ഒന്നാം വായന
ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (9 : 13 – 19)
(ദൈവതിരുമനസ്സെന്തെന്ന് ആർക്ക് ഊഹിക്കാൻ കഴിയും?)
ദൈവശാസനങ്ങൾ ആർക്കു ഗ്രഹിക്കാനാകും? കർത്താവിന്റെ ഹിതം തിരിച്ചറിയാൻ ആർക്കു കഴിയും? മർത്ത്യരുടെ ആലോചന നിസ്‌സാരമാണ്. ഞങ്ങളുടെ പദ്‌ധതികൾ പരാജയപ്പെടാം. നശ്വരശരീരം ആത്മാവിനു ദുർവഹമാണ്. ഈ കളിമൺ കൂടാരം ചിന്താശീലമുള്ള മനസ്‌സിനെ ഞെരുക്കുന്നു. ഭൂമിയിലെ കാര്യങ്ങൾ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താൻ: പിന്നെ ആകാശത്തിലുള്ള കാര്യങ്ങൾ കണ്ടെത്താൻ ആർക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്മാവിനെയും ഉന്നതത്തിൽനിന്നു നല്‌കിയില്ലെങ്കിൽ, അങ്ങയുടെ ഹിതം ആരറിയും! ജ്ഞാനം ഭൂവാസികളുടെ പാത നേരേയാക്കി, അങ്ങേക്കു പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു: അവർ രക്‌ഷിക്കപ്പെടുകയും ചെയ്തു
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (90 : 3-4, 5-6, 12-13, 14+17)
കർത്താവേ, അങ്ങ് തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
മനുഷ്യനെ അവിടന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിൻ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്‌ടിയിൽ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
കർത്താവേ, അങ്ങ് തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അവിടുന്നു മനുഷ്യനെ, ഉണരുമ്പോൾ മാഞ്ഞുപോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു; പ്രഭാതത്തിൽ മുളനീട്ടുന്ന പുല്ലുപോലെയാണവൻ. പ്രഭാതത്തിൽ അതു തഴച്ചുവളരുന്നു; സായാഹ്‌നത്തിൽ അത് വാടിക്കരിയുന്നു.
കർത്താവേ, അങ്ങ് തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂർണമാകട്ടെ! കർത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാൾ വൈകും? അങ്ങയുടെ ദാസരോട് അലിവു തോന്നണമേ!
കർത്താവേ, അങ്ങ് തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ. ഞങ്ങളുടെ ദൈവമായ കർത്താവിൻ്റെ കൃപ ഞങ്ങളുടെമേൽ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികൾ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികൾ സുസ്‌ഥിരമാക്കണമേ!
കർത്താവേ, അങ്ങ് തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലെമോന് എഴുതിയ
ലേഖനത്തിൽനിന്ന് 9b – 10,12-17)
(ഒരു ദാസനായല്ല, പ്രിയപ്പെട്ട ഒരു സഹോദരനായി സ്വീകരിക്കുക)
വാത്സല്യമുള്ളവനേ, പൗലോസായ ഞാൻ വൃദ്‌ധനും ഇപ്പോൾ യേശുക്രിസ്‌തുവിനെപ്രതി തടവുകാരനുമാണ്. എന്റെ പുത്രൻ ഒനേസിമോസിന്റെ കാര്യമാണു നിന്നോടു ഞാൻ അപേക്ഷിക്കുന്നത്. എന്റെ കാരാഗൃഹവാസകാലത്ത് ഞാൻ അവനു പിതാവായി. അവനെ നിൻ്റെ അടുത്തേക്കു ഞാൻ തിരിച്ചയയ്ക്കുന്നു. എന്റെ ഹൃദയം തന്നെയാണു ഞാൻ അയയ്ക്കുന്നത്. സുവിശേഷത്തെപ്രതിയുള്ള എന്റെ ബന്ധിതാവസ്ഥയിൽ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാൻ ഞാൻ അവനെ സന്തോഷപൂർവം എന്നോടൊപ്പം നിറുത്തുമായിരുന്നു. നിന്റെ ഔദാര്യം നിർബന്‌ധത്താലാകാതെ സ്വതന്ത്രമനസ്‌സാൽ ആകുന്നതിനാണ് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്. അല്‌പകാലത്തേക്ക് അവൻ നിന്നിൽനിന്നു വേർപിരിഞ്ഞത്, ഒരുപക്ഷേ, നിത്യമായി അവനെ നിനക്കു തിരിച്ചു കിട്ടുന്നതിനായിരിക്കാം. ഇനി ഒരു ദാസനായല്ല, അതിലുപരി, ലൗകികമായും കർത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു. അതുകൊണ്ട്, നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കിൽ, എന്നെപ്പോലെ അവനെയും സ്വീകരിക്കുക.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Ps. 119: 135).
അല്ലേലൂയാ !
അല്ലേലൂയാ! ഈ ദാസന്റെ മേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ, അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പി ക്കണമേ – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (14:25-33)
(തനിക്കുള്ളതെല്ലാം പരിത്യജിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനായിരിക്കുക സാധ്യമല്ല)
അക്കാലത്ത്, വലിയ ജനക്കൂട്ടങ്ങൾ അവന്റെ അടുത്തു വന്നു. അവൻ തിരിഞ്ഞ് അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരൻമാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആർക്കും എന്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലേ വരുന്നവന് എന്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല. ഗോപുരം പണിയാൻ ഇച്‌ഛിക്കുമ്പോൾ, അതു പൂർത്തിയാക്കാൻവേണ്ട വക തനിക്കുണ്ടോ എന്ന് അതിന്റെ ചെലവ് ആദ്യം തന്നെ കണക്കുകൂട്ടി നോക്കാത്തവൻ നിങ്ങളിൽ ആരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അടിത്തറ കെട്ടിക്കഴിഞ്ഞ് പണിമുഴുവനാക്കാൻ കഴിയാതെ വരുമ്പോൾ, കാണുന്ന വരെല്ലാം അവനെ ആക്ഷേപിക്കും. അവർ പറയും: ഈ മനുഷ്യൻ പണി ആരംഭിച്ചു; പക്ഷേ, പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, ഇരുപതിനായിരം ഭടൻമാരോടുകൂടെ തനിക്കെതിരേ വരുന്നവനെ പതിനായിരം കൊണ്ടു നേരിടാൻ സാധിക്കുമോ എന്ന് ആദ്യമേ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്‌ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കിൽ, അവൻ ദൂരത്തായിരിക്കുമ്പോൾത്തന്നെ ദൂതൻമാരെ അയച്ച്, സമാധാനത്തിന് അപേക്‌ഷിക്കും. ഇതുപോലെ, തനിക്കു ള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാർക്കും എന്റെ ശിഷ്യനാവുക സാധ്യമല്ല.




