ഒന്നാം വായന
ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന് (6 : 1, 4 – 7)
(നിങ്ങളുടെ സുഖഭോഗങ്ങൾ അവസാനിക്കും)
ദൈവമായ കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: സീയോനിൽ സ്വസ്ഥത അനുഭവിക്കുന്നവരും സമരിയാഗിരിയിൽ സുരക്ഷിതരും ജനതകളിൽ അഗ്രഗണ്യരും ഇസ്രായേൽഭവനം സഹായാർഥം സമീപിക്കുന്നവരുമായ നിങ്ങൾക്കു ദുരിതം!
ദന്തനിർമിതമായ തല്പങ്ങളിൽ, വിരിച്ച മെത്തകളിൽ, നിവർന്നു ശയിക്കുകയും ആട്ടിൻപറ്റത്തിൽനിന്ന് കുഞ്ഞാടുകളെയും കാലിക്കൂട്ടത്തിൽനിന്ന് പശുക്കിടാങ്ങളെയും ഭക്ഷിക്കുകയും ചെയ്യുന്നവർക്കു ദുരിതം! വീണാനാദത്തോടൊത്ത് അവർ വ്യർഥഗീതങ്ങൾ ആലപിക്കുന്നു; ദാവീദിനെപ്പോലെ അവർ പുതിയ സംഗീതോപകരണങ്ങൾ കണ്ടുപിടിക്കുന്നു. ചഷകങ്ങളിൽ വീഞ്ഞുകുടിക്കുകയും വിശിഷ്ടലേപനങ്ങൾ പൂശുകയും ചെയ്യുന്ന അവർ, ജോസഫിന്റെ നാശം ഗണ്യമാക്കുന്നില്ല. അതിനാൽ, അവരായിരിക്കും ആദ്യം പ്രവാസികളാവുക. നിങ്ങളുടെ വിരുന്നും മദിരോത്സവവും അവസാനിക്കാറായി.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (146 : 7, 8-9a 9bc-10ab)
എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
മർദിതർക്ക് അവിടന്നു നീതിനടത്തിക്കൊടുക്കുന്നു; വിശക്കുന്നവർക്ക് അവിടന്ന് ആഹാരം നല്കുന്നു; കർത്താവ് ബന്ധിതരെ മോചിപ്പിക്കുന്നു.
എന്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
കർത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു; അവിടന്ന് നിലംപറ്റിയവരെ എഴുന്നേല്പിക്കുന്നു; അവിടന്ന് നീതിമാൻമാരെ സ്നേഹിക്കുന്നു. കർത്താവ് പരദേശികളെ പരിപാലിക്കുന്നു;
എൻ്റെ ആത്മാവേ കർത്താവിനെ സ്തുതിക്കുക.
വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാൽ, ദുഷ്ടരുടെ വഴി അവിടന്നു നാശത്തിലെത്തിക്കുന്നു. കർത്താവ് എന്നേക്കും വാഴുന്നു; സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും.
എൻ്റെ ആത്മാവേ, കർത്താവിനെ സ്തുതിക്കുക.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (6: 11 – 16)
(യേശുക്രിസ്തുവിൻ്റെ പ്രത്യാഗമനംവരെ കല്പന അനുസരിച്ചുകൊള്ളണം)
അല്ലയോ ദൈവത്തിൻ്റെ മനുഷ്യാ, നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സ്ഥിരത, സൗമ്യശീലം എന്നിവ ഉന്നം വയ്ക്കുക. വിശ്വാസത്തിൻ്റെ നല്ല പോരാട്ടം നടത്തുകയും നിത്യ ജീവൻ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇത് ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ. എല്ലാറ്റിനും ജീവൻ നല്കുന്ന ദൈവത്തിൻ്റെയും പന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ സത്യത്തിനു സാക്ഷ്യം നല്കിയ യേശുക്രിസ്തുവിന്റെയും സന്നിധിയിൽ നിന്നോടു ഞാൻ കല്പിക്കുന്നു: കർത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവുമായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. അവിടന്ന് മാത്രമാണ് മരണമില്ലാത്തവൻ. അപ്രാപ്യമായ പ്രകാശത്തിൽ വസിക്കുന്ന അവിടത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടത്തേക്കുള്ളതാണ്. ആമേൻ.
കർത്താവിന്റെ വചനം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (2 Cor 8:9).
അല്ലേലൂയാ !
അല്ലേലൂയാ! യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തൻ്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നരാകാൻവേണ്ടിത്തന്നെ അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (16:19-31)
(ജീവിതകാലത്ത് നിനക്കിഷ്ടമുള്ളതെല്ലാം നീ അനുഭവിച്ചെന്നും ലാസർ ദൗർഭാഗ്യം അനുഭവിച്ചെന്നും ഓർക്കുക)
അക്കാലത്ത്, ഈശോ ഫരിസേയരോട് അരുൾചെയ്തു. ഒരു ധനവാൻ ഉണ്ടായിരുന്നു. അവൻ ചെമന്നപട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതില്ക്കൽ ലാസർ എന്നൊരു ദരിദ്രൻ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു. ധനവാന്റെ മേശയിൽനിന്നു വീണിരുന്നവകൊണ്ടു വിശപ്പടക്കാൻ അവൻ ആഗ്രഹിച്ചു. നായ്ക്കൾ വന്ന് അവന്റെ വ്രണങ്ങൾ നക്കിയിരുന്നു. ആ ദരിദ്രൻ മരിച്ചു. ദൈവദൂതൻമാർ അവനെ അബ്രാഹത്തിന്റെ മടിയിലേക്കുസംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ണുകൾ ഉയർത്തിനോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു. അവൻ വിളിച്ചുപറഞ്ഞു: പിതാവായ അബ്രാഹമേ, എന്നിൽ കനിയണമേ! തൻറെ വിരല്ത്തുമ്പു വെള്ളത്തിൽ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്ക്ണമേ!
ഞാൻ ഈ അഗ്നിജ്ജ്വാലയിൽക്കിടന്ന് യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു: മകനേ, നീ ഓർമിക്കുക: നിനക്കു
ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ, കഷ്ടതകളും. ഇപ്പോൾ അവൻ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു വലിയ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെനിന്ന് നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കുകയില്ല. അപ്പോൾ അവൻ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എൻ്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാൻ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരൻമാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവൻ അവർക്കു സാക്ഷ്യം നല്കട്ടെ. അബ്രാഹം പറഞ്ഞു: അവർക്കു മോശയും പ്രവാചകൻമാരും ഉണ്ടല്ലോ. അവരുടെ വാക്കുകേൾക്കട്ടെ. ധനവാൻ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരിൽ ഒരുവൻ ചെന്നു പറഞ്ഞാൽ അവർ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകൻമാരും പറയുന്നത് അവർ കേൾക്കുന്നില്ലെങ്കിൽ മരിച്ചവരിൽനിന്ന് ഒരുവൻ ഉയിർത്താലും അവർക്കു ബോധ്യമാവുകയില്ല.




