സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: കത്തോലിക്കാ മാധ്യമപ്രവർത്തകർ സമൂഹ മാധ്യമത്തിന്റെ പ്രചാരകർ എന്ന നിലയിൽ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും ഹൃദയങ്ങളെ നിരായുധരാക്കി, ധൈര്യത്തോടെ അനുരഞ്ജനം തേടുന്ന ശബ്ദങ്ങളായി മാറണമെന്നും നന്മയുടെ വചനം വിതയ്ക്കുന്നവരായി മാറണമെന്നും ലെയോ പാപ്പാ. 2026 ജനുവരി 21 മുതൽ 23 വരെ വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസിന്റെ ദിനാഘോഷത്തോടനുബന്ധിച്ച് ലൂർദിൽ നടക്കുന്ന കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി വഴി നൽകിയ സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം.
നിർമ്മിത ബുദ്ധിയുടെ സാങ്കേതിക അതിപ്രസരം അടയാളപ്പെടുത്തുന്ന ആധുനിക കാലഘട്ടത്തിൽ, ബന്ധങ്ങളുടെയും ആരെയും ഒഴിവാക്കാത്ത അടുപ്പത്തിന്റെയും ഊഷ്മളത ഊട്ടിയുറപ്പിക്കുവാനും വിഘടിച്ചതും ധ്രുവീകരിക്കപ്പെട്ടതുമായ ഒരു ലോകത്ത് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരും ഏകാന്തതയിൽ കഴിയുന്നവരുമായ വ്യക്തികൾക്ക് സ്നേഹത്തിന്റെ സന്തോഷം നൽകുന്ന മാധ്യമങ്ങളാവാനും പാപ്പാ ആഹ്വാനം ചെയ്തു.




