ഒന്നാം വായന
ജ്ഞാനത്തിന്റെ പുസ്തകത്തിൽനിന്ന് (13 : 1 – 9)
(ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാൻ കഴിഞ്ഞെങ്കിൽ, ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താൻ വൈകുന്നത് എന്തുകൊണ്ട്?)
ദൈവത്തെ അറിയാത്തവർ സ്വതേ ഭോഷരാണ്. ദൃഷ്ടിഗോചരമായ നൻമകളിൽനിന്ന് ഉൺമയായവനെ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. ശില്പങ്ങളിൽ ശ്രദ്ധപതിച്ച അവർ ശില്പിയെ തിരിച്ചറിഞ്ഞില്ല. അഗ്നി, വായു, കാറ്റ് നക്ഷത്രവലയങ്ങൾ, ക്ഷോഭിച്ച സമുദ്രം, ആകാശതേജസ്സുകൾ ഇവ ലോകത്തെ ഭരിക്കുന്ന ദേവൻമാരായി അവർ കരുതി. അവയുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് മനുഷ്യർ അവയെ ദേവൻമാരായി സങ്കല്പിച്ചെങ്കിൽ, അവയെക്കാൾ ശ്രേഷ്ഠനാണ് അവയുടെ കർത്താവെന്ന് അവർ ഗ്രഹിക്കട്ടെ! സൗന്ദര്യത്തിന്റെ സ്രഷ്ടാവാണ് അവയുണ്ടാക്കിയത്. അവയുടെ ശക്തിയും പ്രവർത്തനവും മനുഷ്യരെ വിസ്മയിപ്പിച്ചെങ്കിൽ, അവയുടെ സ്രഷ്ടാവ് എത്രയോ കൂടുതൽ ശക്തനെന്ന് അവയിൽനിന്ന് അവർ ധരിക്കട്ടെ! സൃഷ്ടികളുടെ ശക്തിസൗന്ദര്യങ്ങളിൽനിന്ന് അവയുടെ സൃഷ്ടാവിന്റെ ശക്തി സൗന്ദര്യങ്ങളെക്കുറിച്ച് അറിയാം. ദൈവത്തെ അന്വേഷിക്കുകയും കണ്ടെത്താൻ ഇച്ഛിക്കുകയും ചെയ്യുമ്പോഴാകാം അവർ വ്യതിചലിക്കുന്നത്. അവരെ തീർത്തും കുറ്റപ്പെടുത്താൻ വയ്യാ. അവിടത്തെ സൃഷ്ടികളുടെ മധ്യേ ജീവിച്ച് അവർ അന്വേഷണം തുടരുകയാണ്, ദൃശ്യവസ്തുക്കൾ മനോഹരമാകയാൽ അവർ അതിൽ പ്രത്യാശയർപ്പിക്കുന്നു; എങ്കിലും, അവർക്കു ന്യായീകരണമില്ല. ലോകത്തെ ആരാഞ്ഞ് ഇത്രയുമറിയാൻ കഴിഞ്ഞെങ്കിൽ ഇവയുടെയെല്ലാം ഉടയവനെ കണ്ടെത്താൻ വൈകുന്നത് എന്തു കൊണ്ട്?
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (19 : 1-2, 3-4)
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു.
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു;
വാനവിതാനം അവിടത്തെ കരവേല വിളംബരം ചെയ്യുന്നു.
പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു;
രാത്രി, രാത്രിക്കു വിജ്ഞാനം പകരുന്നു.
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം പോലും കേൾക്കാനില്ല.
എന്നിട്ടും അവയുടെ സ്വരം ഭൂമിയിലെങ്ങും വ്യാപിക്കുന്നു;
അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിയോളം എത്തുന്നു;
അവിടെ സൂര്യന് ഒരു കൂടാരം അവിടന്ന് നിർമിച്ചിരിക്കുന്നു.
ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രഘോഷിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 21:28)
അല്ലേലൂയാ!
അല്ലേലൂയാ! നിങ്ങൾ ശിരസ്സുയർത്തി നില്ക്കുവിൻ, എന്തെന്നാൽ നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (17:26-37)
(ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു: നോഹയുടെ ദിവസങ്ങളിൽ സംഭവിച്ചത് എങ്ങനെയോ, അങ്ങനെയായിരിക്കും മനുഷ്യപുത്രന്റെ ദിവസങ്ങളിലും. നോഹ പെട്ടകത്തിൽ പ്രവേശിക്കുകയും ജലപ്രളയം വന്ന് സകലതും നശിപ്പിക്കുകയും ചെയ്തതുവരെ അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞിരുന്നു. ലോത്തിന്റെ നാളുകളിലും അങ്ങനെതന്നെ ആയിരുന്നു – അവർ തിന്നുകയും കുടിക്കുകയും വാങ്ങുകയും വില്ക്കുകയും നടുകയും വീടു പണിയുകയും ചെയ്തുകൊണ്ടിരുന്നു. പക്ഷേ, ലോത്ത് സോദോമിൽനിന്ന് ഓടിപ്പോയദിവസം സ്വർഗത്തിൽനിന്നു തീയും ഗന്ധകവും പെയ്ത് അവരെയെല്ലാം നശിപ്പിച്ചു. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രൻ വെളിപ്പെടുന്ന ദിവസത്തിലും. ആ ദിവസം പുരമുകളിൽ ആയിരിക്കുന്നവൻ വീട്ടിനകത്തുള്ള തന്റെ സാധനങ്ങൾ എടുക്കാൻ താഴേക്ക് ഇറങ്ങിപ്പോകരുത്. അതുപോലെതന്നെ, വയലിൽ ആയിരിക്കുന്നവനും പിന്നിലുള്ളവയിലേക്കു തിരിയരുത്. ലോത്തിന്റെ ഭാര്യയ്ക്കു സംഭവിച്ചത് ഓർമിക്കുക. തന്റെ ജീവൻ നിലനിർത്താൻ പരിശ്രമിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നാൽ, തന്റെ ജീവൻ നഷ്ടപ്പെടുത്തുന്നവൻ അതു നിലനിർത്തും. ഞാൻ നിങ്ങളോടു പറയുന്നു: അന്നു രാത്രി ഒരു കട്ടിലിൽ രണ്ടുപേർ ഉണ്ടായിരിക്കും. ഒരാൾ എടുക്കപ്പെടും; മറ്റേയാൾ അവശേഷിക്കും. രണ്ടു സ്ത്രീകൾ ഒരുമിച്ചു ധാന്യം പൊടിച്ചുകൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും; മറ്റവൾ അവശേഷിക്കും. കർത്താവേ, എവിടേക്ക് എന്ന് അവർ ചോദിച്ചു. അവൻ പറഞ്ഞു: ശവം എവിടെയോ, അവിടെ കഴുകൻമാർ വന്നു കൂടും.




