം ഷാജികുമാർ, സുരേഷ് ജോസഫ്, ആർ.സുനിൽരാജ്, വി.എൻ.സൗമ്യ എന്നിവർ സംസാരിച്ചു.




