Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : വെള്ളി നവംബർ – 21 വചന വായന

ഒന്നാം വായന

മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (4:36-37, 52–59)

(അവർ ബലിപീഠത്തിൻ്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ലാദപൂർവം ദഹനബലികളർപ്പിച്ചു)

അക്കാലത്ത്, യൂദാസും സഹോദരൻമാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കൾ തോല്‌പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്‌ധസ്ഥലം വിശുദ്‌ധീകരിച്ചു പ്രതിഷ്‌ഠിക്കാം. സൈന്യത്തെ മുഴുവൻ വിളിച്ചുകൂട്ടി അവർ സീയോൻമലയിൽ കയറിച്ചെന്നു. നൂറ്റിനാല്‌പത്തിയെട്ടാം വർഷം ഒൻപതാംമാസമായ കിലേവിന്റെ ഇരുപത്തഞ്ചാംദിവസം അവർ അതിരാവിലേ ഉണർന്ന്, പുതുതായി പണിത ദഹനബലിപീഠത്തിൻമേൽ വിധിപ്രകാരം ബലിയർപ്പിച്ചു. വിജാതീയർ ബലിപീഠം അശുദ്‌ധമാക്കിയതിന്റെ വാർഷികദിവസത്തിൽത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടും കൂടെ അവർ അതിന്റെ പുനഃപ്രതിഷ്ഠ നടത്തി. തങ്ങൾക്കു വിജയം നേടിത്തന്ന ദൈവത്തെ ജനങ്ങളെല്ലാവരും സാഷ്ടാഗംവീണ് ആരാധിക്കുകയും സ്‌തുതിക്കുകയും ചെയ്തു. എട്ടു ദിവസത്തേക്ക് അവർ ബലിപീഠത്തിന്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ലാദപൂർവം ദഹനബലികളർപ്പിച്ചു. മോചനത്തിന്റെയും സ്‌തുതിയുടേതുമായ ഒരു ബലിയും അവർ അർപ്പിച്ചു. ദേവാലയത്തിൻ്റെ മുൻവശം സ്വർണമകുടങ്ങളും പരിചകളുംകൊണ്ട് അലങ്കരിച്ചു; വാതിലുകൾ പുനരുദ്‌ധരിക്കുകയും പുരോഹിതൻമാരുടെ മുറികൾ നന്നാക്കി അവയ്ക്കു കതകുകൾ പിടിപ്പിക്കുകയും ചെയ്തു. ജനങ്ങളിൽ ആഹ്ലാദം തിരതല്ലി. വിജാതീയരുടെ പരിഹാസത്തിന് അറുതിവന്നു. ആണ്ടുതോറും കി‌സ്ലേവ് മാസത്തിന്റെ ഇരുപത്തഞ്ചാം ദിവസം മുതൽ എട്ടു ദിവസത്തേക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും കൂടെ ബലിപീഠപ്രതിഷ്ഠയുടെ ഓർമ ആചരിക്കണമെന്ന് യൂദാസും സഹോദരൻമാരും ഇസ്രായേൽ സമുഹവും കൂടി തീരുമാനിച്ചു.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (1) ๓๓ 29 : 10, 11abc, 11d-12a, 12bcd)

കർത്താവേ, അങ്ങയുടെ മഹത്ത്വമുള്ള നാമം ഞങ്ങൾ സ്തുതിക്കുന്നു.

ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ കർത്താവേ, അങ്ങ് എന്നേക്കും വാഴ്ത്തപ്പെട്ടവൻ.

കർത്താവേ, അങ്ങയുടെ മഹത്ത്വമുള്ള നാമം ഞങ്ങൾ സ്തുതിക്കുന്നു.

കർത്താവേ, മഹത്ത്വവും ശക്തിയും മഹിമയും വിജയവും ഔന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയി ലുമുള്ളതെല്ലാം അങ്ങയുടേത്. കർത്താവേ, രാജ്യം അങ്ങയു ടേത്.

കർത്താവേ, അങ്ങയുടെ മഹത്ത്വമുള്ള നാമം ഞങ്ങൾ സ്തുതിക്കുന്നു.

അങ്ങ് എല്ലാറ്റിന്റെയും അധീശനായി സ്‌തുതിക്കപ്പെടുന്നു. സമ്പത്തും ബഹുമാനവും അങ്ങാണു നല്കുന്നത്.

കർത്താവേ, അങ്ങയുടെ മഹത്ത്വമുള്ള നാമം ഞങ്ങൾ സ്തുതിക്കുന്നു.

അങ്ങ് സമസ്‌തവും ഭരിക്കുന്നു. അധികാരവും ശക്തിയും അങ്ങേക്ക് അധീനമായിരിക്കുന്നു. എല്ലാവരെയും ശക്തരും ഉന്നതൻമാരുമാക്കുന്നത് അങ്ങാണ്.

കർത്താവേ, അങ്ങയുടെ മഹത്ത്വമുള്ള നാമം ഞങ്ങൾ സ്തുതിക്കുന്നു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (യോഹ 10:27).

അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: എന്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (19:45-48)

(ദൈവത്തിൻ്റെ ഭവനം നിങ്ങൾ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു)

അക്കാലത്ത്, യേശു ദേവാലയത്തിൽ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാൻ തുടങ്ങി. അവൻ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാർഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ, അതിനെ കവർച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.

യേശു ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖൻമാരും നിയമജ്‌ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാൻ മാർഗം അന്വേഷിച്ചുകൊണ്ടിരുന്നു. എന്നാൽ, അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളിൽ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.