ജനുവരി 23 വെള്ളി
ഒന്നാം വായന
സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(അവനെതിരേ ഞാൻ കൈയുയർത്തുകയില്ല. എന്തുകൊണ്ടെന്നാൽ, അവൻ കർത്താവിൻ്റെ അഭിഷിക്തനാണ്)
അക്കാലത്ത്, സാവൂൾ വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു ഗുഹയിൽ വിസർജനത്തിനായി കടന്നു. അതേ ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുയായികളും ഒളിച്ചിരുന്നത്. ദാവീദിനോട് അനുയായികൾ പറഞ്ഞു: ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏല്‌പിക്കും; നിനക്കിഷ്ടമുള്ളത് അവനോടു ചെയ്യാം എന്നു കർത്താവ് അങ്ങയോടു പറഞ്ഞിരുന്ന ആ ദിവസം ഇതാണ്. ദാവീദ് എഴുന്നേറ്റ് സാവൂളിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. അതോർത്ത് അവൻ പിന്നീട് വ്യസനിച്ചു. അവൻ അനുയായികളോടു പറഞ്ഞു: എന്റെ യജമാനനെതിരേ കൈയുയർത്താൻ അവിടന്ന് ഇടവരുത്താതിരിക്കട്ടെ, എന്തെന്നാൽ, അവൻ കർത്താവിന്റെ അഭിഷിക്തനാണ്. ഇങ്ങനെ പറഞ്ഞ് ദാവീദ് തന്റെ അനുയായികളുടെമേൽ നിയന്ത്രണം ചെലുത്തി; സാവൂളിനെ ആക്രമിക്കാൻ അനുവദിച്ചില്ല. സാവൂൾ ഗുഹയിൽ നിന്നിറങ്ങി തൻ്റെ വഴിക്കു പോയി.
ദാവീദും ഗുഹയിൽനിന്നു പുറത്തിറങ്ങി, എന്റെ യജമാനനായ രാജാവേ എന്നു സാവൂളിനെ പുറകിൽനിന്നു വിളിച്ചു. സാവൂൾ തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണു വിധേയത്വം കാണിച്ചു. അവൻ സാവൂളിനോടു ചോദിച്ചു: ദാവീദ് അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകൾ അങ്ങു കേൾക്കുന്നതെന്തിന്? കർത്താവ് ഇന്ന് ഈ ഗുഹയിൽവച്ച് അങ്ങയെ എന്റെ കൈയിൽ ഏല്‌പിച്ചതെങ്ങനെയെന്ന് അങ്ങുതന്നെ കണ്ടില്ലേ? അങ്ങയെ കൊല്ലണമെന്നു ചിലർ പറഞ്ഞെങ്കിലും ഞാനതു ചെയ്തില്ല എന്റെ യജമാനനെതിരേ ഞാൻ കൈയുയർത്തുകയില്ല. അങ്ങു കർത്താവിന്റെ അഭിഷിക്തനാണെന്നു ഞാൻ അവരോടു പറഞ്ഞു. എന്റെ പിതാവേ, ഇതാ, എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം. ഞാൻ അതിന്റെ അറ്റം മുറിക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ ദ്രോഹിയോ തെറ്റുകാരനോ അല്ലെന്ന് അങ്ങ് അറിഞ്ഞാലും. ഞാൻ അങ്ങേക്കെതിരേ തെറ്റുചെയ്‌തിട്ടില്ല. എന്നിട്ടും അങ്ങ് എന്റെ ജീവൻ അപഹരിക്കാൻ അവസരം തേടി നടക്കുന്നു. നാമിരുവർക്കുമിടയിൽ കർത്താവു ന്യായം വിധിക്കട്ടെ! കർത്താവ് എനിക്കുവേണ്ടി അങ്ങയോടു പ്രതികാരം ചെയ്യട്ടെ! എൻെറ കരം അങ്ങയുടെമേൽ പതിക്കുകയില്ല. ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നുവെന്നാണല്ലോ പഴ മൊഴി; അങ്ങയുടെമേൽ എന്റെ കൈ പതിക്കുകയില്ല. ആരെ ത്തേടിയാണ് ഇസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത് ? ആരെയാണ് അങ്ങ് അനുധാവനം ചെയ്യുന്നത്? ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ? വിധിയാളനായ കർത്താവ് എന്നെയും അങ്ങയെയും വിധിക്കട്ടെ! അവിടന്ന് എന്നെ പരിശോധിച്ച് അങ്ങയുടെ കൈയിൽനിന്നു രക്ഷിക്കട്ടെ
