ജനുവരി 26 തിങ്കൾ
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(എല്ലാവരും കക്‌ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് ആഗ്രഹിക്കുന്നത്)
പ്രിയമുള്ളവരേ, എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്‌ഥപ്രാർഥനകളും ഉപകാരസ്‌മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്‌തിയിലും വിശുദ്‌ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കൻമാർക്കും ഉന്നതസ്‌ഥാനീയർക്കും വേണ്ടിയും ഇപ്രകാരംതന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്‌ഷകനായ ദൈവത്തിന്റെ മുമ്പിൽ സ്വീകാര്യവുമത്രേ. എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാൽ, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേയുള്ളൂ – മനുഷ്യനായ യേശുക്രിസ്തു . അവൻ എല്ലാവർക്കുംവേണ്ടി തന്നെത്തന്നെ മോചന മൂല്യമായി നല്കി. അവൻ യഥാകാലം നല്കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവാണ് എന്റെ സങ്കേതവും കോട്ടയും.
അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവശക്തന്റെ തണലിൽ കഴിയുന്നവനും കർത്താവിനോട് എന്റെ സങ്കേതവും എൻ്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
കർത്താവാണ് എന്റെ സങ്കേതവും കോട്ടയും.
അവിടന്ന് നിന്നെ വേടൻ്റെ കെണിയിൽനിന്നും മാരകമായ മഹാമാരിയിൽനിന്നും രക്ഷിക്കും. തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറച്ചുകൊള്ളും; അവിടത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും; അവിടത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും.
കർത്താവാണ് എന്റെ സങ്കേതവും കോട്ടയും.
ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ. നിന്റെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചുവീണേക്കാം; നിൻെറ വലത്തുവശത്തു പതിനായിരങ്ങളും; എങ്കിലും, നിനക്ക് ഒരനർഥവും സംഭവിക്കുകയില്ല.
കർത്താവാണ് എന്റെ സങ്കേതവും കോട്ടയും.
നീ കർത്താവിൽ ആശ്രയിച്ചു; അത്യുന്നതനിൽ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിൻമയും ഭവിക്കുകയില്ല; ഒരനർഥവും നിന്റെ കൂടാരത്തെ സമീപിക്കുകയില്ല.
കർത്താവാണ് എന്റെ സങ്കേതവും കോട്ടയും.
അല്ലേലൂയാ !
അല്ലേലൂയാ! സ്നേഹത്തിൽ സത്യം പറഞ്ഞു കൊണ്ട് ശിരസ്‌സായ ക്രിസ്‌തുവിലേക്ക് എല്ലാവിധത്തിലും നാം വളരേണ്ടിയിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വന്തന്ത്രരാക്കുകയും ചെയ്യും.
അക്കാലത്ത്, തന്നിൽ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തിൽ നിലനില്ക്കുമെങ്കിൽ നിങ്ങൾ യഥാർഥത്തിൽ എന്റെ ശിഷ്യരാണ്. നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. അവർ അവനോടു പറഞ്ഞു: ഞങ്ങൾ അബ്രാഹത്തിന്റെ സന്തതികളാണ്. ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങൾ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവൻ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തിൽ വസിക്കുന്നില്ല. പുത്രനാകട്ടെ, എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.




