ജനുവരി 25 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(വിജാതീയരുടെ ഗലീലിയിൽ ജനത വലിയ പ്രകാശം കണ്ടു.
ആദ്യകാലങ്ങളിൽ സെബുലൂണിന്റെയും നഫ്താലിയുടെയും ദേശങ്ങൾ അവിടന്ന് നിന്ദനത്തിന് ഇരയാക്കി. എന്നാൽ, അവസാനനാളുകളിൽ സമുദ്രത്തിലേക്കുള്ള പാതയെ, ജോർദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടന്ന് മഹത്ത്വപൂർണമാക്കും. അന്ധകാരത്തിൽ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെ മേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർധിപ്പിച്ചു; അവർക്ക് അത്യധികമായ ആനന്ദം നല്കി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ചവസ്തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുൻപിൽ ആഹ്ളാദിക്കുന്നു. അവൻ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്ഡും മർദകന്റെ വടിയും മിദിയാന്റെ നാളിലെന്ന പോലെ അങ്ങ് തകർത്തുകളഞ്ഞിരിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു. ഒരു കാര്യം മാത്രം ഞാൻ തേടുന്നു. കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടത്തെ ആലയത്തിൽ വസിക്കാൻതന്നെ.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്
ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിന്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നിങ്ങൾ എല്ലാവരും സ്വരച്ചേർച്ചയോടും ഐക്യത്തോടും ഏകമനസ്സോടും ഏകാഭിപ്രായത്തോടുംകൂടെ വർത്തിക്കണം)
സഹോദരരേ, നിങ്ങൾ എല്ലാവരും സ്വരച്ചേർച്ചയോടും ഐക്യത്തോടും ഏകമനസോടും ഏകാഭിപ്രായത്തോടും കൂടെ വർത്തിക്കണമെന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. എന്റെ സഹോദരരേ, നിങ്ങളുടെയിടയിൽ തർക്കങ്ങൾ ഉണ്ടെന്നു ക്ളോയെയുടെ ബന്ധുക്കൾ എന്നെ അറിയിച്ചിരിക്കുന്നു. ഞാൻ പൗലോസിന്റേതാണ്, ഞാൻ അപ്പോളോസിന്റേതാണ്, ഞാൻ കേപ്പായുടേതാണ്, ഞാൻ ക്രിസ്തുവിന്റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ? നിങ്ങൾക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങൾ ജ്ഞാനസ്നാനം സ്വീകരിച്ചത്? എന്തെന്നാൽ, ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്കാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാൽ, വാഗ്വിലാസത്തോടെയല്ല ആയിരുന്നെങ്കിൽ ക്രിസ്തുവിന്റെ കുരിശ് വ്യർഥമാകുമായിരുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! ഈശോ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഏശയ്യാ പ്രവാചകൻ അരുൾചെയ്തതു നിവൃത്തിയാകാൻവേണ്ടി യേശു കഫർണാമിൽ ചെന്നു പാർത്തു)
അക്കാലത്ത്, യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ട പ്പോൾ യേശു ഗലീലിയിലേക്കു പിൻവാങ്ങി. അവൻ നസറത്തു വിട്ട് സെബുലൂണിന്റെയും നഫ്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽ ചെന്നു പാർത്തു. ഇത് ഏശയ്യാപ്രവാചകൻ വഴി അരുൾചെയ്യപ്പെട്ടത് നിവൃത്തിയാകാൻ വേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദാന്റെ മറുകരയിൽ, സെബുലൂൺ, നഫ്ത്താലി പ്രദേശങ്ങൾ – വിജാതീ യരുടെ ഗലീലി! അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു. അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.
അവൻ ഗലീലിക്കടൽത്തീരത്തു നടക്കുമ്പോൾ, കടലിൽ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരൻമാരെ കണ്ടു പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരൻ അന്ത്രയോസിനെയും. അവർ മീൻപിടിത്തക്കാരായിരുന്നു. അവൻ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തത്ക്ഷണം അവർ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു. അവർ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോൾ വേറെ രണ്ടു സഹോദരൻമാരെ കണ്ടു സെബദീപുത്രനായ യാക്കോബും സഹോദരൻ യോഹന്നാനും. അവർ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വലനന്നാക്കുകയായിരുന്നു. അവരെയും അവൻ വിളിച്ചു. തത്ക്ഷണം അവർ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.
അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു.