ദാവീദ് സാവൂളിനോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവൻ എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. അവൻ ദാവീദിനോടു പറഞ്ഞു: നീ എന്നെക്കാൾ നീതിമാനാണ്; ഞാൻ നിനക്കു ചെയ്ത തിൻമയ്ക്കു പകരം നീ നൻമ ചെയ്തിരിക്കുന്നു. കർത്താവ് എന്നെ നിന്റെ കൈയിൽ ഏല്പ്‌പിച്ചിട്ടും നീ എന്നെ കൊല്ലാതെ വിട്ട് എന്നോട് എങ്ങനെ പെരുമാറിയെന്ന് ഇന്നു നീ കാണിച്ചു തന്നു. ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും വെറുതെ വിടുമോ? ഇന്നു നീ എനിക്കു ചെയ്ത് നൻമയ്ക്ക് കർത്താവ് നിനക്കു നൻമ ചെയ്യട്ടെ! നീ തീർച്ചയായും രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്നിൽ സ്‌ഥിരപ്പെടുമെന്നും എനിക്കറിയാം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ! അങ്ങിലാണു ഞാൻ അഭയം തേടുന്നത്; വിനാശത്തിന്റെ കൊടുങ്കാറ്റു കടന്നുപോകുവോളം ഞാൻ അങ്ങയുടെ ചിറകിൻകീഴിൽ ശരണം പ്രാപിക്കുന്നു.
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാം ചെയ്‌തുതരുന്ന ദൈവത്തെത്തന്നെ. അവിടന്നു സ്വർഗത്തിൽ നിന്നു സഹായമയച്ച് എന്നെരക്ഷിക്കും, എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടന്നു ലജ്ജിപ്പിക്കും; ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും.
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
ദൈവമേ, അങ്ങ് ആകാശത്തിനുമേൽ ഉയർന്നു നില്ക്കണമേ; അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ! അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്തത മേഘങ്ങളോളവും വലുതാണ്.
എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപ തോന്നണമേ!
അല്ലേലുയാ !
അല്ലേലൂയാ! ദൈവം രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പ്‌പിച്ചുകൊണ്ട് ക്രിസ്‌തുവഴി ലോകത്തെ തന്നോട് രമ്യതപ്പെടുത്തുകയായിരുന്നു. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(തനിക്ക് ഇഷ്ടമുള്ളവരെ തടുത്തേക്കു വിളിച്ചു:അവർ അവന്റെ സമീപത്തേക്കു ചെന്നു.)
അക്കാലത്ത്, യേശു ഒരു മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവർ അവന്റെ സമീപത്തേക്കു ചെന്നു. തന്നോടുകൂടെ ആയിരിക്കുന്നതിനും പ്രസംഗിക്കാൻ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാൻ അധികാരം നല്‌കുന്നതിനുമായി അവൻ പന്ത്രണ്ടുപേരെ നിയോഗിച്ചു. അവർ, പത്രോസ് എന്ന് അവൻ പേരു നല്‌കിയ ശിമയോൻ, ഇടിമുഴക്കത്തിന്റെ പുത്രൻമാർ എന്നർഥമുള്ള ബൊവ നെർഗെസ് എന്നു പേരു നല്‌കിയ സെബദീപുത്രൻമാരായ യാക്കോബും സഹോദരൻ യോഹന്നാനും, അന്ത്രയോസ്, പീലിപ്പോസ്, ബർത്തലോമിയോ, മത്തായി, തോമസ്, ഹൽപൈയുടെ പുത്രൻ യാക്കോബ്, തദേവൂസ്, കാനാൻകാരനായ ശിമയോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്‌കറിയോത്താ.




