Diocese

ചരിത്ര പ്രതിഭാ പുരസ്‌കാരം നെയ്യാറ്റിൻകരയിലെ അഡ്വ. പി. ദേവദാസിന്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: “ചരിത്ര പ്രതിഭാ” പുരസ്‌കാരം നെയ്യാറ്റിൻകര രൂപതാംഗവും രൂപതാ കോടതിയിലെ നോട്ടറിയുമായ അഡ്വ. പി.ദേവദാസിന് ലഭിച്ചു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (KLCHA) ഏർപ്പെടുത്തിയ ചരിത്ര പ്രതിഭാ പുരസ്‌കാരവും പ്രശംസാ പത്രവും കാഷ് അവാർഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2026 ഫെബ്രുവരി 1-ന് രാവിലെ 11 മണിക്ക് എറണാകുളത്തെ പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന സമ്മേളനത്തിൽ വച്ച് വരാപ്പുഴ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കളത്തിപ്പറമ്പിൽ പിതാവാണ് പുരസ്ക്കാരം നൽകിയത്.

പുരസ്‌കാര അർഹനായ പി. ദേവദാസ് ചരിത്രകാരനെന്നതിലുപരി ഒരു ഗ്രന്ഥകർത്താവ് കൂടിയാണ്. കാല്പാടുകൾ, സെന്റ് വിൻസെന്റ് പള്ളോട്ടി (മലയാള പരിഭാഷ), സഭയെ അടുത്തറിയാൻ, വക്കീലച്ചന്റെ ധന്യജീവിതം, ക്രിസ്തുമതം കേരളത്തിൽ, സഭാ ചരിത്ര സാംസ്‌കാരിക പൈതൃകം: നെയ്യാറ്റിൻകര രൂപത, ദൈവത്തിന്റെ വഴി തുടങ്ങിയവ പ്രധാന കൃതികളാണ്.

നെയ്യാറ്റിൻകര രൂപതയിൽ പാറശാല ഫൊറോനയിലെ ആറയൂർ ഇടവകാംഗമായ അദ്ദേഹം 1975 മുതൽ വചനബോധന അധ്യാപകനാണ്.

റിട്ടയേർഡ് ഹൈസ്ക്കൂൾ റ്റീച്ചറായ രമണീഭായിയാണ് ഭാര്യ. ഡോക്ടർ അഖിൽ ആർ.ദേവ് മകനും എൻജിനിയറായ അഖില ആർ.ദേവ് മകളുമാണ്.

പി. ദേവദാസിന്റെ ജീവിത വഴിയിലൂടെ:

ജനനം:

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലുള്ള പൊറ്റയിൽകടയിൽ പത്രോസ് – ശാന്തപ്പൂ ദമ്പതികളുടെ എട്ടു മക്കളിൽ ഏറ്റവും ഇളയ മകനായി 1955-ൽ ജനിച്ചു.

പഠനവും തൊഴിലും:

പ്ലാമൂട്ടുക്കട ഗവ.എൽ.പി.എസ്., ഗാന്ധി മെമ്മോറിയൽ യു.പി.എസ്., കുളത്തൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച് 1971-ൽ എസ്.എസ്.എൽ.സി. പാസ്സായി.
തുടർന്ന്, ധനുവച്ചപുരം എൻ.എസ്.എസ്. കോളജിലെ പ്രീഡിഗ്രി പഠനശേഷം ഗവ. ഐ.റ്റി.ഐ.യിൽ പഠിച്ച് രണ്ടുവർഷത്തെ റ്റേർണർ കോഴ്‌സും തുടർന്ന് സർവെ കോഴ്‌സും പാസ്സായി.
1976-ൽ ബി.എ.യ്ക്കു ചേർന്നു. ഈ കാലയളവിൽ തിരുവനന്തപുരം രൂപതാ പരീക്ഷകളിൽ റാങ്കുകളും പ്രസംഗം, ഉപന്യാസം, ക്വിസ് എന്നിവയിൽ ജില്ലാ-സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
1978-ൽ കെൽട്രോണിൽ ജോലി ലഭിച്ചു.
1980-ൽ ബി.എ.യും ഈവനിംഗ് കോളജിൽ പഠിച്ച് 1983-ൽ കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിൽ എം.എ.യും പാസ്സായി.
തുടർന്ന്, മെറ്റീരിയൽസ് മാനേജ്‌മെന്റ്, അഡ്മിനിസ്ട്രേറ്റിവ് ലാ, ഇൻഡസ്ട്രിയൽ ലാ എന്നിവയിൽ പി.ജി. ഡിപ്ലോമകളും കരസ്ഥമാക്കി. നാഷണൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്‌മെന്റിൽ നിന്നും 1991ൽ പേഴ്‌സണൽ മാനേജ്‌മെന്റ് പാസായതിന്റെ അടിസ്ഥാനത്തിൽ പേഴ്‌സണൽ ഓഫീസറായി നിയമനം ലഭിച്ചു.
കേരളാ യൂണിവേ ഴ്സിറ്റിയിൽ നിന്ന് 1994-ൽ എൽ.എൽ.ബി.യും 2002 മാർച്ചിൽ സോഷ്യോളജിയിൽ എം.എ.യും ഡിസംബറിൽ സെറ്റും 2013-ൽ പി.ജി.ഡിപ്ലോമ ഇൻ ചൈൽഡ് അഡൊളസന്റ് അൻഡ് ഫാമിലി കൗൺസലിംഗും പാസ്സായി.

