Word of God

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം വാരം : ശനി നവംബർ : 15 വചന വായന

ഒന്നാം വായന

ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (18 : 14 – 16, 19: 6 – 9)

(ചെങ്കടലിന്റെ മധ്യത്തിൽ നിർബാധമായ പാതയുണ്ടാവുകയും അവർ കുതിരകളെപ്പോലെ കുതിച്ചുചാടുകയും ചെയ്തു)

സർവത്ര പ്രശാന്തമൂകത വ്യാപിച്ചപ്പോൾ, അർധരാത്രി ആയപ്പോൾ, അങ്ങയുടെ ആജ്‌ഞയുടെ മൂർച്ചയുള്ള ഖഡ്ഗം ധരിച്ച ധീരയോദ്‌ധാവ്, അങ്ങയുടെ സർവശക്തമായ വചനം, സ്വർഗസിംഹാസനത്തിൽനിന്ന് ആ ശാപഗ്രസ്‌തമായ രാജ്യത്തിന്റെ മധ്യേ വന്നു; അവൻ ഭൂമിയിൽ കാലുറപ്പിച്ച് സ്വർഗത്തോളം ഉയർന്നുനിന്ന് എല്ലാറ്റിനെയും മൃത്യുവാൽ നിറച്ചു. അങ്ങയുടെ മക്കളെ ഉപദ്രവമേല്ക്കാതെ പരിരക്‌ഷിക്കാൻ അവിടത്തെ ഇഷ്ടത്തിനു വിധേയമായി സൃഷ്ട്‌ടികളുടെ സ്വഭാവം നവ്യരൂപ മെടുത്തു. മേഘം, പാളയത്തിനുമേൽ നിഴൽവിരിച്ചു. ജലം നിറഞ്ഞുകിടന്നിടത്ത് വരണ്ട ഭൂമി, ചെങ്കടലിന്റെ മധ്യത്തിൽ നിർബാധമായ പാത, ഇളകുന്ന തിരമാലകളുടെ സ്ഥാനത്ത് പുല‌രപ്പ്. അങ്ങയുടെ കരത്തിന്റെ പരിരക്‌ഷ അനുഭവിക്കുന്ന ജനം അദ്ഭുതദൃശ്യങ്ങൾ കണ്ട്, ഒരൊറ്റ ജനമായി അതിലൂടെ കടന്നു. അവരുടെ രക്ഷകനായ കർത്താവേ, അങ്ങയെ സ്‌തുതിച്ചുകൊണ്ട്, മേച്ചില്പ്പുറത്തെ കുതിരകളെപ്പോലെയും, തുള്ളിച്ചാടുന്ന കുഞ്ഞാടുകളെപ്പോലെയും അവർ കാണപ്പെട്ടു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (105 : 2-3, 36-37, 42-43)

കർത്താവു ചെയ്‌ത വിസ്‌മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ. (അല്ലെങ്കിൽ: അല്ലേലൂയാ)

അവിടത്തേക്കു ഗാനമാലപിക്കുവിൻ;
സ്‌തുതിഗീതങ്ങൾ ആലപിക്കുവിൻ;
അവിടത്തെ അദ്ഭുതങ്ങൾ വർണിക്കുവിൻ.
അവി ടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുവിൻ;
കർത്താവിനെ അന്വേഷിക്കുന്നവരുടെ ഹൃദയം ആഹ്ളാദിക്കട്ടെ!

കർത്താവു ചെയ്ത വിസ്‌മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ.

അവരുടെ നാട്ടിലെ കടിഞ്ഞൂലുകളെ, പൗരുഷത്തിന്റെ ആദ്യ ഫലങ്ങളെ,
മുഴുവൻ അവിടന്നു സംഹരിച്ചു. അനന്തരം,
അവിടന്ന് ഇസ്രായേലിനെ സ്വർണത്തോടും വെള്ളിയോടുംകൂടെ മോചിപ്പിച്ച് നയിച്ചു;
അവന്റെ ഗോത്രങ്ങളിൽ ഒരുവനും കാലിടറിയില്ല.

കർത്താവു ചെയ്ത വിസ്‌മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ.

എന്തെന്നാൽ, അവിടന്ന് തന്റെ വിശുദ്ധവാഗ്ദാനത്തെയും തന്റെ ദാസനായ
അബ്രാഹത്തെയും അനുസ്‌മരിച്ചു. അവിടന്ന്,
തന്റെ ജനത്തെ സന്തോഷത്തോടെ,
തൻ്റെ തിരഞ്ഞടുക്കപ്പെട്ടവരെ ഗാനാലാപത്തോടെ, നയിച്ചു.

കർത്താവു ചെയ്ത വിസ്‌മയാവഹങ്ങളായ പ്രവൃത്തികൾ ഓർക്കുവിൻ.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (2 തെസ്സ 2:14).

അല്ലേലൂയാ!
അല്ലേലൂയാ! നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ മഹത്ത്വം നിങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടന്നു നിങ്ങളെ വിളിച്ചു. അല്ലേലൂയാ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (18:1-8)

(തന്നെ വിളിച്ചു കരയുന്ന തൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?)

അക്കാലത്ത്, ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണം എന്നു കാണിക്കാൻ യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറെ നാളത്തേക്ക് അവൻ അതു ഗൗനിച്ചില്ല. പിന്നീട്, അവൻ ഇങ്ങനെ ചിന്തിച്ചു: ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ട് ഞാനവൾക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കിൽ, അവൾ കൂടക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കർത്താവ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപൻ പറഞ്ഞതെന്തെന്ന് ശ്രദ്‌ധിക്കുവിൻ. അങ്ങനെയെങ്കിൽ, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടന്ന് അതിനു കാലവിളംബം വരുത്തുമോ? അവർക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.