Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 24 വചനവായന

ജനുവരി 24 ശനി

ഒന്നാം വായന

സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന്

(യുദ്‌ധത്തിൽ ശക്തൻമാർ വീണതെങ്ങനെ?)

സാവുളിൻെറ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്ന് സിക്‌ലാഗിൽ രണ്ടുദിവസം പാർത്തു. മൂന്നാംദിവസം സാവൂളിന്റെ പാളയത്തിൽനിന്ന് ഒരാൾ വസ്ത്രം കീറിക്കൊണ്ടും തലയിൽ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു. നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേൽ പാളയത്തിൽ നിന്ന് ഞാൻ ഓടിപ്പോന്നിരിക്കയാണ് എന്ന് അവൻ മറുപടി നല്‌കി. ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവൻ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. ഒട്ടേറെപ്പേർ മരിച്ചുവീണു. സാവുളും മകൻ ജോനാഥാനും കൊല്ലപ്പെട്ടു.

അപ്പോൾ, ദാവീദ് ദുഃഖാതിരേകത്താൽ വസ്ത്രം കീറി. കൂടെയുള്ളവരും അങ്ങനെ ചെയ്‌തു. സാവൂളും മകൻ ജോനാഥാനും കർത്താവിന്റെ ജനമായ ഇസ്രായേൽകുടുംബാംഗങ്ങളും യുദ്‌ധത്തിൽ കൊല്ലപ്പെട്ടതിനാൽ അവർ ദുഃഖിച്ച് വിലപിക്കുകയും സന്‌ധ്യവരെ ഉപവസിക്കുകയും ചെയ്തു.

ദാവീദ് പറഞ്ഞു: ഇസ്രായേലേ, നിൻ്റെ മഹത്ത്വം നിന്റെ ഗിരികളിൽ നിഹതമായി ശക്തൻമാർ നിപതിച്ചതെങ്ങനെ? ഗത്തിൽ ഇതു പറയരുത്. സാവൂളും ജോനാഥാനും പ്രിയരും പ്രാണപ്രിയരും ജീവിതത്തിലും മരണത്തിലും അവർ വേർപിരിഞ്ഞില്ല. കഴുകനെക്കാൾ വേഗമുള്ളവർ! സിംഹത്തെക്കാൾ ബലമുള്ളവർ! ഇസ്രായേൽ പുത്രിമാരേ, സാവൂളിനെച്ചൊല്ലി കരയുവിൻ. അവൻ നിങ്ങളെ മോടിയായി കടും ചെമപ്പുടുപ്പിച്ചു; ആടകളിൽ പൊന്നാഭരണമണിയിച്ചു. യുദ്‌ധത്തിൽ ശക്തൻമാർ വിണതെങ്ങനെ? നിൻെറ ഗിരികളിൽ ജോനാഥാൻ വധിക്കപ്പെട്ടു കിടക്കുന്നു. സോദരാ, ജോനാഥാൻ, നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്‌സലനായിരുന്നു; എന്നോടുള്ള നിൻ്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ അഗാധമായിരുന്നു. ശക്‌തൻമാർ വീണുപോയതും ആയുധങ്ങൾ തകർന്നുപോയതുമെങ്ങനെ?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!

ഇസ്രായേലിൻെറ ഇടയനേ, ആട്ടിൻകൂട്ടത്തെപ്പോലെ ജോസഫിനെ നയിക്കുന്നവനേ, ചെവിക്കൊള്ളണമേ! കെരൂബുകളിൻമേൽ വസിക്കുന്നവനേ, പ്രകാശിക്കണമേ! എഫ്രായിമിനും ബെഞ്ചമിനും മനാസ്സെക്കും അങ്ങയെത്തന്നെ വെളിപ്പെടുത്തണമേ! ഉണർന്ന ശക്‌തിയോടെ ഞങ്ങളെ രക്ഷിക്കാൻ വരണമേ!

ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ!

സൈന്യങ്ങളുടെ ദൈവമായ കർത്താവേ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനകൾ എത്രനാൾ അങ്ങു കേൾക്കാതിരിക്കും?അങ്ങ് അവർക്കു ദുഃഖം ആഹാരമായി നല്‌കി; അവരെ അളവില്ലാതെ കണ്ണീർ കുടിപ്പിച്ചു അങ്ങു ഞങ്ങളെ അയല്ക്കാർക്കു നിന്ദാപാത്രമാക്കി; ഞങ്ങളുടെ ശത്രുക്കൾ പരിഹസിച്ചു ചിരിക്കുന്നു.

ദൈവമേ, അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങൾ രക്ഷപെടുകയും ചെയ്യട്ടെ!

അല്ലേലൂയാ !

അല്ലേലൂയാ! കർത്താവേ, അങ്ങയുടെ പുത്രന്റെ വചനങ്ങൾ സ്വീകരിക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോടൊപ്പം ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്കു കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ട‌പ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.