Word of God

ആണ്ടുവട്ടത്തിലെ നാലാം ഞായർ ഫെബ്രുവരി 01 വചനവായന

ഫെബ്രുവരി 01 ഞായർ

ഒന്നാം വായന

സെഫാനിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

( ഞാൻ നിന്റെ മധ്യത്തിൽ വിനയും എളിമയുമുള്ള ഒരു ജനത്തെ അവശേഷിപ്പിക്കും)

കർത്താവിൻ്റെ കല്‌പനകൾ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, അവിടത്തെ അന്വേഷിക്കുവിൻ; നീതിയും വിനയവും അന്വേഷിക്കുവിൻ. കർത്താവിന്റെ ക്രോധത്തിന്റെ ദിനത്തിൽ, ഒരുപക്ഷേ, നിങ്ങളെ അവിടന്ന് മറച്ചേക്കാം. ഞാൻ നിന്റെ മധ്യത്തിൽ വിനയവും എളിമയുമുള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവർ കർത്താവിന്റെ നാമത്തിൽ അഭയം പ്രാപിക്കും. ഇസ്രായേലിൽ അവശേഷിക്കുന്നവർ തിൻമ ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായിൽ വഞ്ചന നിറഞ്ഞ നാവ് ഉണ്ടായിരിക്കുകയില്ല. അവർ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും. ആരും അവരെ ഭയപ്പെടുത്തുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്.

മർദിതർക്ക് അവിടന്നു നീതി നടത്തിക്കൊടുക്കുന്നു; വിശക്കുന്നവർക്ക് അവിടന്ന് ആഹാരം നല്കുന്നു; കർത്താവ് ബന്ധിതരെ മോചിപ്പിക്കുന്നു.

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്.

കർത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടന്നു നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു; അവിടന്നു നീതിമാൻമാരെ ‌സ്നേഹിക്കുന്നു. കർത്താവു പരദേശികളെ പരിപാലിക്കുന്നു.

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്.

വിധവകളെയും അനാഥരെയും സംരക്‌ഷിക്കുന്നു. എന്നാൽ, ദുഷ്‌ടരുടെ വഴി അവിടന്നു നാശത്തിലെത്തിക്കുന്നു. കർത്താവ് എന്നേക്കും വാഴുന്നു: സീയോനേ, നിൻ്റെ ദൈവം തലമുറകളോളം വാഴും,

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ലോകദൃഷ്ടിയിൽ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു.

സഹോദരരേ, നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ദൈവവിളിയെ പ്പറ്റിത്തന്നെ ചിന്തിക്കുവിൻ; ലൗകികമാനദൺഡമനുസരിച്ച് നിങ്ങളിൽ ബുദ്‌ധിമാൻമാർ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാൻ ലോക ദൃഷ്ടിയിൽ ഭോഷൻമാരായവരെ ദൈവം തിരഞ്ഞെടുത്തു; ശക്ത മായവയെ ലജ്‌ജിപ്പിക്കാൻ ലോകദൃഷ്ടിയിൽ അശക്തമായവയെയും. നിലവിലുള്ളവയെ നശിപ്പിക്കാൻ വേണ്ടി ലോകദ്യഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു. ദൈവസന്നിധിയിൽ ആരും അഹങ്കരിക്കാതിരിക്കാനാണ് അവിടന്ന് ഇങ്ങനെ ചെയ്തത്. യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ജീവിതത്തിന്റെ ഉറവിടം അവിടന്നാണ്. ദൈവം അവനെ നമുക്കു ജ്ഞാനവും നീതിയും വിശുദ്ധീകരണവും പരിത്രാണവും ആക്കിയിരിക്കുന്നു അതുകൊണ്ട്, എഴുതപ്പെട്ടിരിക്കുന്നതുപോലെ, അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ.

കർത്താവിന്റെ വചനം.

അല്ലേലൂയാ 1

സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അല്ലേലൂയാ അല്ലേലൂയാ! നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ,

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ)

അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യൻമാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാൻമാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ; അവർക്കു സംതൃപ്തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും. സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിൻമകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.