മറ്റ് മേഖലകൾ:

സാമൂഹിക ശാസ്ത്രജ്ഞനും മാനേജ്‌മെന്റ് വിദഗ്‌ധനുമാണ് അദ്ദേഹം.
30 വർഷത്തിലധികം ഗുരുവുമായിരുന്ന പ്രൊഫ. റ്റി.എസ്‌.എൻ. പിള്ളയോടൊപ്പം നിരവധി റിസർച്ച് പ്രോജക്ടുകളിലും എഡ്യൂക്കേഷണൽ പ്രോഗ്രാമുകളിലും പങ്കുചേർന്നു.
അസി. എച്.ആർ.അൻഡ് അഡ്മിനിസ്ട്രേഷൻ മാനേജരായി 2013-ൽ വിരമിച്ചശേഷം ബാർ കൗൺസിൽ ഓഫ് കേരളയിൽ എൻറോൾ ചെയ്ത് അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നു.
2014 മുതൽ ഏതാനും സ്ഥാപനങ്ങളിൽ എച്.ആർ. കൺസൾട്ടന്റാണ്.
പ്രോജക്ട് വർക്കിനു പുറമെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെയും ലീഗൽ സർവീസ് അതോറിറ്റി, സ്ഥാപനങ്ങൾ, സംഘടനകൾ മുതലായവയുടെയും ആവശ്യാനുസരണം റിസോഴ്‌സ് പേഴ്‌സണായി ക്ലാസ്സുകളും സെമിനാറുകളും കൗൺസലിംഗും നടത്തി വരുന്നു.

ഗ്രന്ഥകർത്താവ്:

കാല്പാടുകൾ, ബൈബിൾ ക്വിസ് (11 പതിപ്പുകൾ), സഭയെ അടുത്തറിയാൻ (7 പതിപ്പുകൾ), ഇംഗ്ലിഷ് ഗ്രാമർ സിംപ്ലിഫൈഡ്: എക്സ്പ്ലെയിൻഡ് ഇൻ മലയാളം (12 പതിപ്പുകൾ), ഇംഗ്ലിഷ് വേഡ്സ് ഓഫൺ കൺഫ്യൂസ്ഡ്: പലപ്പോഴും കുഴപ്പമുണ്ടാക്കുന്ന ഇംഗ്ലിഷ് പദങ്ങൾ (9 പതിപ്പുകൾ), വക്കീലച്ചന്റെ ധന്യജീവിതം, ക്രിസ്തുമതം കേരളത്തിൽ, സഭാ ചരിത്ര സാംസ്‌കാരിക പൈതൃകം: നെയ്യാറ്റിൻകര രൂപത, ദൈവത്തിന്റെ വഴി മുതലായ പുസ്‌തകങ്ങൾ രചിച്ചു.

കൂടാതെ, സെന്റ് വിൻസെന്റ് പള്ളോട്ടി, മദർ പേത്ര ദീനദാസി എന്നീ ഇംഗ്ലിഷ് പുസ്തകങ്ങൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.