ജനുവരി 18 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്
കർത്താവ് എന്നോട് അരുൾചെയ്തു ഇസ്രായേലേ, നീ എൻറെ ദാസനാണ്, നിന്നിൽ ഞാൻ മഹത്ത്വം പ്രാപിക്കും. ഏശയ്യാ പ്രതിവചിച്ചു: യാക്കോബിനെ തിരിയെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്റെ അടുക്കൽ ഒന്നിച്ചു ചേർക്കാനും ഗർഭത്തിൽ വച്ചുതന്നെ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ കർത്താവ് അരുൾചെയ്യുന്നു. എന്തെന്നാൽ, കർത്താവ് എന്നെ ആദരിക്കുകയും എന്റെ ദൈവം എനിക്കു ശക്തി ആവുകയും ചെയ്തിരിക്കുന്നു. അവിടന്ന് അരുൾചെയ്യുന്നു: യാക്കോബിന്റെ ഗോത്രങ്ങളെ ഉയർത്താനും ഇസ്രായേലിൽ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‌കും. കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ നിയമം എൻ്റെ ഹൃദയത്തിലുണ്ട്.
ഞാൻ ക്ഷമാപൂർവം കർത്താവിനെ കാത്തിരുന്നു; അവിടന്നു ചെവി ചായിച്ച് എൻ്റെ നിലവിളി കേട്ടു. അവിടന്ന് ഒരു പുതിയ ഗാനം എൻ്റെ അധരങ്ങളിൽ നിക്ഷേപിച്ചു, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗീതം.
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ നിയമം എൻ്റെ ഹൃദയത്തിലുണ്ട്.
ബലികളും കാഴ്ചകളും അവിടന്ന് ആഗ്രഹിക്കുന്നില്ല.എന്നാൽ, അവിടന്ന് എന്റെ കാതുകൾ തുറന്നുതന്നൂ. ദഹനബലിയും പാപപരിഹാരബലിയും അവിടന്ന് ആവശ്യപ്പെട്ടില്ല. അപ്പോൾ ഞാൻ പറഞ്ഞു:
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.
പുസ്തകച്ചുരുളിൽ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. എൻറെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം; അങ്ങയുടെ നിയമം എന്റെ ഹൃദയത്തിലുണ്ട്.
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ നിയമം എൻ്റെ ഹൃദയത്തിലുണ്ട്.
ഞാൻ മഹാസഭയിൽ വിമോചനത്തിന്റെ സന്തോഷവാർത്ത അറിയിച്ചു; കർത്താവേ, അങ്ങേക്കറിയാവുന്നതുപോലെ ഞാൻ എന്റെ അധരങ്ങളെ അടക്കിനിർത്തിയില്ല.
കർത്താവേ, ഇതാ ഞാൻ വരുന്നു; അങ്ങയുടെ നിയമം എൻ്റെ ഹൃദയത്തിലുണ്ട്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശു ക്രിസ്തുവിൽ നിന്നും വ്യപയും സമാധാനവും)
യേശുക്രിസ്തുവിന്റെ അപ്പസ്തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരൻ സൊസ്തേനെസ്‌സും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്. യേശുക്രിസ്തുവിൽ വിശുദ്ധരായവർക്കും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവർക്കും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും കൃപയും സമാധാനവും.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നല്‌കി. അല്ലേലൂയാ!
സുവിശേഷം
യോഹന്നാൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
അക്കാലത്തു യേശു തന്റെ അടുത്തേക്ക് വരുന്നത് കണ്ടു അവൻ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്! എൻ്റെ പിന്നാലേ വരുന്നവൻ എന്നെക്കാൾ വലിയവനാണെന്നു ഞാൻ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താൻവേണ്ടിയാണ് ഞാൻ വന്ന് ജലത്താൽ സ്നനാനം നല്‌കുന്നത്. ആത്‌മാവ് പ്രാവിനെപ്പോലെ സ്വർഗത്തിൽ നിന്ന് ഇറങ്ങിവന്ന് അവൻ്റെ മേൽ ആവസിക്കുന്നത് താൻ കണ്ടു എന്നു യോഹന്നാൻ സാക്‌ഷ്യപ്പെടുത്തി. ഞാൻ അവനെ അറിഞ്ഞിരുന്നില്ല. എന്നാൽ, ജലംകൊണ്ടു സ്നാനം നല്കാൻ എന്നെ അയച്ചവൻ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേൽ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്കുന്നവൻ. ഞാൻ അതു കാണുകയും ഇവൻ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.




