Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 22 വചനവായന

ജനുവരി 22 വ്യാഴം

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(എന്റെ പിതാവ് സാവൂൾ നിന്നെ കൊല്ലാൻ ശ്രെമിക്കുകയാണ് )

അക്കാലത്ത് ദാവീദ്, ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സ്ത്രീകൾ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു. അവർ സന്തോഷംകൊണ്ട് മതിമറന്നു പാടി: സാവൂൾ ആയിരങ്ങളെക്കൊന്നു; ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്‌ടപ്പെട്ടില്ല. കോപാകുലനായി അവൻ പറഞ്ഞു: അവർ ദാവീദിനു പതിനായിരങ്ങൾ കൊടുത്തു: എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് അവനു കിട്ടാനുള്ളത്? അന്നുമുതൽ സാവൂൾ ദാവീദിനെ സംശയദൃഷ്‌ടിയോടെ വീക്‌ഷിക്കാൻ തുടങ്ങി,

ദാവീദിനെ കൊന്നുകളയണമെന്നു സാവുൾ ജോനാഥാനോടും ഭ്യത്യൻമാരോടും കല്‌പിച്ചു. എന്നാൽ, സാവുളിൻെറ മകൻ ജോനാഥാൻ ദാവീദിനെ വളരെയധികം സ്നേഹിച്ചിരുന്നു. ജോനാഥാൻ ദാവീദിനോടു പറഞ്ഞു: എൻ്റെ പിതാവ് സാവൂൾ നിന്നെ കൊല്ലാൻ ശ്രമിക്കുകയാണ്. അതിനാൽ നാളെ രാവിലേ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക. നീ ഒളിച്ചിരിക്കുന്ന വയലിൽ വന്ന് എന്റെ പിതാവിനോട്നിന്നെപ്പറ്റി ഞാൻ സംസാരിക്കാം. എന്തെങ്കിലും അറിഞ്ഞാൽ നിന്നോടു പറയാം. ജോനാഥാൻ തന്റെ പിതാവ് സാവുളിനോട് ദാവീദിനെപ്പറ്റി നന്നായി സംസാരിച്ചു. അവൻ പറഞ്ഞു: ദാസനായ ദാവീദിനോട് രാജാവ് തിൻമ പ്രവർത്തിക്കരുതേ! അവൻ അങ്ങയോട് തിൻമ പ്രവർത്തിച്ചിട്ടില്ല. അവന്റെ പ്രവൃത്തികൾ അങ്ങേക്ക് ഗുണകരമായിരുന്നതേയുള്ളൂ. അവൻ സ്വജീവൻ അവഗണിച്ചുപോലും ഗോലിയാത്തിനെ വധിച്ചു; മഹത്തായ വിജയം കർത്താവ് ഇസ്രായേല്യർക്കു നല്‌കി. അതുകണ്ട് അങ്ങു സന്തോഷിച്ചതാണ്. അകാരണമായി ദാവീദിനെ കൊന്ന്, നിഷ്‌കളങ്ക രക്തം ചൊരിഞ്ഞ്, പാപം ചെയ്യുന്നതെന്തിന്? സാവൂൾ ജോനാഥാൻെറ വാക്കു കേട്ടു; ദാവീദിനെ കൊല്ലുകയില്ലെന്നു കർത്താവിന്റെ നാമത്തിൽ ശപഥം ചെയ്തു. ജോനാഥാൻ ദാവീദിനെ വിളിച്ച് ഇതറിയിച്ചു. അവൻ ദാവീദിനെ സാവൂളിന്റെ അടുക്കൽ കൊണ്ടുവന്നു. ദാവീദ് മുൻപത്തെപ്പോലെ അവനെ സേവിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.

ദൈവമേ, എന്നോടു കരുണ തോന്നണമേ! മനുഷ്യർ എന്നെ ചവിട്ടിമെതിക്കുന്നു; ദിവസം മുഴുവനും ശത്രുക്കൾ എന്നെ പീഡിപ്പിക്കുന്നു. ദിവസം മുഴുവനും എന്റെ ശത്രുക്കൾ എന്നെ ചവിട്ടിമെതിക്കുന്നു; അനേകർ എന്നോടു ഗർവോടെ യുദ്‌ധം ചെയ്യുന്നു.

ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.

അവിടന്ന് എന്റെ അലച്ചിലുകൾ എണ്ണിയിട്ടുണ്ട്. എന്റെ കണ്ണീർക്കണങ്ങൾ അങ്ങു കുപ്പിയിൽ ശേഖരിച്ചിട്ടുണ്ട്; അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ. ഞാൻ അങ്ങയെ വിളിച്ച പേക്ഷിക്കുമ്പോൾ എന്റെ ശത്രുക്കൾ പിന്തിരിയും.

ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.

ദൈവം എന്റെ പക്ഷത്താണെന്നു ഞാനറിയുന്നു. ഞാൻ ആരുടെ വചനം കീർത്തിക്കുന്നുവോ, ആ ദൈവത്തിൽ, ഞാൻ ആരുടെ വചനം പ്രകീർത്തിക്കുന്നുവോ, ആ കർത്താവിൽ, നിർഭയനായി ഞാൻ ആശ്രയിക്കും; മർത്ത്യന് എന്നോട് എന്തു ചെയ്യാൻ കഴിയും?

ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.

ദൈവമേ, അങ്ങേക്കുള്ള നേർച്ചകൾ നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. ഞാൻ അങ്ങേക്കു കൃതജ്ഞതാബലി അർപ്പിക്കും. ഞാൻ ദൈവസന്നിധിയിൽ ജീവൻ പ്രകാശത്തിൽ നടക്കേണ്ടതിന്, അവിടന്ന് എന്റെ ജീവൻ മരണത്തിൽനിന്നും, എന്റെ പാദങ്ങളെ വീഴ്‌ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.

ദൈവത്തിൽ നിർഭയനായി ഞാൻ ആശ്രയിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! നമ്മുടെ രക്ഷകനായ യേശുക്രിസ്തു മരണത്തെ ഇല്ലാതാക്കുകയും തന്റെ സുവിശേഷ ത്തിലൂടെ ജീവൻ വെളിപ്പെടുത്തുകയും ചെയ്തു. അല്ലേലൂയാ
സുവിശേഷം

മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അശുദ്ധാത്മാക്കൾ ‘അണു ദൈവപുത്രനാണ്’ എന്നു പറഞ്ഞിരുന്നു. എന്നാൽ താൻ ആരെന്ന് വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു കർശനമായ താക്കിതു നല്കി)

അക്കാലത്ത് യേശു ശിഷ്യൻമാരോടുകൂടെ കടല്ത്തീരത്തേക്കു പോയി. ഗലീലിയിൽനിന്ന് ഒരു വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. യൂദാ, ജറുസലേം, ഇദുമെയാ എന്നിവിടങ്ങളിൽ നിന്നും ജോർദാൻ മറുകരെനിന്നും ടയിർ, സീദോൻ എന്നിവ യുടെ പരിസരങ്ങളിൽനിന്നും ധാരാളം ആളുകൾ, അവന്റെ പ്രവ്യത്തികളെക്കുറിച്ചു കേട്ട്, അവന്റെ അടുത്തെത്തി. ആൾത്തിരക്കിൽപ്പെട്ടു ഞെരുങ്ങാതിരിക്കുന്നതിന്, അവൻ ശിഷ്യൻമാരോട് ഒരു വള്ളം ഒരുക്കിനിറുത്താൻ ആവശ്യപ്പെട്ടു. എന്തെന്നാൽ, അവൻ പലർക്കും രോഗശാന്തി നല്‌കിയതുമൂലം രോഗമുണ്ടായിരുന്നവരെല്ലാം അവനെ സ്പർശിക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ അവനെ കണ്ടപ്പോൾ അവന്റെ മുമ്പിൽ വീണ്, നീ ദൈവപുത്രനാണ് എന്നു വിളിച്ചുപറഞ്ഞു. തന്നെ വെളിപ്പെടുത്തരുതെന്ന് അവൻ അവക്കു കർശനമായ താക്കീതു നല്കി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.